‘കാഫിര്‍ എന്ന് വിളിച്ചിട്ടുള്ള വോട്ട് വേണ്ട; കെകെ ശൈലജയുടേത് തരംതാണ പ്രസ്താവന’; വര്‍ഗീയ ആരോപണത്തിന് മറുപടിയുമായി ഷാഫി പറമ്പില്‍

കോഴിക്കോട്: വടകരയില്‍ തനിക്കെതിരെ ഉയര്‍ന്ന വര്‍ഗീയ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. താന്‍ കാഫിര്‍ എന്ന് ആരെയും വിളിച്ചിട്ടില്ലെന്നും കാഫിറിന് വോട്ട് ചെയ്യരുത് എന്ന് പ്രചരിക്കുന്ന വാട്സ്ആപ്പ് സ്ക്രീന്‍ഷോട്ട് വ്യാജമെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി. തനിക്കെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജ നടത്തിയ തരംതാണ പ്രസ്താവനകള്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നും ഷാഫി പറഞ്ഞു.
“എപ്പോഴാണ് നിങ്ങള്‍ക്ക് ഞാന്‍ പൊതുജീവിതത്തില്‍ വര്‍ഗീയതയോട് ചേര്‍ന്നു നടക്കുന്ന ആളായി അനുഭവപ്പെട്ടത്? ആ സ്ക്രീന്‍ഷോട്ട് വ്യാജമാണ്. ആരെയും രാഷ്ട്രീയത്തില്‍ കാഫിര്‍ എന്ന് വിളിച്ച്, വോട്ടിന് അര്‍ഹരല്ല എന്ന് പറയുന്നവരുടെ പട്ടികയിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നില്ല. അതില്‍ സൗമ്യത അഭിനയിക്കുന്നില്ല, നിഷ്കളങ്കതയുടെ മൂടുപടം ബോധപൂര്‍വം എടുത്ത് അണിയുന്നുമില്ല. ഞങ്ങള്‍ ആ വിഷയത്തില്‍ കളങ്കിതരല്ല” – ഷാഫി പ്രതികരിച്ചു.
വടകരിയിലെ ജനങ്ങള്‍ എനിക്ക് തരുന്ന സ്നേഹത്തിന്റെ ആനൂകൂല്യത്തെ തകര്‍ക്കാനായി ബോധപൂര്‍വ്വം സൃഷ്ടിച്ചതാണ് ആ വ്യാജ സ്ക്രീന്‍ഷോട്ട് – ഷാഫി കൂട്ടിച്ചേര്‍ത്തു.
വോട്ടെടുപ്പിന്‍റെ തലേ ദിവസം, വടകരയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ പേരില്‍ പ്രചരിച്ച വാട്സ്ആപ്പ് സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ടാണ് വിവാദമായത്. അഞ്ചുനേരം നിസ്കരിക്കുന്ന ഷാഫി ദീനിയായ മുസ്ലീം ആണെന്നും എതിര്‍ സ്ഥാനാര്‍ത്ഥി കാഫിറായ സ്ത്രീ ആണെന്നും ഇതില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ചിന്തിക്കണം എന്നുമായിരുന്നു പ്രചരിച്ചിരുന്ന സന്ദേശം. തന്‍റെ പേരില്‍ ഈ സ്ക്രീന്‍ഷോട്ട് വ്യാജമായി സിപിഎം ഗ്രൂപ്പുകള്‍ ചിത്രീകരിച്ചതാണെന്ന് വ്യക്തമാക്കി, ആരോപണവിധേയനായ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇത് ഏറ്റെടുത്ത് കെകെ ശൈലജ രംഗത്തെത്തുകയായിരുന്നു.
അതേസമയം വടകരയില്‍ വോട്ടിങ് നീണ്ടുപോയതില്‍ വരണാധികാരിക്ക് പരാതി നല്‍കിയതായി ഷാഫി അറിയിച്ചു. യുഡിഎഫിന് സ്വാധീനമുള്ള പ്രദേശങ്ങളില്‍ വോട്ടെടുപ്പ് വൈകിയതില്‍ ഷാഫി ആശങ്ക പ്രകടിപ്പിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് വടകരയില്‍ വോട്ടെടുപ്പ് അവസാനിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here