‘ശക്തി സൂപ്പർ ഷി’: വനിതകൾക്ക് ഫെലോഷിപ്പുമായി യൂത്ത് കോൺഗ്രസ്
കോഴിക്കോട്: സ്ത്രീ ശാക്തീകരണത്തിന് പുതിയ പദ്ധതികളുമായി യൂത്ത് കോൺഗ്രസ്. ദേശീയ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ സ്ത്രീകൾക്ക് ഇന്ദിര ഫെലോഷിപ്പ് നൽകും. രാജ്യത്തുടനീളം തിരഞ്ഞെടുത്ത 200 വനിതകൾക്കാണ് ഫെലോഷിപ്പ് അനുവദിക്കുന്നത്. ഇവർക്ക് സംഘടനയുടെ നേതൃനിരയിലേക്ക് ഉയരുന്നതിനും നേതൃപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനുമുള്ള പ്രത്യേക പരിശീലനം നൽകും.
യൂത്ത് കോൺഗ്രസിന്റെ പദ്ധതിയായ ‘ശക്തി സൂപ്പർ ഷി’യിൽ ഭാഗമായ വനിതകൾക്ക് ഫെൽലോഷിപ്പിലൂടെ പരിശീലനം ലഭിച്ചവർ വേണ്ട സഹായങ്ങൾ നൽകും. വാർഡ് തലത്തിലോ ബൂത്തു തലത്തിലോ രൂപീകരിക്കുന്ന സ്ത്രീ കൂട്ടായ്മയാണ് ‘ശക്തി സൂപ്പർ ഷി’. കുറഞ്ഞത് അഞ്ചു പേരടങ്ങുന്ന ക്ലബ്ബുകൾ രൂപീകരിച്ചാണ് പ്രവർത്തനം നടത്തുന്നത്.
സ്ത്രീകളുടെ കഴിവുകൾ വികസിപ്പിക്കാനും എല്ലാ മേഖലകളിലും മുന്നേറാനുള്ള അവസരം ഒരുക്കാനും പുതിയ പദ്ധതി സഹായിക്കുമെന്ന് ശക്തി സൂപ്പർ ഷിയുടെ ചുമതലയുള്ള യൂത്ത് കോൺഗ്രസ് സെക്രട്ടറി വിദ്യ ബാലകൃഷ്ണൻ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. സ്ത്രീകൾക്ക് സംഘടനകളിൽ 33 ശതമാനം പ്രാതിനിധ്യം നൽകാനുള്ള യൂത്ത് കോൺഗ്രസിന്റെ ശ്രമത്തിന്റെ ഭാഗമായാണിത്. ദേശീയതലത്തിൽ സംഘടനയിൽ സ്ത്രീ സംവരണം ഉറപ്പാക്കിയിട്ടുണ്ട്. സംസ്ഥാനത്തും വരുന്ന സംഘടനാ തെരഞ്ഞെടുപ്പിൽ ഇത് പ്രാവർത്തികമാക്കുമെന്ന് വിദ്യ പറഞ്ഞു.
കൂടുതൽ സ്ത്രീകളെ സംഘടനയിലേക്ക് ആകർഷിക്കാനും രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കൊണ്ടുവരാനും പദ്ധതി ലക്‌ഷ്യമിടുന്നുണ്ട്. പ്രതിമാസം 25000 രൂപ വരെയാണ് ഫെൽലോഷിപ്പിന് അനുവദിച്ചിരിക്കുന്നത്. ഒൻപത് മാസമായിരിക്കും പരിശീലനം. പരിശീലനത്തിൽ മികവ് ലഭിക്കുന്നവർ ശക്തി ക്ലബ്ബുകൾക്ക് വേണ്ട നിർദേശങ്ങളും സഹായങ്ങളും നൽകും. കർണാടക പോലുള്ള ചില സംസ്ഥാനങ്ങളിൽ പദ്ധതി ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here