കേസ് കൊടുത്ത് യൂത്ത് കോൺഗ്രസ് ഭാരവാഹിയായി; ഷഹബാസ് വടേരിയുടെ സ്ഥാനാരോഹണത്തിൽ ദേശീയ നേതൃത്വത്തിനെതിരെ കലാപം
എം. മനോജ് കുമാര്‍
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ കോടതിയിലേക്ക് വലിച്ചിഴച്ച കോഴിക്കോട്ടെ നേതാവ് ഷഹബാസ് വടേരിയെ ദേശീയ സെല്‍ ഭാരവാഹിയാക്കിയതിനെതിരെ സംഘടനയിൽ പ്രതിഷേധം. അടുത്തയിടെ നടന്ന സംസ്ഥാന ഭാരവാഹി തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് സംഘടനയെ കോടതി കയറ്റിയ നേതാവാണ് ഷഹബാസ്. ഒടുവിൽ കേസ് ഒത്തുതീർക്കാനുള്ള ഫോർമുല ആയാണ് സ്ഥാനം നൽകിയത് എന്നാണ് ആരോപണം.
യൂത്ത് കോണ്‍ഗ്രസ് യൂത്ത് പോളിസി ആന്റ് റിസര്‍ച്ച് വിഭാഗത്തില്‍ റിസര്‍ച്ച് അസോസിയേറ്റായി ആയി നിയമിച്ചതിൻ്റെയും, ഷഹബാസ് നൽകിയ കോടതിയിലെ കേസ് ഒത്തുതീർപ്പ് ആയതിൻ്റെയും രേഖകൾ പ്രചരിക്കുകയാണ്. പരാതിക്കാരൻ ‘പ്രസ് ‘ ചെയ്തില്ലെന്നും അതുകൊണ്ട് കേസ് തീർക്കുന്നുവെന്നും വ്യക്തമായി പറഞ്ഞാണ് കോഴിക്കോട് മുൻസിഫ് ഒന്നാം നമ്പർ കോടതിയുടെ ഉത്തരവ്.
ഇതാണ് ഒത്തുതീർപ്പിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. “ചുമ്മാ മുദ്രാവാക്യം വിളിച്ച് ജീവിതം കളഞ്ഞു, സംഘടനയ്ക്കെതിരെ കേസ് കൊടുത്താൽ മതിയായിരുന്നു” എന്നെല്ലാമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമൂഹ മാധ്യമങ്ങളിൽ പരസ്യമായി പ്രതികരിക്കുന്നത്.യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി.ശ്രീനിവാസും ഷഹബാസും ഒരുമിച്ചുള്ള ഫോട്ടോയ്ക്ക് താഴെ ‘പ്രസ്ഥാനത്തിനെ ഒറ്റിക്കൊടുത്ത ചെറ്റകള്‍ക്ക് പുട്ടും കടലയും അടിക്കാന്‍ ഒരു രൂപ ചലഞ്ച്, എന്ന് പറയുന്ന പോസ്റ്ററുകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി. ഷഹബാസിന്റെ നിയമന അറിയിപ്പും കോടതി ഉത്തരവും ഒപ്പം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
മുൻപ് തന്നെ ഷഹബാസിൻ്റെ പേരിൽ ഒട്ടേറെ കേസുകളുണ്ട്. പെട്രോള്‍ പമ്പിന് സ്ഥലം നല്‍കാമെന്ന് വിശ്വസിപ്പിച്ച് യുഡിഎഫ് നേതാക്കളില്‍ നിന്നും 50 ലക്ഷം തട്ടിയെന്ന പരാതിയും മറ്റു സാമ്പത്തിക തട്ടിപ്പ് കേസുകളും നിലനില്‍ക്കെയാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ തലത്തിൽ നിയമിച്ചത്. പെട്രോള്‍ പമ്പിൻ്റെ പേരിൽ പണം തട്ടിയ വിഷയത്തിലെ പരാതിക്കാരൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായ കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം ധനേഷ് ലാല്‍ ആണ്.
‘താനും മുന്‍ എംഎല്‍എ യു.സി.രാമനും, ഒരു സുഹൃത്തും ചേർന്നാണ് പെട്രോള്‍ പമ്പിന് ശ്രമിച്ചത്. എന്നാൽ ഷഹബാസ് ചൂണ്ടിക്കാട്ടിയ മാങ്കാവിലെ സ്ഥലം മറ്റൊരാളുടെത് ആണെന്ന് വ്യക്തമാകുകയും അങ്ങനെ ആ പ്രോജക്ട് മുടങ്ങുകയും ചെയ്തു. ഇതിൻ്റെ പേരിൽ പല തവണ ഷഹബാസിന്റെ വുഡ്‌സൺ ടിമ്പർ എന്ന സ്ഥാപനത്തിന്റെ പേരിലും കയ്യിലുമായി തുക നല്‍കിയിരുന്നു. സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി വന്നിട്ടില്ല. വീണ്ടും പരാതി നല്‍കാന്‍ പോവുകയാണ്. തന്റെ വീട് ജപ്തി ഭീഷണി നേരിടുകയാണ്. 22 ലക്ഷം രൂപയാണ് കയ്യില്‍ നിന്നും നല്‍കിയത്” -ധനേഷ് ലാല്‍ പറഞ്ഞു.
എൻ്റെ ചേട്ടന്റെ മകനാണ് പെട്രോള്‍ പമ്പ് അനുവദിച്ച് കിട്ടിയതെന്ന് യു.സി.രാമൻ പറയുന്നു. ‘ധനേഷ് ലാൽ മുഖേനയാണ് ഷഹബാസിനെ ബന്ധപ്പെട്ടത്. പെട്രോള്‍ പമ്പിന് സ്ഥലം നല്‍കാമെന്ന് പറഞ്ഞപ്പോള്‍ ഇരുവരെയും വിശ്വസിച്ചാണ് 12.50 ലക്ഷം രൂപ നല്‍കിയത്. വലിയ വഞ്ചനയായിപ്പോയി. വീട് ജപ്തി ഭീഷണിയിലാണ്’ – യു.സി.രാമന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
ഒരു കോടി രൂപയാണ് ഷഹബാസ് തട്ടിയതെന്ന് മര വ്യവസായിയായ ഉവൈസ് സത്താർ പറയുന്നു. വിദേശത്ത് നിന്നും എത്തിച്ച ഫോറിന്‍ ഇരുള്‍മരം ആറ് കണ്ടെയിനറാണ് കൊണ്ടുപോയത്. മരം കോഴിക്കോട് എത്തിയാല്‍ ഉടനടി പണം തരുമെന്നാണ് പറഞ്ഞത്. വിലയായ ഒരു കോടി രൂപ ലഭിക്കാത്തതിനാല്‍ ഷഹബാസിനെതിരെ കോടതിയിലും കണ്ണൂര്‍ പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. പോലീസ് എഫ്ഐആര്‍ ഇട്ടിട്ടുണ്ട്. ചെക്കുകള്‍ ബൗൺസായ കേസ് കോടതിയില്‍ നടക്കുകയാണ് – ഉവൈസ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
ഈ കേസില്‍ ചോദ്യം ചെയ്യാനായി കണ്ണൂര്‍ പോലീസ് സ്റ്റേഷനിലേക്ക് ഷഹബാസിനെ വിളിച്ച് വരുത്തിയപ്പോള്‍ തനിക്കെതിരെ പരാതി നല്‍കുകയും ഓണ്‍ലൈന്‍ വൈബ്സൈറ്റില്‍ വാര്‍ത്ത നല്‍കുകയും ചെയ്തുവെന്ന് ഇപ്പോഴത്തെ കൂത്തുപറമ്പ് സിഐയായ ശ്രീജിത്ത് കോടിയേരി മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ആ പരാതി വ്യാജമായതിനാല്‍ തള്ളിപ്പോയെന്നും സിഐ പറഞ്ഞു.
ഷഹബാസ് വടേരിയുടെ നിയമനം കെപിസിസി നേതൃത്വം അറിഞ്ഞല്ലെന്ന് യൂത്ത് കോണ്‍ഗ്രസിന്റെ ചുമതലയുള്ള കെപിസിസി ഉപാധ്യക്ഷന്‍ വി.ടി. ബൽറാം മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിന്റെ ഭാരവാഹികളെ നിയമിക്കുമ്പോള്‍ കെപിസിസിയോട് അഭിപ്രായം ചോദിക്കുന്ന പതിവില്ല. നിയമനം നടന്നതായി തിങ്കളാഴ്ച അറിഞ്ഞു. ഒപ്പം ആക്ഷേപങ്ങളും വന്നിട്ടുണ്ട്. തീരുമാനം എടുക്കേണ്ടത് യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വമാണ്-ബൽറാം പറഞ്ഞു.
എല്ലാം ആരോപണങ്ങളും നിഷേധിച്ചാണ് ഷഹബാസ് മാധ്യമ സിന്‍ഡിക്കറ്റിനോട് സംസാരിച്ചത്. കെ എസ് യുവിലൂടെയാണ് വന്നത്. ധനേഷ് ലാല്‍ എനിക്ക് പണം തന്ന രേഖ കാണിക്കട്ടെ. യു.സി.രാമന് 12.50 ലക്ഷം നല്‍കാനുണ്ട്. എന്നാൽ ഇത് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ കാണിച്ചിട്ടില്ല. ഞാന്‍ ഗ്രൂപ്പ് വടംവലിയില്‍ പെട്ടതാണ്. കണ്ണൂരെ വ്യാപാരിയുമായി കേസ് ഉണ്ടാകാം. ഞാന്‍ ബിസിനസുകാരനാണ്. എനിക്കെതിരെ പല കേസുകളും ഉണ്ടാകാം, ഞാന്‍ കൊടുത്ത കേസുകളും ഉണ്ടാകും. എന്നെ സംഘടിതമായി ഒതുക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ് -ഷഹബാസിൻ്റെ ഭാഷ്യം ഇങ്ങനെ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here