ഷാരൂഖിന് വൈ പ്ലസ് സുരക്ഷ; തോക്കുമായി ആറ് സുരക്ഷാ ഉദ്യോഗസ്ഥര്‍
വധ ഭീഷണിയെ തുടര്‍ന്ന് ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖാന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. വൈ പ്ലസ് സുരക്ഷയാണ് മുബൈ പോലീസ് താരത്തിനായി ഒരുക്കിയിരിക്കുന്നത്. തോക്കുമായി ആറ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഷാരൂഖിന് കാവല്‍ നില്ക്കും. പോലീസ് വാഹനങ്ങളുടെ സുരക്ഷയിലായിരിക്കും യാത്രയും. മുംബൈയിലെ വസതിയായ മന്നത്തിനും പോലീസ് സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
ഒക്ടോബറിലും ഷാരൂഖിനെ വധിക്കുമെന്ന് പോലീസില്‍ സന്ദേശം എത്തിയിരുന്നു. അന്ന് മുതല്‍ പോലീസ് സുരക്ഷ നടനുണ്ട്. രണ്ട് സായുധരായ ഉദ്യോഗസ്ഥരായിരുന്നു സുരക്,ക്ക് നിയോഗിച്ചിരുന്നത്. വധഭീഷണി ആവര്‍ത്തിച്ചതോടെയാണ് സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിച്ചത്. മഹാരാഷ്ട്ര പോലീസിനാണ് വീണ്ടും സന്ദേശം ലഭിച്ചത്. ലാന്‍ഡ് ഫോണില്‍ വിളിച്ച് 50 ലക്ഷം രൂപ തന്നില്ലെങ്കില്‍ ഷാരൂഖ് ഖാനെ ഉടന്‍ വധിക്കുമെന്നായിരുന്നു സന്ദേശം.
വധഭീഷണിയില്‍ മുംബൈ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബാന്ദ്ര പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബിഎന്‍എസ് 308 (4), 351 (3) (4) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നമ്പറിന്റെ ഉറവിടം കണ്ടെത്താനാണ് ശ്രമം. നടന് സല്മാന് ഖാന് നേരെ നിരന്തരം വധഭീഷണി സന്ദേശം പോലീസിന് ലഭിച്ചിരുന്നു. ഇതോടെ നടന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. ഗുണ്ടാസംഘമായ ബിഷ്ണോയി സംഘത്തിന്റെ ഹിറ്റ് ലിസ്റ്റിലുള്ള നടനാണ് സല്മാന് ഖാന്. കൃഷ്ണ മൃഗ വേട്ടയുമായി ബന്ധപ്പെട്ടാണ് സല്മാന് ഖാനെ സംഘം നോട്ടമിട്ടിരിക്കുന്നത്. സല്‍മാനുമായി അടുപ്പമുള്ള എന്‍സിപി നേതാവ് ബാബ സിദ്ധിഖിയെ ഈ സംഘം വെടിവച്ചു കൊന്നിരുന്നു. ബാബ സിദ്ധിഖിയുമായി ഷാരൂഖ് ഖാനും അടുത്ത് ബന്ധമാണുള്ളത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here