ഷമിയുടെ 5 വിക്കറ്റ് നേട്ടം കുറിച്ചത് ഒരുപിടി നാഴികക്കല്ലുകൾ
മൊഹാലിയില്‍ നടക്കുന്ന ആദ്യ ഏകദിനത്തില്‍ 277 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യക്കു ഓസ്‌ട്രേലിയ കുറിച്ചിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസീസ് അവസാന ബോളില്‍ 276 റണ്‍സിനു ഓള്‍ഔട്ടാവുകയായിരുന്നു. ആദ്യ ഏകദിനത്തില്‍ അഞ്ചു വിക്കറ്റുകൾ പിഴുതതോടെ ചില വമ്പന്‍ നാഴികക്കല്ലുകള്‍ പിന്നിട്ടിരിക്കുകയാണ് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി.
10 ഓവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 51 റണ്‍സ് വിട്ടുകൊടുത്താണ് അദ്ദേഹം ഫൈഫർ സ്വന്തമാക്കിയത്.. മികച്ച ഫോമിലുള്ള മുഹമ്മദ് സിറാജിനു പകരം ഈ കളിയില്‍ പ്ലെയിങ് ഇലവനില്‍ ഇടം നേടിയ ഷമി മിന്നുന്ന പ്രകടനവുമായി അവസരം ശരിക്കും മുതലെടുക്കുകയായിരുന്നു.
ഷമിയുടെ അഞ്ച് വിക്കറ്റ് നേട്ടം മറ്റൊരു കാത്തിരിപ്പിന് വിരാമമിട്ടിരിക്കുകയാണ്.16 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യയിൽ ഒരു ഏകദിന മല്‍സരത്തില്‍ അഞ്ചു വിക്കറ്റുകള്‍ കൊയ്ത ആദ്യത്തെ ഇന്ത്യന്‍ പേസറായി ഷമി മാറി. ഏകദിനത്തില്‍ അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം കൂടിയാണിത്. 2010-11ല്‍ ഇംഗ്ലണ്ടിനെതിരേ ബെര്‍ മിംഗ്ഹാമില്‍ വച്ച് 69 റണ്‍സിനു അഞ്ചു പേരെ പുറത്താക്കിയതായിരുന്നു നേരത്തേ ഷമിയുടെ മികച്ച പ്രകടനം.
ഓസ്‌ട്രേലിയക്കെതിരേ ഏകദിനത്തില്‍ ഫൈഫറിനു അവകാശിയായ ഇന്ത്യയുടെ മൂന്നാമത്തെ പേസറെന്ന നേട്ടവും ഷമി സ്വന്തമാക്കിയിരിക്കുകയാണ്. 1983ല്‍ കപില്‍ ദേവാണ് (5ന് 43) ആദ്യമായി ഓസീസിനെതിരേ അഞ്ചു വിക്കറ്റുകള്‍ നേടിയത്.
2004ല്‍ മെല്‍ബണില്‍ നടന്ന കളിയില്‍ മുന്‍ ഫാസ്റ്റ് ബൗളറും നിലവിലെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ അജിത് അഗാര്‍ക്കര്‍ ഈ നേട്ടം സ്വന്തമാക്കി. 42 റണ്‍സിനു ആറു വിക്കറ്റുകളാണ് അഗാർക്കർ പിഴുതത്. ഇപ്പോള്‍ ഫൈഫറുമായി ഷമിയും ഇവരോടൊപ്പം എത്തിയിരിക്കുകയാണ്.
ഏകദിനത്തില്‍ 93 മല്‍സരങ്ങള്‍ കളിച്ചു കഴിഞ്ഞപ്പോള്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം വിക്കറ്റുകള്‍ വീഴ്ത്തിയ ബൗളര്‍ കൂടിയാണ് ഷമി. ഇത്രയും മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം പിഴുതത് 170 വിക്കറ്റുകളാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here