മാസപ്പടി ഇടപാട് പരിശോധിക്കാൻ കൂടുതൽ കേന്ദ്ര ഏജൻസികൾ; പ്രതികൾ തട്ടിച്ച തുക തിരിച്ചുപിടിക്കാൻ കമ്പനി ലോ ട്രിബ്യൂണൽ നടപടി തുടങ്ങുന്നു

വിവാദമായ സിഎംആർഎൽ -എക്സാ ലോജിക് മാസപ്പടി പണമിടപാട് സംബന്ധിച്ച കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് (Serious fraud investigation office-SFIO) പിന്നാലെ കൂടുതൽ കേന്ദ്ര ഏജൻസികൾ എത്തുന്നു. എസ്എഫ്ഐഒ അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചതിന് പിന്നാലെ റിപ്പോർട്ടിൻ്റെ പകർപ്പ് കൂടുതൽ കേന്ദ്ര ഏജൻസികൾക്ക് തുടർ നടപടികൾക്കായി കൈമാറി.
നാഷണൽ ഫിനാൻഷ്യൽ റിപ്പോർട്ടിംഗ് അതോറിറ്റി (National Financial Reporting Authority), റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (Reserve Bank of India), സെൻട്രൽ ഇക്കണോമിക് ഇൻ്റലിജൻസ് ബ്യൂറോ (Central Economic Intelligence Bureau), നാഷണൽ കമ്പനി ലോട്രിബ്യൂണൽ (National Company Law Tribunal -NCLT) എന്നിവർക്കാണ് എസ്എഫ്ഐഒ കുറ്റപത്രത്തിൻ്റെ പകർപ്പ് കൈമാറിയത്. പ്രതികൾ അന്യായമായി കൈവശപ്പെടുത്തിയ തുക തിരിച്ചു പിടിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ നടപടികൾ ആരംഭിക്കും. നിയമവിരുദ്ധ മാർഗത്തിലൂടെ ലാഭം നേടിയ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പണം തിരിച്ചുപിടിക്കാൻ കമ്പനി ലോ ട്രിബ്യൂണലിന് അധികാരമുണ്ട്.
കൊച്ചിയിലെ പ്രത്യേക കോടതിയിൽ എസ്എഫ്ഐഒ സമർപ്പിച്ച അന്തിമ കുറ്റപത്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ ടി വീണയുടെ കമ്പനിയായ എക്സാലോജിക്കിന് ഒരു സേവനവും നല്കാതെ പ്രതിമാസം മൂന്നുലക്ഷം രൂപ സിഎംആർഎൽ നല്കിയതായി കമ്പനി രേഖകളിൽ നിന്നും ഉന്നത ഉദ്യോഗസ്ഥരുടെയും വീണയുടേയും മൊഴികളിൽ നിന്നും കണ്ടെത്തിയതായി പറയുന്നു. ഇരുകമ്പനികളും തമ്മിൽ സോഫ്റ്റ് വെയർ നല്കുന്നതിന് പുറമെ വാർഷിക പരിപാലന കരാറും ഉണ്ടായിരുന്നെങ്കിലും പ്രത്യേകിച്ച് ഒരു സേവനവും നൽകാതെയാണ് മാസപ്പടിയായി മൂന്ന് ലക്ഷം രൂപ നൽകിയിരുന്നത്.
ഇതിന് പുറമെ മറ്റൊരു അഞ്ചു ലക്ഷം രൂപയും മാസപ്പടിയായി വീണ നേരിട്ട് കൈപ്പറ്റിയിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ എട്ടുലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് സിഎംആർ എൽ കമ്പനി ഒരു സേവനം നല്കാതിരുന്നിട്ടും മാസംതോറും നൽകിപ്പോന്നത്. ഈ ഇടപാടുകളെല്ലാം അത്യന്തം ദുരുഹവും വഞ്ചനാപരവും ആയിരുന്നുവെന്നാണ് എസ്എഫ്ഐഒയുടെ കണ്ടെത്തൽ.
ഐടി സേവനങ്ങൾ നല്കുന്നതിനാണ് സിഎം ആർഎല്ലും വീണയുടെ കമ്പനിയും തമ്മിൽ കരാർ ഉണ്ടായിരുന്നതെങ്കിലും സേവനമൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ സിഎംആർഎൽ മറ്റൊരു ഐടി കമ്പനിയായ എടിഎൻഎ (ATNA) ടെക്നോളജീസ് എന്ന സ്ഥാപനത്തെ ഏർപ്പെടുത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വീണയുടെ കമ്പനിക്ക് നല്കിയതിനേക്കാൾ വളരെ കുറഞ്ഞ നിരക്കിലാണ് അവർക്ക് കരാർ നല്കിയത്. മെച്ചപ്പെട്ട സേവനം ഇവർ സിഎംആർഎല്ലിന് നല്കിയതായും രേഖകളിലുണ്ട്.
നിയമപരമെന്ന് തോന്നിപ്പിക്കുന്ന ഒരു കരാർ ഉണ്ടാക്കി അതിൻ്റെ മറവിലൂടെ വീണയുടെ കമ്പനിയും സിഎംആർഎല്ലും നടത്തിയ ഇടപാടുകൾ ദുരുഹവും തട്ടിപ്പുമാണെന്ന് എസ്എഫ്ഐഒ റിപ്പോർട്ടിലുണ്ട്. സിഎംആർഎല്ലിൽ നിന്ന് പണം പരമാവധി അടിച്ചുമാറ്റുക എന്ന ഉദ്ദേശം മാത്രമാണ് വീണയ്ക്കും അവരുടെ കമ്പനിക്കും ഉണ്ടായിരുന്നതെന്ന് കുറ്റപത്രത്തിൽ വിശദമാക്കിയിട്ടുണ്ട്.
സിഎംആർഎൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്ത, ജോയിൻ്റ് മാനേജിംഗ് ഡയറക്ടർ ശരൺ കർത്ത, ടി വീണ എന്നിവർക്കു പുറമെ സിഎംആർഎല്ലിലെ മുതിർന്ന ചില ഉദ്യോഗസ്ഥരും എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രത്തിൽ പ്രതികളാണ്. ശശശിധരൻ കർത്തായും വീണയും ചേർന്നു നടത്തിയ പണാപഹരണ തട്ടിപ്പാണ് കേസിൻ്റെ പ്രധാന കണ്ടെത്തൽ.
സിഎംആർഎൽ കമ്പനിയിൽ നിന്ന് മാലിന്യ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനെന്ന പേരിൽ 139 കോടി രൂപ വാഹന വാടക ഇനത്തിലും, മറ്റൊരു 43 കോടി മറ്റ് ചില ഇടപാടുകാർക്കും നല്കിയതായി കമ്പനിയുടെ അക്കൗണ്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 15 വർഷത്തിനിടയിൽ ഇത്തരത്തിൽ 182 കോടി രൂപ ദുരുഹ ഇടപാടിലൂടെ അടിച്ചു മാറ്റിയതായി എസ്എഫ്ഐഒ കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാർ സ്ഥാപനമായ കെഎസ്ഐഡിസിക്ക് സിഎംആർഎൽ കമ്പനിയിൽ 13 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. എന്നാൽ മാസപ്പടി ഇടപാടിൽ കെഎസ്ഐസിസിക്ക് നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്നും എസ്എഫ്ഐഒ കണ്ടെത്തിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here- ATNA technologies
- Central Economic Intelligence Bureau
- CM Pinarayi Vijayan
- cochin rutiles and minerals limited
- CPM
- exalogic
- Kerala
- ksidc
- National Company Law Tribunal
- National Financial Reporting Authority
- Pinarayi Vijayan
- Reserve Bank Of India
- saran kartha
- sasidharan kartha
- serious fraud investigation office
- t veena
- Veena Vijayan