ജയിലിൽ നടിയെന്ന പരിഗണന കിട്ടിയിട്ടില്ല; തറയിൽ പായ വിരിച്ചാണ് കിടന്നത്: ശാലു മേനോൻ
ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും നിറഞ്ഞുനിന്നിരുന്ന കാലത്താണ് ശാലു മേനോൻ ചില വിവാദങ്ങളിൽ അകപ്പെടുന്നത്. സോളാർ തട്ടിപ്പു കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണനുമായി ചേർന്ന് പണം തട്ടിയെടുത്തുവെന്ന കേസിൽ ശാലു മേനോൻ അറസ്റ്റിലായി. 49 ദിവസമാണ് താരത്തിന് ജയിലിൽ കിടക്കേണ്ടി വന്നത്. ജീവിതത്തിലെ പ്രതിസന്ധി കാലത്തെക്കുറിച്ചും ജയിൽവാസത്തെക്കുറിച്ചും മൈൽസ്റ്റോൺ മേക്കേഴ്സ് യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ നടി പറയുകയുണ്ടായി.
”സിനിമയിൽ മാത്രം കണ്ടിട്ടുള്ള കാര്യങ്ങളാണ് ജീവിതത്തിൽ ഞാൻ അനുഭവിച്ചത്. ജയിലിൽ കിടന്നതിന്റെ പേരിൽ പേരിൽ പല അവസരങ്ങളും നഷ്ടമായിട്ടുണ്ട്, പല സ്ഥലങ്ങളിൽനിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ജയിലിൽ കിടന്ന ആളെയാണോ സീരിയലിൽ അഭിനയിപ്പിക്കുന്നതെന്നുവരെ കേൾക്കേണ്ടി വന്നു. ഞാനൊരിക്കലും തെറ്റ് ചെയ്തിട്ടില്ലെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്. ആ മനോധൈര്യത്തിലാണ് മുന്നോട്ടുപോയത്. എന്നെ അറസ്റ്റ് ചെയ്യുമെന്ന് തരത്തിലുള്ള അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതറിഞ്ഞ് മാധ്യമപ്രവർത്തകർ എന്റെ വീട്ടിലെത്തി. ഞാൻ അവർക്ക് ചായവരെ കൊടുത്തു. അപ്പോഴും അറസ്റ്റ് ഉണ്ടാകുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല,” ശാലു മേനോൻ പറഞ്ഞു.
49 ദിവസമാണ് ജയിലിൽ കിടന്നത്. അവിടെ ഒരു നടിയുടെ പരിഗണന കിട്ടിയിട്ടില്ല. എല്ലാവരെയും പോലെ പാ വിരിച്ച് തറയിലാണ് കിടന്നിരുന്നത്. ജയിലിൽവച്ച് പലതരത്തിലുള്ള ആളുകളെ കണ്ടു. എന്റെ കൂടെ ഉണ്ടായിരുന്നത് പ്രായമായ ഒരമ്മയായിരുന്നു. ജാമ്യം കിട്ടിയിട്ടുപോലും അവർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. അവരുടെ മകന് അവരെ വേണ്ടായിരുന്നു. അവിടെനിന്നും പുറത്തിറങ്ങിയപ്പോഴാണ് ജീവിതത്തിൽ അധികം ആരെയും വിശ്വസിക്കരുതെന്ന പാഠം പഠിച്ചതെന്നും താരം വെളിപ്പെടുത്തി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here