ശംഖുമുഖത്ത് മുങ്ങിയത് ഗ്രീക്ക് കപ്പൽ; അഞ്ചുതെങ്ങില്‍ ഡച്ച് കപ്പല്‍; മുങ്ങിത്താണത് കടല്‍ക്കൊള്ളക്കാര്‍ തകര്‍ത്തും തീപിടിച്ചും; കപ്പല്‍ അവശിഷ്ടങ്ങള്‍ ഇപ്പോള്‍ അപൂര്‍വ ജീവികളുടെ താവളം

തിരുവനന്തപുരം: പ്രാചീന കാലത്ത് കേരള തീരത്ത് എത്ര കപ്പലുകള്‍ മുങ്ങി എന്നതിനെക്കുറിച്ച് കൃത്യമായ കണക്കുകളില്ല. മുങ്ങിയ അഞ്ചു കപ്പലുകളെക്കുറിച്ച് വിവരങ്ങള്‍ ഉള്ളതില്‍ രണ്ടെണ്ണം തിരുവനന്തപുരം ഭാഗത്തും മൂന്നെണ്ണം കൊച്ചി, കോഴിക്കോട് ഭാഗങ്ങളിലും ആണെന്നാണ് പുറത്ത് വന്നിട്ടുള്ള വിവരം. തിരുവനന്തപുരം അഞ്ചുതെങ്ങിലും ശംഖുമുഖത്തും മുങ്ങിയ കപ്പല്‍ അവശിഷ്ടങ്ങളില്‍ അപൂര്‍വ ഇനം സമുദ്രജീവികള്‍ താവളമാക്കിയെന്നാണ് കേരള സർവകലാശാല അക്വാറ്റിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പിലെ ഗവേഷക സംഘം ഇപ്പോള്‍ കണ്ടെത്തിയത്. 40 മുതൽ 100 മീറ്റർ ആഴത്തിലാണ് കടലിൽ പഠനം നടത്തിയത്. അക്വാറ്റിക് ബയോളജി വകുപ്പ് മേധാവി പ്രൊഫ. എ.ബിജു കുമാറിന്റെ നേതൃത്വത്തിലായിരുന്നു പഠനം.

212 ഇനം സമുദ്രജീവികളെയാണ് വിദൂര നിയന്ത്രിത വാഹനങ്ങൾ ഉപയോഗിച്ചു കണ്ടെത്തിയത്. ഈ കപ്പലുകള്‍ അപൂര്‍വയിനം സമുദ്ര ജീവികളുടെ പ്രജനനകേന്ദ്രം കൂടിയാണ്. മുള്ളൻ കടൽ കുതിര, ഓറഞ്ച് കപ്പ് പവിഴ ജീവി, സ്ക്വാറ്റ് ലോബസ്റ്റർ, ഒട്ടക ചെമ്മീൻ, റെഡ് വൈറ്റ് ക്ലീനർ ചെമ്മീൻ എന്നിവ ഉൾപ്പെടെ ഒട്ടേറെ ഇനങ്ങളെ കേരളത്തിൽ ആദ്യമായാണ് രേഖപ്പെടുത്തിയതെന്നാണ് അധികൃതര്‍ പറഞ്ഞത്. 1752ൽ ആണ് അഞ്ചുതെങ്ങിൽ ഡച്ച് കപ്പല്‍ മുങ്ങിയത്. ഈ കപ്പൽ നേരത്തെ കണ്ടെത്തിയിരുന്നു. 1968ൽ ശംഖുമുഖത്താണ് ഗ്രീക്ക് കപ്പൽ മുങ്ങിയത്. ഈ രണ്ട് കപ്പലുകള്‍ ആണ് സമുദ്രജീവികളുടെ താവളമായത്.

കേരള തീരത്ത് നൂറില്‍ കൂടുതല്‍ കപ്പലുകള്‍ മുങ്ങിയിട്ടുണ്ടാകണമെന്ന് ചരിത്രകാരന്‍ എം.ജി.ശശിഭൂഷണ്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “അറബി -ചൈനീസ് കപ്പലുകളൊക്കെ മുങ്ങിയിട്ടുണ്ട്. സുനാമി വന്ന് കപ്പല്‍ മുങ്ങിയതായി ഇബിന്‍ബത്തൂത്ത നല്‍കിയ വിവരണങ്ങളിലുണ്ട്. പറങ്കികള്‍ കപ്പല്‍ മുക്കിയതായി പറയുന്നുണ്ട്. ഹജിനായി പോയ കപ്പലുകള്‍ പോർച്ചുഗീസുകാർ മുക്കിയതായി പറയുന്നുണ്ട്. സ്വര്‍ണങ്ങളും അമൂല്യമായ വജ്രങ്ങളുമായാണ് പല കപ്പലുകളും മുങ്ങിയത്. ഇതിനൊന്നും കൃത്യമായ പഠനം നടത്തിയിട്ടില്ല. 2015 കാലയളവില്‍ ഡ്രഡ്ജ് ചെയ്യുമ്പോള്‍ ചൈനീസ് നാണയങ്ങള്‍ കൊല്ലം കടല്‍ തീരത്തുനിന്നും കിട്ടിയിട്ടുണ്ട്. ഇത് കപ്പല്‍ തകര്‍ച്ചയുടെ തെളിവുകളാണ്. കേരള തീരത്തുനിന്നും ശാസ്ത്രീയമായി മറൈന്‍ ആര്‍ക്കിയോളജിസ്റ്റുകളുടെ സംഘം ഗവേഷണം നടത്തുകയാണെങ്കില്‍ അമൂല്യമായ പലതും കണ്ടെത്താന്‍ കഴിയും.” – ശശിഭൂഷണ്‍ പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top