ഷഹനയുടെ ആത്മഹത്യയിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ; പിടിയിലായത് കാട്ടാക്കടയിൽ നിന്ന്

തിരുവനന്തപുരം: തിരുവല്ലം സ്വദേശി ഷഹന ഷാജിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവിനെയും ഭർതൃമാതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഏറെ നാളായി ഒളിവിലായിരുന്ന ഭർത്താവ് നൗഫലിനെയും ഭർതൃമാതാവ് സുനിതയെയും കാട്ടാക്കട, കണ്ടലയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബറിലാണ് സ്വന്തം വീട്ടിൽവച്ച് ഷഹന ആത്മഹത്യ ചെയ്തത്.

ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം കാരണം കുറച്ചു നാളായി ഷഹനയും ഒന്നര വയസുള്ള കുഞ്ഞും സ്വന്തം വീട്ടിലായിരുന്നു താമസം. 2020ലാണ് നൗഫലും ഷഹനയും വിവാഹിതരായത്. ഭർത്താവും ഭർതൃമാതാവും നിരന്തരം മർദിച്ചിരുന്നതായി ഷഹനയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇതേത്തുടർന്നാണ് സ്വന്തം വീട്ടിലേക്ക് മടങ്ങിയത്. ഡിസംബർ 26ന് നൗഫലിന്റെ വീട്ടിൽ നടന്ന ഒരു ചടങ്ങിൽ പങ്കെടുക്കാൻ ഷഹനയെയും കുഞ്ഞിനെയും വിളിക്കാൻ നൗഫൽ വീട്ടിലെത്തിയിരുന്നു. ഷഹന പോകാൻ തയ്യാറാകാതിരുന്നതിനാൽ കുഞ്ഞിനെയും കൊണ്ട് നൗഫൽ പോയി. ഇതിനുപിന്നാലെയാണ് ഷഹന മുറിയിൽ കയറി ആത്മഹത്യ ചെയ്തത്. ഫോര്‍ട്ട്‌ എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top