സിപിഎം പ്രയോഗം കടമെടുത്ത് ചാരിറ്റി നന്മമരം!! ‘ജാഗ്രതക്കുറവ്’ ഉണ്ടായെന്നും കാർ തിരിച്ചു കൊടുത്തെന്നും കുന്ദമംഗലം ഷമീർ

അപൂർവരോഗം ബാധിച്ച കുഞ്ഞിനായി നാടൊന്നാകെ കൈകോർത്ത് ചികിത്സാ സഹായം സമാഹരിക്കുന്നു… ഒന്നും രണ്ടും ലക്ഷമൊന്നുമല്ല, മൂന്നുകോടി രൂപ പിരിവെടുക്കുന്നു.. അതിന് ശേഷം അതാ പിരിവെടുക്കാൻ മുന്നിൽ നിന്നയാൾക്ക് കുടുംബത്തിൻ്റെ വക ഉപഹാരം…. അതും ചെറിയ തുകയുടെയല്ല, ഏതാനും ലക്ഷങ്ങളുടെ… ഫുൾ ഓപ്ഷൻ ഇന്നോവ ക്രിസ്റ്റയാണ് സമ്മാനിച്ചതെന്ന് സംഘാടകർ തന്നെ സോഷ്യൽ മീഡിയയിലിട്ട കുറിപ്പിൽ പറയുന്നു. ഇതോടെയാണ് ജനമെല്ലാം പ്രതികരിച്ച് തുടങ്ങിയത്.
മലപ്പുറം മുതുവല്ലൂരിൽ ഷാമിൽമോൻ ചികിത്സാ സഹായനിധി സ്വരൂപിച്ച ചാരിറ്റി പ്രവർത്തകൻ ഷമീർ കുന്ദമംഗലം ഏതാണ്ട് 48 മണിക്കൂറോളം ‘എയറിലായിരുന്നു’. നന്മമരമെന്ന് ഇതുവരെ സോഷ്യൽ മീഡിയയിൽ വാഴ്ത്തിപാടിയവരെല്ലാം തള്ളിപ്പറഞ്ഞു. ഫാൻസിനെ ഉപയോഗിച്ച് ക്യാപ്സൂളുകളിറക്കി ന്യായീകരിക്കാൻ നടത്തിയ ശ്രമമമെല്ലാം തിരിച്ചടിച്ചു. ഇതോടെയാണ് നിരുപാധികം ഖേദം പറഞ്ഞ് കാർ തിരിച്ചുകൊടുത്തത്. ഇന്നലെ വൈകിട്ടോടെ ഷാമിൽമോൻ്റെ കുടുംബത്തെ ഏൽപിച്ചു എന്നാണ് വിശദീകരണം.
ചാരിറ്റിക്കായി ഓടിയോടി തൻ്റെ പഴയ കാറാകെ തേഞ്ഞെന്നും, അതിനാലാണ് കാർ സ്വീകരിച്ചതെന്നും ആയിരുന്നു ന്യായീകരണം. 12 ലക്ഷത്തിന് കിട്ടിയ യൂസ്ഡ് കാറാണ് സ്വീകരിച്ചതെന്നും, ജസ്റ്റ് ഡെലിവേർഡ് എന്ന് ഫോട്ടോയിൽ കണ്ടത് തെറ്റിദ്ധരിപ്പിക്കുന്നത് ആണെന്നും വിശദീകരണം. സമ്മാനമായ കാർ സ്വീകരിച്ച ചടങ്ങിൽ തന്നെ, പഴയ കാറിൻ്റെ താക്കോൽ കൊണ്ടോട്ടി എംഎൽഎ ടിവി ഇബ്രാഹിമിനെ ഏൽപിക്കുന്നത് കാണാമെങ്കിലും അതുകൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല.
ചികിത്സക്കായി ശേഖരിച്ച തുകയിൽ നിന്നൊന്നും ചിലവഴിച്ചല്ല കാർ വാങ്ങിയതെന്നും രോഗിയുടെ കുടുംബം തന്നതാണെന്നും ഉള്ള വിശദീകരണം അവർക്ക് പോലും തിരിച്ചടിച്ചു. ഇങ്ങനെ ലക്ഷങ്ങളുടെ സഹായം നൽകാൻ ശേഷിയുള്ള കുടുംബമാണോ നാട്ടുകാരുടെ മുന്നിൽ കൈനീട്ടിയത് എന്നാണ് ഉയർന്ന ചോദ്യം. ഇങ്ങനെയെല്ലാം ആകെ മൊത്തം വഷളായതോടെ ഗത്യന്തരമില്ലാതെ ആണ്, ജാഗ്രതക്കുറവെന്ന് വിശദീകരിച്ച് തലയൂരാനുള്ള ഷമീറിൻ്റെയും ഫാൻസിൻ്റെയും തീരുമാനം.
കാർ സമ്മാനിച്ച വേദിയിൽ വച്ചുതന്നെ അത് തിരിച്ച് ഏൽപിക്കണമായിരുന്നു എന്നാണ് നന്മമരത്തിൻ്റെ പുതിയ വെളിപാട്. ഇത് കേട്ടാൽ തോന്നുക താനറിയാതെ കുടുംബം അപ്രതീക്ഷിതമായി കാർ സമ്മാനിച്ചു എന്നാണ്. എന്നാൽ അതല്ല സത്യമെന്ന് ഇപ്പോഴും ഫെയ്സ്ബുക്കിലുള്ള വീഡിയോ കണ്ടാൽ വ്യക്തമാകും. മുൻകൂർ പ്ലാനിട്ട്, അനൌൺസ് ചെയ്ത് തന്നെയാണ് എംഎൽഎ അടക്കമുള്ളവർ ചേർന്ന് താക്കോൽ നൽകിയത്. യാതൊരു സങ്കോചവും ആശ്ചര്യവുമില്ലാതെ നന്മമരം അത് കൈപ്പറ്റി നന്ദി അറിയിക്കുകയും, പഴയ കാറിൻ്റെ താക്കോൽ ഏൽപിക്കുകയുമായിരുന്നു.

കേരളത്തിലെ സിപിഎമ്മുകാരുടെ പതിവ് പ്രയോഗമാണ് ജാഗ്രതക്കുറവ്. പാർട്ടി പ്രതിരോധത്തിലാകുന്ന വിഷയത്തിലെല്ലാം അതിൽ നിന്ന് തലയൂരാനോ, ആരോപണ വിധേയനെ പുറത്താക്കുമ്പോൾ ന്യായീകരണത്തിനോ ആണിത് പ്രയോഗിക്കുക. ഇ പി ജയരാജൻ പാർട്ടിക്ക് തലവേദന ഉണ്ടാക്കിയപ്പോഴെല്ലാം മലയാളികൾ ഇത് കേട്ടിട്ടുണ്ട്. ലോട്ടറി രാജാവ് സാൻ്റിയാഗോ മാർട്ടിൻ്റെ കമ്പനിയിൽ നിന്ന് ദേശാഭിമാനി ഒരുകോടി വാങ്ങിയത് വിവാദമായപ്പോൾ ജയരാജന് ജാഗ്രതക്കുറവ് ഉണ്ടായതാണെന്ന് വിശദീകരിച്ചാണ് പാർട്ടി അത് തിരികെ കൊടുപ്പിച്ചത്. പാലക്കാട്ട് പി കെ ശശി ഉൾപ്പെട്ട ഫണ്ട് വിവാദം പുറത്തായപ്പോഴും ജാഗ്രതക്കുറവ് എന്നാണ് സിപിഎം വിശദീകരിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here