ഷാജി കൈലാസ് അറസ്റ്റിൽ!! വാർത്തയിലെ വാസ്തവം തേടി സിനിമാലോകം; വാർത്ത ‘സത്യം’ എന്ന് ഒടുവിൽ തിരിച്ചറിയുമ്പോൾ
കോഴിക്കോട്: മലയാളത്തിന്റെ പ്രിയ സംവിധായകനാണ് ഷാജി കൈലാസ്. ഏകലവ്യനും തലസ്ഥാനവും കമ്മീഷണറും ആറാം തമ്പുരാനും ഒരുക്കിയ ഹിറ്റ് സംവിധായകന്‍. ഷാജി കൈലാസ് എന്ന പേരില്‍ കേരളത്തില്‍ മറ്റൊരാളില്ലെന്ന് പോലും കരുതുന്നവരുണ്ട്. അവരിലേക്കാണ് ഷാജി കൈലാസ് അറസ്റ്റിലായെന്ന വാര്‍ത്ത അതിവേഗം പടര്‍ന്നത്. സ്‌ക്രീന്‍ ഷോട്ടുകളും പ്രചരിച്ചു. എല്ലാത്തിലും ഉള്ളത് ‘ഷാജി കൈലാസ്’ അറസ്റ്റില്‍ എന്ന തലക്കെട്ട് മാത്രം. ഇതോടെ സിനിമാ മേഖലയിലെ പ്രമുഖര്‍ക്ക് പോലും ഇരിക്കപ്പൊറുതി ഇല്ലാതെയായി. ഷാജി കൈലാസിന്റെ അറസ്റ്റ് വാര്‍ത്ത സ്ഥിരീകരിക്കാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ പോലീസുകാരെ വിളിച്ചു. അങ്ങനെ പലവിധ അന്വേഷണങ്ങള്‍. ഇതൊന്നും അറിയാതെ ഷാജി കൈലാസ് സിനിമാ പ്രവര്‍ത്തനങ്ങളുടെ തിരക്കിലുമായി. ഒടുവില്‍ അറസ്റ്റിലായ ‘ഷാജി കൈലാസിനെ’ എല്ലാവരും ചേര്‍ന്ന് കണ്ടെത്തി. അതൊരു വാഹന മോഷ്ടാവായിരുന്നു. 22 വയസ്സുള്ള ബൈക്ക് മോഷ്ടാവ്.
മലപ്പുറം വേങ്ങരയിലെ നൊച്ചിക്കുഴിയിലും ഉണ്ട് ഒരു ഷാജി കൈലാസ്. വയസ്സ് വെറും 22 മാത്രം. ഹോബി വാഹന മോഷണമാണ്. വില കൂടിയ ബൈക്കുകള്‍ മോഷ്ടിക്കും. നമ്പര്‍ പ്ലേറ്റ് വ്യാജമായി ഉണ്ടാക്കും. അതില്‍ കറങ്ങി നടക്കും. ബൈക്കിന് രൂപമാറ്റം വരുത്തിയാണ് കറക്കം. അതുകൊണ്ട് തന്നെ പിടിയിലാകാൻ സാധ്യത കുറവ്. എന്നിട്ടും പോലീസ് ഈ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. ലുക്ക് ഔട്ട് നോട്ടീസ് പോലും പുറത്തിറക്കി.
രണ്ടാഴ് മുമ്പ് തൃത്താല ആളൂരില്‍ നിന്നും രണ്ടര ലക്ഷത്തിന്റെ ബൈക്ക് മോഷ്ടിച്ചു. വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കാണ് അത്യാധുനിക ലോക്കിംഗ് സംവിധാനം തകര്‍ത്ത് ഈ കള്ളന്‍ കൊണ്ടു പോയത്. പരാതി പോലീസില്‍ കിട്ടിയതോടെ തന്നെ അവര്‍ അന്വേഷണത്തിലായി. സിസിടിവിയില്‍ നിന്നും കിട്ടിയ സൂചനകളില്‍ അവര്‍ വേങ്ങരക്കാരന്‍ ഷാജി കൈലാസിനെ പൊക്കി. ഇത് ചില പ്രാദേശിക ചാനലുകളിലും യുട്യൂബ് ചാനലുകളിലും വാര്‍ത്തയായി. അവരെല്ലാം നല്‍കിയത് ഷാജി കൈലാസ് അറസ്റ്റില്‍ എന്ന തലക്കെട്ടാണ്.
തീര്‍ത്തും ശരിയാണ് ഈ വാർത്തയും തലക്കെട്ടും. പിടിയിലായ ആളിന്റെ പേരും ഷാജി കൈലാസ് എന്ന് തന്നെയായിരുന്നു. എന്നാല്‍ മലയാളിയ്ക്ക് കൂടുതല്‍ അറിയാവുന്നത് ഷാജി കൈലാസ് എന്ന സംവിധായകനെയാണ്. അതുകൊണ്ട് തന്നെ തലക്കെട്ട് സ്‌ക്രീന്‍ ഷോട്ടായി പറന്നു നടന്നപ്പോള്‍ പലരും സംശയിച്ചത് ഷാജി കൈലാസ് അറസ്റ്റിലായി എന്നാണ്. പോലീസ് സിനിമകളില്‍ തീപ്പൊരി ഡയലോഗുമായി മലയാളിയെ ത്രസിപ്പിച്ച ഷാജി കൈലാസ്. എന്നാല്‍ ജീവിതത്തില്‍ ശാന്തനും ആത്മീയതയും ഈശ്വര വിശ്വാസവും മുറുകെ പിടിച്ച് മുമ്പോട്ട് പോകുന്ന വ്യക്തിയുമാണ് ഷാജി. അതുകൊണ്ട് തന്നെ ഷാജി കൈലാസ് അറസ്റ്റിലെന്ന വാര്‍ത്ത തലക്കെട്ട് കണ്ടെവരെല്ലാം ഞെട്ടി. ആര്‍ക്കും ഷാജിയെ നേരിട്ട് വിളിച്ച് ചോദിക്കാനുള്ള ധൈര്യവും ഉണ്ടായിരുന്നില്ല. ഭാര്യയായ ആനിയോട് ചോദിക്കാൻ പലരും ഒരുങ്ങിയെങ്കിലും അതിനും മടിച്ചു. എന്നാല്‍ പോലീസിനോടും മറ്റും തിരക്കി കാര്യങ്ങള്‍ പല സിനിമാക്കാരും ഉറപ്പിച്ചു. ഇതോടെയാണ് കേരളത്തില്‍ മറ്റൊരു ‘ഷാജി കൈലാസ്’ ഉണ്ടെന്ന് സിനിമാ ലോകവും തിരിച്ചറിയുന്നത്.
തൃത്താല പോലീസ് പിടികൂടിയ ഷാജി കൈലാസും ആളു ചില്ലറക്കാരനല്ല. 22 വയസ്സിനിടെ ഒട്ടേറെ മോഷണം നടത്തി. വില കൂടി ബൈക്കുകള്‍ തന്ത്രത്തില്‍ തട്ടിയെടുത്ത് രൂപമാറ്റം വരുത്തി കുറച്ചുകാലം കറങ്ങി നടക്കും. അതിന് ശേഷം പൊളിച്ചു വില്‍ക്കും. തൃത്താല ആളൂരിലെ മോഷണവും ഇതിന് വേണ്ടിയായിരുന്നു. എന്നാല്‍ സിസിടിവിയില്‍ മുഖം പതിഞ്ഞത് വിനയായി. തൃത്താലയിലെ പോലീസിനൊപ്പം കസബ സ്റ്റേഷനിലുള്ളവരും വേങ്ങരയിലെ പോലീസും കള്ളനെ തപ്പി ഇറങ്ങി. അങ്ങനെയാണ് ‘ഷാജി കൈലാസ്’ അകത്തായത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here