വീണയ്ക്ക് പ്രതിരോധവുമായി എ.കെ.ബാലൻ; “ഹര്‍ജി സാധാരണം, എസ്എഫ്ഐഒ അന്വേഷണത്തില്‍ കുടുങ്ങുക യുഡിഎഫ്”
തിരുവനന്തപുരം: എക്സാലോജിക്കിലെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷണത്തിനെതിരെ വീണ വിജയന്‍ കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതില്‍ പ്രതികരണവുമായി സിപിഎം നേതാവ് എ.കെ.ബാലന്‍ രംഗത്തെത്തി. വീണ വിജയന്‍ ഹര്‍ജി നല്‍കിയത് സാധാരണ നടപടിയാണ്. രാഷ്ട്രീയ നേതാക്കള്‍ എല്ലാം സിഎംആര്‍എല്ലില്‍ നിന്നും പണം വാങ്ങിയിട്ടുണ്ട്. കുടുങ്ങാന്‍ പോകുന്നത് യുഡിഎഫ് ആണെന്നും ബാലന്‍ പറഞ്ഞു.
“വീണ വിജയന് എതിരെയുള്ളത് വാങ്ങിയ കാശിന് സേവനം നല്‍കിയില്ലെന്ന ആരോപണമാണ്. ഒരു കോടി എഴുപത്തിരണ്ട് ലക്ഷത്തിന് വീണ സര്‍വീസ് കൊടുത്തിട്ടില്ലെന്ന ആരോപണമാണ് വന്നത്. ഈ കേസ് ഒരു സ്ഥാപനത്തിലും ഇപ്പോഴില്ല.. അത് ഏജന്‍സികള്‍ അന്വേഷിക്കട്ടെ. സിഎംആര്‍എല്ലിന് പരാതിയില്ല. ആദായനികുതി ഇൻ്ററിം സെറ്റില്‍മെന്റ് ബോര്‍ഡില്‍ ഈ പ്രശ്നം വന്ന സമയത്ത് പ്രോസിക്യൂഷന്‍ നടപടികളില്‍ നിന്നും സിഎംആര്‍എല്ലിനെ ബോര്‍ഡ് ഒഴിവാക്കിയിട്ടുണ്ട്. ഇപ്പോള്‍ അന്വേഷിക്കുന്ന ഏജന്‍സികള്‍ ആ സമയത്ത് എന്തുകൊണ്ടാണ് ആദായനികുതി ഇൻ്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന് മുന്നില്‍ പ്രശ്നങ്ങള്‍ അവതരിപ്പിക്കാതിരുന്നത്.”
“പി.സി.ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് ഈ കേസ് സീരിയസ് ഫ്രോഡ് ഓഫീസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. എസ്എഫ്ഐഒ അന്വേഷണം വേണ്ടതില്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്. കമ്പനി നിയമത്തിന്‍റെ ലംഘനമുണ്ടോ എന്ന് പരിശോധിക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. കേസ് തള്ളുകയും ചെയ്തു. തുടര്‍ന്ന് ഷോണ്‍ ജോര്‍ജ് വീണ്ടും ഹര്‍ജി നല്‍കി. ആ കേസാണ് 12ന് ഹൈക്കോടതി പരിഗണിക്കുന്നത്. അതിനിടയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇടപെടലിന്റെ ഭാഗമായി എസ്എഫ്ഐഒ അന്വേഷണം വന്നത്. ഇതിനേക്കാൾ അപ്പുറമുള്ള കേസ് വന്നാൽ പോലും മുഖ്യമന്ത്രിയെയോ സർക്കാരിനെയോ ബാധിക്കാൻ പോകുന്നില്ല. വെളുക്കാൻ തേച്ചത് പാണ്ടായത് പോലെ യുഡിഎഫിലേക്കായിരിക്കും കാര്യങ്ങൾ നീങ്ങാൻ പോവുന്നത്’’– ബാലൻ പറഞ്ഞു.
എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക് കര്‍ണാടക കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരും എസ്എഫ്ഐഒ ഡയറക്ടറുമാണ് ഹര്‍ജിയിലെ എതിര്‍കക്ഷികള്‍. എക്സാലോജിക്കില്‍നിന്ന് വിവരങ്ങള്‍ തേടുന്നതിനായി വീണ വിജയന് നോട്ടീസ് നല്‍കുമെന്ന സൂചന ശക്തമാകുമ്പോഴാണ് സ്റ്റേ ആവശ്യപ്പെട്ടുള്ള എക്സാലോജിക്കിന്‍റെ ഹര്‍ജി ഹൈക്കോടതിയിലെത്തിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here