പുതുവത്സര ദിനത്തിലെ കൂട്ടക്കൊല തീര്‍ത്തും ആസൂത്രിതം; യുഎസിനെ നടുക്കിയത് മുന്‍ സൈനികന്‍; ഷംസുദ്ദീൻ ജബ്ബാറിന്റെ കഥ ഇങ്ങനെ…

ഈ പുതുവത്സരദിനം അമേരിക്കയ്ക്ക് കയ്പുള്ള ഓര്‍മയായി. യു.എസിലെ ന്യൂ ഓര്‍ലിയന്‍സിലെ ഫ്രഞ്ച് ക്വാര്‍ട്ടറില്‍ പുതുവത്സരം ആഘോഷിക്കുകയായിരുന്ന ജനക്കൂട്ടത്തിനിടയിലേക്ക് ട്രക്കോടിച്ച് കയറ്റി നടത്തിയ ആക്രമണത്തില്‍ 15 ജീവനുകളാണ് പൊലിഞ്ഞത്. 35ലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. അമേരിക്കന്‍ പൗരനും മുന്‍ സൈനികനുമായ ഷംസുദ്ദീന്‍ ജബ്ബാറാണ് അക്രമിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആരാണ് ഷംസുദ്ദീന്‍ ജബ്ബാര്‍ എന്നാണ് ഇപ്പോള്‍ അമേരിക്ക തിരയുന്നത്. ഇയാള്‍ ഓടിച്ച വാഹനത്തില്‍ ഐഎസിന്റെ പതാക കണ്ടെത്തിയിട്ടുണ്ട്.

പുതുവത്സര ദിനത്തിൽ പുലർച്ചെയാണ് ഒരു ഫോർഡ് ട്രക്ക് ന്യൂ ഓർലിയാൻസിലെ ജനക്കൂട്ടത്തിലേക്ക് ഇടിച്ചു കയറ്റിയത്. ഒരു പോലീസ് വാഹനത്തെ മറികടക്കാൻ വേണ്ടി ഈ വെള്ള ഫോർഡ് എഫ്-150 മിന്നൽ വേഗത്തില്‍ നടപ്പാതയിലേക്ക് നീങ്ങുന്ന ദൃശ്യങ്ങള്‍ സിസിടിവിയിലുണ്ട്. വളരെ ആസൂത്രിതമായ ഒരു ആക്രമണം എന്നാണ് ബിബിസി ഇതിനെ വിശേഷിപ്പിക്കുന്നത്.

ട്രക്ക് ഓടിച്ചുകയറ്റിയ വേളയില്‍ തന്നെ ഇയാള്‍ പോലീസിനും ജനക്കൂട്ടത്തിനും നേര്‍ക്കും വെടിവയ്പ് നടത്തുകയും ചെയ്തു. രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാരകമായി പരുക്കേറ്റിട്ടുണ്ട്. ജബ്ബാര്‍ ഒറ്റയ്ക്ക് ആയിരുന്നില്ല ആക്രമണം ആസൂത്രണം ചെയ്തതെന്ന് എഫ്ബിഐക്ക് ബോധ്യമായിട്ടുണ്ട്.

ജബ്ബാർ യുഎസ് ആര്‍മിയില്‍ ഐടിവിഭാഗത്തിലും എച്ച്ആര്‍ വിഭാഗത്തിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. ജോർജിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് 2015നും 2017നും ഇടയിൽ കമ്പ്യൂട്ടർ ഇൻഫർമേഷൻ ടെക്നോളജിയില്‍ ബിരുദം നേടിയിട്ടുണ്ട്. മോഷണവും ഗതാഗത നിയമലംഘനവും ഉൾപ്പെടെയുള്ള ക്രിമിനൽ പശ്ചാത്തലവും ജബ്ബാറിനുണ്ട്. ആക്രമണത്തിന് ഉപയോഗിച്ച ട്രക്ക് ടെക്‌സാസിൽ നിന്നും ഒരു ആപ്പ് വഴിയാണ് വാടകയ്‌ക്ക് എടുത്തത്.

രണ്ടുതവണ വിവാഹിതനായി. 2022-ൽ രണ്ടാം വിവാഹവും വിവാഹമോചനത്തിൽ അവസാനിച്ചു. വിവാഹമോചന നടപടികൾക്കിടെ ഭാര്യയുടെ അഭിഭാഷകന് അയച്ച ഇമെയിലിൽ സാമ്പത്തിക ബുദ്ധിമുട്ടുകളുടെ വിവരങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തത്.

കൊല്ലപ്പെട്ടവരുടെ പേരുകള്‍ അധികൃതര്‍ ഇതുവരെ പരസ്യമാക്കിയിട്ടില്ല. കൊല്ലപ്പെട്ടവരില്‍ ഏറെയും പ്രദേശവാസികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജോർജിയ യൂണിവേഴ്സിറ്റി വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ രണ്ട് ഇസ്രയേല്‍ പൗരന്മാരുണ്ട്.

1718-ൽ ഫ്രഞ്ചുകാർ സ്ഥാപിച്ചതാണ് ബർബൺ സ്ട്രീറ്റ്. ഇവിടെ നിരവധി ബാറുകൾ, റെസ്റ്റോറൻ്റുകൾ, ലൈവ് മ്യൂസിക് വേദികൾ എന്നിവയുണ്ട്. നിശാആഘോഷങ്ങള്‍ക്ക് പേരുകേട്ട ഇടംകൂടിയാണിത്. ഓരോ വസന്തകാലത്ത് ദശലക്ഷത്തിലധികം സന്ദർശകര്‍ എത്തുന്ന മാർഡി ഗ്രാസ് കാർണിവല്‍ ഇവിടെയാണ്‌ നടക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top