എംഎല്‍എ സ്ഥാനം രാജിവച്ച് ഷാഫി പറമ്പില്‍; സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറി; ലോക്‌സഭയിലേക്ക് പോകുന്നത് കഴിവ് തെളിയിച്ച യുവ എംഎല്‍എ
വടകരയില്‍ നിന്നും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഷാഫി പറമ്പില്‍ എംഎല്‍എ സ്ഥാനം രാജിവച്ചു. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ ഷാഫി പറമ്പില്‍ സ്പീക്കര്‍ എഎന്‍ ഷംസീറിന് രാജിക്കത്ത് കൈമാറി. സ്പീക്കറുടെ ചേംബറില്‍ എത്തിയാണ് രാജി നല്‍കിയത്. പ്രതിപക്ഷത്തെ യുവമുഖമായിരുന്നു ഷാഫി പറമ്പില്‍. ആദ്യ പിണറായി സര്‍ക്കാരിന്റെ കാലത്തും ഇപ്പോഴും സഭയ്ക്ക് അകത്തും പുറത്തും ഷാഫി പറമ്പില്‍ പോരാട്ടം നടത്തി. ഷാഫി അവതരിപ്പിച്ച പല അടിയന്തരപ്രമേയ നോട്ടീസുകളും സര്‍ക്കാരിനെ കുറച്ചൊന്നുമല്ല വലച്ചത്. യുവാക്കളേയും വിദ്യാര്‍ത്ഥികളേയും ബാധിക്കുന്ന വിഷയങ്ങളില്‍ ഷാഫിയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ സര്‍ക്കാര്‍ ബുദ്ധിമുട്ടുന്ന കാഴ്ചയും നിയമസഭ കണ്ടു.
പാലക്കാട് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായെത്തിയ ഇ ശ്രീധരന്‍ നടത്തിയ ശക്തമായ പോരാട്ടം മറികടന്നാണ് ഷാഫി ഇത്തവണ നിയമസഭയിലെത്തിയത്. ഭൂരിപക്ഷം 3859. 2011ലാണ് ആദ്യമായി ഷാഫി നിയമസഭയിലെത്തിയത്. 7403 വോട്ടിന്റെ ഭൂരിപക്ഷമാണ് അന്നുണ്ടായിരുന്നത്. 2016ല്‍ ശക്തമായ ഇടത് തരംഗത്തിലും ഷാഫിയുടെ ഭൂരിപക്ഷം 17483 ആയി ഉയര്‍ന്നിരുന്നു. മികച്ച എംഎല്‍എ എന്ന് പേര് നേടിയ ഷാഫിയെ അപ്രതീക്ഷിതമായാണ് കോണ്‍ഗ്രസ് വടകരയില്‍ ഇത്തവണ മത്സരത്തിനിറക്കിയത്. വികാര നിര്‍ഭരമായ യാത്രയപ്പാണ് പാലക്കാട്ടെ ജനങ്ങള്‍ അന്ന് നല്‍കിയത്. വടകരയാകട്ടെ ആവേശത്തോടെ വരവേല്‍ക്കുകയും ചെയ്തു.
പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയതിന്റെ തിരിച്ചടി മറികടക്കാന്‍ വടകരയിലെ സിറ്റിങ് എംപി കെ മുരളീധരനെ തൃശൂരിലിറക്കി. പകരം ഷാഫിയെ വടകരയിലും. കെകെ ശൈലജയെന്ന ശക്തയായ സ്ഥാനാര്‍ത്ഥിയായിരുന്നു എതിരാളി. ഇതോടെ വീറും വാശിയും നിറഞ്ഞ പ്രചരണമാണ് നടന്നത്. ആരോപണ പ്രത്യാരോപണങ്ങളുമായി ഇരുകൂട്ടരും കളം നിറഞ്ഞു. ഫലം വന്നപ്പോള്‍ 1,14,506 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വന്‍വിജയമാണ് ഷാഫിക്ക് നേടാനായത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here