ഷഹ്നയുടെ വിവാഹം സ്ത്രീധനത്തിന്റെ പേരില്‍ മുടക്കിയ റുവൈസിന്റെ പിതാവിനെയും പ്രതി ചേര്‍ത്തു; ഒളിവില്‍ പോയി അബ്ദുള്‍ റഷീദ്

തിരുവനന്തപുരം : ഡോക്ടര്‍ ഷഹ്നയുടെ ആത്മഹത്യയില്‍ റുവൈസിന്റെ പിതാവിനെയും പ്രതി ചേര്‍ത്ത് മെഡിക്കല്‍ കോളജ് പോലീസ്. റുവൈസിന്റെ പിതാവ് കരുനാഗപ്പള്ളി സ്വദേശി അബ്ദുള്‍ റഷീദിനെയാണ് കേസില്‍ രണ്ടാം പ്രതിയാക്കിയത്. സ്ത്രീധന നിരോധന നിയമം, ആത്മഹത്യാപ്രേരണ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. പ്രതിയാക്കിയതിന് പിന്നാലെ പോലീസ് അന്വേഷിച്ച് വീട്ടിലെത്തിയെങ്കിലും അബ്ദുള്‍ റഷീദിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പ്രതി ഒളിവില്‍ പോയതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇയാള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്.

150 പവന്‍ സ്വർണ്ണം, 5 കോടി രൂപ, ബിഎംഡബ്ല്യൂ കാർ എന്നിവയാണ് ഷഹ്നയുടെ കുടുംബത്തോട് അബ്ദുള്‍ റഷീദ് ആവശ്യപ്പെട്ടത്. വിവാഹത്തിന് മുന്നോടിയായി റുവൈസും ബന്ധുക്കളും ഷഹ്നയുടെ വീട്ടിലേക്കും ഷഹ്നയുടെ ബന്ധുക്കള്‍ റുവൈസിന്റെ വീട്ടിലേക്കും പോയിരുന്നു. വിവാഹ തീയതി ഉള്‍പ്പെടെ ചര്‍ച്ച നടത്തി. 50 പവനും 50 ലക്ഷം രൂപയും സ്ത്രീധനമായി നല്‍കാമെന്ന് ഷഹനയുടെ ബന്ധുക്കള്‍ അറിയച്ചതോടെ അവസാന നിമിഷമാണ് റുവൈസും ബന്ധുക്കളും വിവാഹത്തില്‍ നിന്ന് പിന്മാറിയത്. ആവശ്യപ്പെട്ട അത്രയും തുക നല്‍കിയില്ലെങ്കില്‍ പിതാവ് വിവാഹത്തിന് സമ്മതിക്കില്ലെന്ന് റുവൈസ് ഷഹ്നയെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനുള്ള തെളിവുകള്‍ ലഭിച്ചതോടെയാണ് പിതാവിനേയും പ്രതി ചേര്‍ത്തത്.

ആത്മഹത്യ ചെയ്യുന്ന വിവരം ഷഹ്ന റുവൈസിനെ അറിയിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ വിവരം അറിഞ്ഞിട്ടും ആത്മഹത്യ തടയാനുളള ശ്രമം നടത്താതെ ഷഹ്നയുടെ നമ്പര്‍ ബ്ലോക്ക് ചെയ്യുകയാണ് റുവൈസ് ചെയ്തത്. ഫോണിലെ മെസ്സേജുകളെല്ലാം റുവൈസ് ഡിലീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഷഹ്നയുടെ ഫോണില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ റുവൈസ് ഇക്കാര്യം പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top