ഷഹ്നയുടെ മരണത്തില്‍ ഡോ.റുവൈസ് കസ്റ്റഡിയില്‍; ഫോണ്‍ പിടിച്ചെടുത്തു; ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ്

തിരുവനന്തപുരം: യുവ ഡോക്ടർ ഷഹ്നയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തും സഹഡോക്ടറുമായ കൊല്ലം സ്വദേശി ഡോ.ഇ.എ.റുവൈസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കരുനാഗപ്പള്ളിയിലെ വീട്ടിൽനിന്ന് ഇന്ന് പുലര്‍ച്ചെയാണ് കസ്റ്റഡിയിലെടുത്തത്. ആത്മഹത്യാ പ്രേരണക്കുറ്റത്തിനും സ്ത്രീധന നിരോധന നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. റുവൈസിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് മെഡിക്കല്‍ കോളേജ്‌ പോലീസ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. കൂടുതല്‍ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി മജിസ്ട്രേട്ടിന് മുന്നില്‍ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു.

റുവൈസിന്‍റെ ഫോണ്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതിലെ വാട്സ് ആപ്പ് ചാറ്റുകളും മെസേജുകളും ഡിലീറ്റ് ചെയ്യപ്പെട്ട നിലയിലാണ്. വിശദ പരിശോധനക്കായി ഫോണ്‍ സൈബര്‍ പരിശോധനക്ക് നല്‍കാനാണ് പോലീസ് തീരുമാനം.

ഷഹ്നയുടെ മരണത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. ബന്ധുക്കള്‍ ശക്തമായ മൊഴിയുമായി രംഗത്ത് വന്നതോടെയാണ് റുവൈസിനെതിരെ പോലീസ് കേസെടുത്തത്. ഷഹ്നയുമായി അടുപ്പത്തിലായിരുന്ന ഡോക്ടർ വൻതുക സ്ത്രീധനം ചോദിച്ചെന്നും നല്‍കാത്തതോടെ ആലോചനയില്‍ നിന്നും പിന്‍വാങ്ങിയെന്നുമാണ് ബന്ധുക്കള്‍ നല്‍കിയ മൊഴി. എല്ലാവർക്കും വേണ്ടത് പണമാണ്. എല്ലാത്തിലും വലുത് പണമാണ്…’എന്ന ഷഹ്നയുടെ ആത്മഹത്യാ കുറിപ്പ് വന്‍ വിവാദമാണ് സൃഷ്ടിച്ചത്.

കേരള മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായിരുന്ന റുവൈസിനെ അസോസിയേഷന്‍ സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. ഷഹ്നയുടെ മരണത്തിനു പിന്നിൽ സ്ത്രീധനമാണെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടറോട് മന്ത്രി വീണാ ജോർജ് നിർദേശിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top