ഇനിയും പാഠം പഠിക്കാത്ത എസ്എഫ്ഐ; എങ്ങനെ തിരുത്തണമെന്ന് അറിയാതെ സിപിഎം
പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി ജെഎസ് സിദ്ധാര്‍ത്ഥന്റെ മരണശേഷവും സംസ്ഥാനത്തെ കാമ്പസുകള്‍ക്കുള്ളില്‍ വീണ്ടും എസ്എഫ്‌ഐ
അതിക്രമമെന്ന് ആരോപണം. ഇന്നലെ രാത്രി കേരള സര്‍വകലാശാലയുടെ തിരുവനന്തപുരം കാര്യവട്ടം കാമ്പസില്‍ കെഎസ്‌യു നേതാവിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അതിക്രൂരമായി ഇടിമുറിയിലിട്ട് മര്‍ദ്ദിച്ചുവെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇന്നലെ കോഴിക്കോട്- കൊയിലാണ്ടി ഗുരുദേവ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് പ്രിന്‍സിപ്പലിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവവും ദൃശ്യങ്ങള്‍ സഹിതം പുറത്തുവന്നിട്ടുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് സര്‍ക്കാരിനും എല്‍ഡിഎഫിനുമെതിരെ എസ്എഫ്‌ഐയുടെ അതിക്രമങ്ങളും സിദ്ധാര്‍ത്ഥന്റ കൊലപാതകവും വലിയ തോതില്‍ പ്രതിപക്ഷം ആയുധമാക്കിയിരുന്നു. തെറ്റുതിരുത്തി മുന്നോട്ടുപോകും എന്ന് സിപിഎം ആവര്‍ത്തിച്ച് പറയുമ്പോഴും വിദ്യാര്‍ത്ഥി സംഘടനയില്‍ പോലും ഇത് ആരംഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ സംഭവങ്ങള്‍.
ഈ വര്‍ഷം ഫെബ്രുവരി 18നാണ് കേരള വെറ്ററിനറി സിദ്ധാര്‍ത്ഥനെ വയനാട് പൂക്കോട് ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സിദ്ധാര്‍ത്ഥന് എസ്എഫ്‌ഐക്കാരായ വിദ്യാര്‍ത്ഥികളില്‍ നിന്ന് അതിക്രൂരമായ മര്‍ദ്ദനം ഏറ്റുവെന്ന് സിബിഐയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ക്രൂരമായി മര്‍ദ്ദിക്കുകയും പൊതു വിചാരണയ്ക്ക് വിധേയനാക്കുകയും വൈദ്യസഹായം നിഷേധിക്കുകയും ചെയ്തതായാണ് സിബിഐയുടെ അന്തിമ റിപ്പോര്‍ട്ട്. ഈ മരണത്തിന്റെ അലയൊലികള്‍ കെട്ടടങ്ങുന്നതിന് മുമ്പ് തന്നെ കാംപസുകളില്‍ വീണ്ടും കൊലവിളികള്‍ ഉയരുന്ന വാര്‍ത്തകളാണ് കേരളം കേട്ടു കൊണ്ടിരിക്കുന്നത്.
കെഎസ്‌യു ജില്ലാ ജോയിന്റ് സെക്രട്ടറിയും കാര്യവട്ടം കാംപസിലെ എംഎ മലയാളം വിദ്യാര്‍ത്ഥിയുമായ സാഞ്ചോസിനെയാണ് ഇന്നലെ മര്‍ദ്ദിച്ച് അവശനാക്കിയത്. ഇയാള്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇടിമുറിയില്‍ കൊണ്ടുപോയി തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് സാഞ്ചോസ് പറയുന്നത്. മര്‍ദ്ദനവിവരം ആരെയെങ്കിലും അറിയിച്ചാല്‍ കൊന്നുകളയുമെന്ന് എസ്എഫ്‌ഐക്കാര്‍ ഭീഷണിപ്പെടുത്തിയതായി സാഞ്ചോസ് പറയുന്നു. ഇരു സംഘടനാ നേതാക്കള്‍ക്കുമെതിരെയും ശ്രീകാര്യം പോലീസ് കേസെടുത്തിട്ടുണ്ട്. കാമ്പസിലെ ഇടിമുറിയെക്കുറിച്ച് അന്വേഷിക്കാന്‍ വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മല്‍ ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രജിസ്ട്രാര്‍ക്ക് കേരള സര്‍വകലാശാല വിസി നിര്‍ദേശം നല്‍കി. അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
കെഎസ്‌യു നേതാവിനെ മര്‍ദ്ദിച്ച വിവരം അന്വേഷിച്ച് ശ്രീകാര്യം പോലീസ് സ്റ്റേഷനിലെത്തിയ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ചാണ്ടി ഉമ്മന്‍, എം വിന്‍സെന്റ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 20 കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തു. പോലീസുകാരന് നേര്‍ക്ക് കല്ലെറിഞ്ഞെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും എഫ്‌ഐആറിലുണ്ട്. എംഎല്‍എമാരുടെ നേതൃത്വത്തിലായിരുന്നു ഇന്നലെ രാത്രി സ്റ്റേഷന്‍ ഉപരോധം നടന്നത്. കാര്യവട്ടം ക്യാമ്പസിലെ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായായിരുന്നു ഉപരോധം. ഉപരോധത്തിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി എം വിന്‍സെന്റ് എംഎല്‍എയെ കൈയ്യേറ്റം ചെയ്തുവെന്നും പരാതിയുണ്ട്.
കൊയിലാണ്ടി ഗുരുദേവ കോളജില്‍ ബിരുദ ക്ലാസുകളിലേക്കുള്ള അഡ്മിഷന്‍ നടക്കുന്നതിനിടയിലാണ് സംഘര്‍ഷമുണ്ടായത്. ഡിഗ്രി പ്രവേശനവുമായി ബന്ധപ്പെട്ട് ഹെല്‍പ്പ് ഡെസ്‌ക് ഇടുന്നതിലെ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. എസ്എഫ്ഐ പ്രവര്‍ത്തകരും കോളജ് പ്രിന്‍സിപ്പലും തമ്മിലുള്ള വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പ്രിന്‍സിപ്പല്‍ സുനില്‍ ഭാസ്‌കറിന്റെ കൈയ്ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.
അധ്യാപകര്‍ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് എസ്എഫ്ഐ പ്രവര്‍ത്തകരായ വിദ്യാര്‍ഥികളും രംഗത്തെത്തി. അഡ്മിഷനുമായി ബന്ധപ്പെട്ട് ഹെല്‍പ്പ് ഡെസ്‌ക് ഇടാന്‍ അനുവാദം ചോദിച്ചെത്തിയ ഏരിയാ പ്രസിഡന്റിനെ പ്രിന്‍സിപ്പല്‍ മര്‍ദിച്ചെന്നാണ് എസ്എഫ്ഐ പറയുന്നത്. എസ്എഫ്ഐ കൊയിലാണ്ടി ഏരിയാ പ്രസിഡന്റ് അഭിനവ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. തന്റെ കര്‍ണപുടം പൊട്ടിയെന്നാണ് അഭിനവ് പറയുന്നത്. എസ്എഫ്‌ഐക്കാരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചില്‍ പ്രിന്‍സിപ്പലിനെതിരെ കൊലവിളി നടത്തിയതും വിവാദമായിരിക്കുകയാണ്.
അധ്യാപകന്‍ രണ്ട് കാലില്‍ കോളജില്‍ കയറില്ലെന്ന് എസ്എഫ്ഐ ഏരിയാ സെക്രട്ടറി നവതേജ് പറഞ്ഞു. പറഞ്ഞത് ചെയ്യാനുള്ള കഴിവ് എസ്എഫ്ഐക്കുണ്ട്. അധ്യാപകരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എസ്എഫ്ഐക്ക് അറിയാം. ഇപ്പോള്‍ സംയമനം പാലിക്കുകയാണ്. പ്രിന്‍സിപ്പലിനെ അടിച്ച് ആശുപത്രിയിലാക്കാന്‍ തീരുമാനിച്ചിട്ടില്ല. അങ്ങനെ ഒരു തീരുമാനം എടുത്തിരുന്നെങ്കില്‍ അത് ചെയ്തേനെയെന്നും നവതേജ് മാധ്യമങ്ങള്‍ക്കു മുന്നില്‍ പറഞ്ഞിരുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാല് വിദ്യാര്‍ത്ഥികളെ ഗുരുദേവ കോളജ് മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here