വീണക്കെതിരായ അന്വേഷണം മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട്; പിന്നില്‍ ബിജെപി; നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് സിപിഎം

തിരുവനന്തപുരം : മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടുളള നീക്കങ്ങളാണ് മകള്‍ വീണ വിജയന്റെ കമ്പനിക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണങ്ങളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. പ്രതിപക്ഷ രാഷ്ട്രീയത്തിലുള്ളവരെ പിടികൂടാന്‍ ബിജെപി പല വഴികള്‍ കണ്ടെത്തുകയാണ്. പല സംസ്ഥാനങ്ങളിലും ഇത് തന്നെയാണ് നടക്കുന്നത്. എന്നാല്‍ കേരളത്തില്‍ മറ്റൊന്നും ലഭിക്കാത്തതിനാല്‍ മകളിലൂടെ അച്ഛനിലേക്കെത്താനാണ് ശ്രമിക്കുന്നത്. ഇപ്പോള്‍ തന്നെ നിരവധി അന്വേഷണങ്ങളാണ് നടക്കുന്നത്. തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഇതിലും കൂടുതല്‍ വരും. ഇതിനു പിന്നിലെല്ലാം രാഷ്ട്രീയ ലക്ഷ്യങ്ങളാണ്. അതിനാല്‍ ഈ നീക്കങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഗോവിന്ദന്‍ പറഞ്ഞു.
മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ നീക്കങ്ങള്‍ക്ക് പിന്നില്‍ ബിജെപിയാണ്. പരാതി നല്‍കിയ ഷോണ്‍ ജോര്‍ജിന് ബിജെപി അംഗത്വം നല്‍കിയപ്പോള്‍ തന്നെ ഇത് തെളിഞ്ഞു. കോടതികളില്‍ ബിജെപിയുടെ കേസുകള്‍ കൈകാര്യം ചെയ്യുന്ന എംഎല്‍എ നിയമസഭയില്‍ പരാതിയിലെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ഇതെല്ലാം രാഷ്ട്രീയ കൂട്ടുകെട്ട് വ്യക്തമാക്കുന്നതാണെന്നും ഗോവിന്ദന്‍ പറഞ്ഞു. എല്ലാ അന്വേഷണവും നടക്കട്ടെയെന്നാണ് സിപിഎം നിലപാട്. പിണറായിയെ എങ്ങനെ കുടുക്കാം എന്ന അന്വേഷണമാണ് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നത്. ഇത് ജനങ്ങളുടെ മുന്നില്‍ തുറന്നുകാട്ടുമെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here