കെഎസ്‌ഐഡിസിയില്‍ എസ്എഫ്‌ഐഒ പരിശോധന; മാസപ്പടി അന്വേഷണം പൊതുമേഖല സ്ഥാപനത്തിലേക്ക്; അതിവേഗ നീക്കവുമായി കേന്ദ്ര ഏജന്‍സികള്‍

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ മാസപ്പടി വിവാദത്തില്‍ പൊതുമേഖല സ്ഥാപനത്തില്‍ കേന്ദ്രസംഘത്തിന്റെ പരിശോധന. പൊതുമേഖല സ്ഥാപനമായ കെഎസ്‌ഐഡിസിയുടെ തിരുവനന്തപുരത്തെ ഓഫീസിലാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്‌ഐഒ) പരിശോധന നടത്തുന്നത്. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ 13.4 ശതമാനം ഓഹരി പങ്കാളിത്തമുളള പൊതുമേഖലാ സ്ഥാപനമാണ് കെഎസ്‌ഐഡിസി. നല്‍കാത്ത സേവനത്തിന് വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക്ക് പണം കൈപ്പറ്റിയെന്നതാണ് എസ്എഫ്‌ഐഒ അന്വേഷിക്കുന്നത്. എസ്എഫ്‌ഐഒ ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെ സംഘമാണ് പരിശോധന നടത്തുന്നത്. സിഎംആര്‍എല്ലില്‍ രണ്ട് ദിവസം പരിശോധന നടത്തിയതിന് ശേഷമാണ് സംഘം പൊതുമേഖല സ്ഥാപനത്തിലെത്തിയത്.
എക്‌സാലോജിക്-സിഎംആര്‍ഇല്‍ ഇടപാടില്‍ ക്രമക്കേടുണ്ടെന്ന് ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയിരുന്നു. പിന്നാലെ കരാറില്‍ ആര്‍ഒസിയും ഗുരുതര ക്രമക്കേട് കണ്ടെത്തി. ഇതോടെയാണ് അന്വേഷണം കേന്ദ്രസര്‍ക്കാര്‍ എസ്എഫ്‌ഐഒയെ ഏല്‍പ്പിച്ചത്. കരാറുമായി ബന്ധപ്പെട്ട് രണ്ട് സ്ഥാപനങ്ങളിലും പരിശോധന പൂര്‍ത്തിയാക്കിയ സംഘം ഉടന്‍ തന്നെ എക്‌സാലോജിക്കിലേക്ക് എത്തുമെന്നാണ് സൂചന.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here