സ്ത്രീധന കുറ്റം തെളിഞ്ഞാല്‍ മെഡിക്കല്‍ ബിരുദം റദ്ദാക്കും; റുവൈസിനെതിരെ കടുത്ത നടപടികളിലേക്ക് കടക്കാന്‍ ആരോഗ്യ സര്‍വ്വകലാശാല
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി ഡോക്ടര്‍ ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ഡോ. റുവൈസിന്റെ മെഡിക്കല്‍ ബിരുദം റദ്ദാക്കാന്‍ ആരോഗ്യ സര്‍വ്വകലാശാല. സ്ത്രീധനം ആവശ്യപ്പെട്ടുവെന്ന കുറ്റം തെളിഞ്ഞാല്‍ റുവൈസിന്റെ മെഡിക്കല്‍ ബിരുദം റദ്ദാക്കുമെന്ന് ആരോഗ്യസര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ശിക്ഷിക്കപ്പെട്ടാല്‍ കോളേജില്‍ നിന്നും പുറത്താക്കും. പ്രവേശന സമയത്ത് നല്‍കിയ സത്യവാങ്ങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കുകയെന്നും വിസി വ്യക്തമാക്കി.
സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ അതിനുള്ള സാഹചര്യം സൃഷ്ടിക്കുകയോ ചെയ്യില്ലെന്നാണ് ആരോഗ്യ സര്‍വ്വകലാശാലയില്‍ പ്രവേശന സമയത്ത് സത്യാവാങ് മൂലം നല്‍കേണ്ടത്. ഇത് ലംഘിച്ചാല്‍ സര്‍ട്ടിഫിക്കറ്റും ബിരുദവും റദ്ദാക്കാമെന്നും പഠന കാലയളവാണെങ്കില്‍ പഠനം അവസാനിപ്പിക്കുമെന്നുമാണ് വ്യവസ്ഥയുള്ളത്. ഇത്പ്രകാരമുള്ള നടപടികള്‍ക്കാണ് ആരോഗ്യ സര്‍വ്വകലാശാല ഒരുങ്ങുന്നത്.
വിസ്മയ കേസിനു പിന്നാലെയാണ് എല്ലാ വിദ്യാര്‍ത്ഥികളില്‍ നിന്നും ഇത്തരമൊരു സത്യവാങ് മൂലം ഒപ്പിട്ടു വാങ്ങാന്‍ ചാന്‍സലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍ദേശിച്ചത്. കര്‍ശനമായി ഇത് നടപ്പാക്കാന്‍ രണ്ട് വര്‍ഷം മുന്‍പ് ആരോഗ്യ സര്‍വകലാശാല വി സി നിര്‍ദേശം നല്‍കുകയും ചെയ്തു. നഴ്‌സിങ് വിദ്യാര്‍ഥികള്‍ മുതല്‍ മെഡിക്കല്‍ പിജി ഉള്‍പ്പെടെ വിദ്യാര്‍ത്ഥികളില്‍ നിന്നും സത്യവാങ് മൂലം കോളേജുകള്‍ വാങ്ങിയിട്ടുണ്ട്. കോടതി കുറ്റക്കാരന്‍ എന്ന് കണ്ടെത്തിയാല്‍ മാത്രമേ ഈ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുകയുള്ളൂ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here