ഷാരൂഖ് ഖാന്‍ ഇന്ന് ആശുപത്രി വിടുമെന്ന് ജൂഹി ചൗള; ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ താരത്തിന് സൂര്യാഘാതമേറ്റു; ആരോഗ്യനില തൃപ്തികരം
സൂര്യാഘാതമേറ്റതിനെ തുടര്‍ന്ന് അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാൻ ഇന്ന് ആശുപത്രി വിടും. ബോളിവുഡ് താരവും കൊല്‍ക്കത്ത ടീമിന്റെ സഹ ഉടമയുമായ ജൂഹി ചൗള ഷാരൂഖിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ഷാരൂഖിന്റെ ആരോഗ്യനില തൃപ്തികരമെന്നും ഇന്ന് തന്നെ ആശുപത്രി വിടാനാകുമെന്നും ജൂഹി ചൗള പ്രതികരിച്ചു.
ചൊവ്വാഴ്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള മത്സരം കാണാന്‍ അഹമ്മദാബാദിലെത്തിയതായിരുന്നു താരം. ആരോഗ്യനില തൃപ്തികരമാണെങ്കിലും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ഷാരൂഖ് എന്ന് ആശുപത്രിയ അധികൃതര്‍ അറിയിച്ചു.
മത്സര ശേഷം ഹോട്ടലില്‍ മടങ്ങിയെത്തിയ ഷാരൂഖിന് നിര്‍ജലീകരണവും തളര്‍ച്ചയും അനുഭവപ്പെട്ടു. പിന്നാലെ താരത്തെ അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കൊല്‍ക്കത്ത ടീമിന്റെ സഹ ഉടമയാണ് ഷാരൂഖ് ഖാന്‍. അഹമ്മദാബാദ് അടക്കം ഗുജറാത്തിലെ വിവിധ നഗരങ്ങളില്‍ കടുത്ത ചൂടും ഉഷ്ണതരംഗവുമാണ് അനുഭവപ്പെടുന്നത്. മത്സര ദിവസം മൊട്ടേര സ്റ്റേഡിയത്തില്‍ 45 ഡിഗ്രിയോളം ചൂട് അനുഭവപ്പെട്ടിരുന്നു. മത്സരം കാണാനെത്തിയ അന്‍പതോളം പേര്‍ നിര്‍ജലീകരണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. അടുത്ത അഞ്ച് ദിവസം കൂടി ഉഷ്ണതരംഗമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here