മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിച്ചില്ലെന്ന് പറഞ്ഞത് സ്വാഗതം ചെയ്യുന്നെന്ന് ഷാഫി പറമ്പില്‍; തനിക്കെതിരെ നടന്നത് കടുത്ത സൈബര്‍ ആക്രമണം; ജനങ്ങള്‍ എല്ലാം മനസിലാക്കുന്നുണ്ട്‌

വടകര: തനിക്കെതിരെ മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിച്ചില്ലെന്ന് വടകര ലോക്സഭാ സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ പറയുമ്പോള്‍ അത് സ്വാഗതം ചെയ്യുന്നുവെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. “ഞാന്‍ വീഡിയോ ഉണ്ടാക്കി എന്ന് പറഞ്ഞാണ് സൈബര്‍ ആക്രമണം എനിക്കെതിരെ വന്നത്. പോണ്‍ എന്ന വാക്കുപോലും പ്രചരിച്ചു. അതില്‍ ആരെങ്കിലും ഖേദം രേഖപ്പെടുത്തുമോ?” – ഷാഫി പറമ്പില്‍ ചോദിച്ചു.

“ഈ രീതിയില്‍ ഒരു വീഡിയോ കണ്ടിട്ടില്ലെല്ലെന്നാണ് കെ.കെ.രമ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത്. വീഡിയോ ഉണ്ടെന്ന് ടീച്ചര്‍ പറയുമ്പോള്‍ ഞങ്ങള്‍ അത് വിശ്വസിക്കുന്നുവെന്നും ഈ പ്രശ്നത്തില്‍ ഞങ്ങള്‍ ശൈലജക്ക് ഒപ്പമുണ്ടെന്നുമാണ് രമ പറഞ്ഞത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഈ വീഡിയോയില്‍ പങ്കുണ്ടെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്ന് പറഞ്ഞ് രമ നടത്തിയ വാര്‍ത്താസമ്മേളനം എനിക്കെതിരാണെന്ന് കൂടി പ്രചാരണമുണ്ടായി. ഒരു മുന്‍ എംഎല്‍എയുടെ മകന്‍ ഫെയ്സ് ബുക്കിലിട്ട പോസ്റ്റും കമൻ്റും കണ്ടില്ലേ… അതിനെ തള്ളിപ്പറയേണ്ടേ. .ജനങ്ങള്‍ എല്ലാം മനസിലാക്കുന്നുണ്ട്.” – ഷാഫി പറമ്പില്‍ പറഞ്ഞു.

മോര്‍ഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ല എന്നാണ് ഇന്ന് ശൈലജ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. വീഡിയോ അല്ല മുഖം വെട്ടിയൊട്ടിച്ചുളള പോസ്റ്റർ പ്രചരിക്കുന്നുവെന്നാണ് താന്‍ പറഞ്ഞത്. “പോസ്റ്ററിൽ തലമാറ്റി എന്റ തലയൊട്ടിച്ച് വികൃതമാക്കി പ്രചരിപ്പിക്കുന്നു. പല കുടുംബ ഗ്രൂപ്പുകളിലും ഇത്തരം പോസ്റ്ററുകൾ പ്രചരിക്കുന്നുണ്ട്. ആരാണ് ഈ മനോരോഗികൾ. ഇതിനെല്ലാം പിന്നിൽ ഒരു സംഘമുണ്ട്.” -ശൈലജ പറഞ്ഞു.

തനിക്കെതിരെ അപകീര്‍ത്തികരമായ പ്രചരണം നടക്കുന്നെന്ന് ചൂണ്ടിക്കാട്ടി ശൈലജ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ രണ്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. ശൈലജക്കെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top