‘ഗഗനചാരി’ക്ക് കയ്യടിച്ച് മലയാള സിനിമ ലോകം; നിര്‍മാതാവ് അജിത് വിനായകയുടെ ധൈര്യമാണ് ഈ ചിത്രമെന്ന് ശങ്കര്‍ രാമകൃഷ്ണന്‍
അരുണ്‍ ചന്ദു സംവിധാനം ചെയ്ത സൈ-ഫൈ ചിത്രം ഗഗനചാരി മികച്ച പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുന്നു. ചിത്രത്തെയും അഭിനേതാക്കളുടെ പ്രകടനങ്ങളെയും പ്രശംസിച്ച് മലയാള സിനിമയിലെ നിരവധി താരങ്ങള്‍ രംഗത്തെത്തി. ഓരോ അഭിനേതാക്കളുടെയും പ്രകടനങ്ങള്‍ മികച്ചതാണെന്നും ഗോകുല്‍ സുരേഷിന്‌റെ പ്രകടനം തനിക്ക് വളരെ ഇഷ്ടപ്പെട്ടെന്നും നടി സാനിയ ഇയ്യപ്പന്‍ പറഞ്ഞു. അനാര്‍ക്കലിയുടെ ഏലിയന്‍ കഥാപാത്രം ഒരു സൂപ്പര്‍ ഹീറോ ഫീല്‍ ആണ് തന്നതെന്നും സാനിയ മാധ്യമങ്ങളോട് പറഞ്ഞു. വളരെ വ്യത്യസ്തമായ ചിത്രം എന്നാണ് നവ്യ നായര്‍ ഗഗനചാരിയെ വിശേഷിപ്പിച്ചത്. ഗോകുലും അനാര്‍ക്കലിയും തനിക്ക് വേണ്ടപ്പെട്ട ആളുകളാണെന്നും അവരുടെ പ്രകടനത്തില്‍ വലിയ സന്തോഷം തോന്നിയെന്നും നവ്യ വ്യക്തമാക്കി. ‘ഗണേഷേട്ടന്റെ അഭിനയം അടിപൊളിയായിരുന്നു,’ എന്നും നവ്യ കൂട്ടിച്ചേര്‍ത്തു.
ഇതുവരെ കണ്ടതരത്തിലുള്ള ചിത്രമല്ല, വ്യത്യസ്തമായ ശ്രമമാണ് ഗഗനചാരിയെന്ന് നടി പ്രിയ പ്രകാശ് വാര്യര്‍ പറഞ്ഞു. അനാര്‍ക്കലിയുടെയും ഗോകുലിന്റെയും പ്രകടനത്തെയും പ്രിയ പ്രശംസിച്ചു. ഗഗനചാരി ഒരു തിയറ്റര്‍ എക്‌സ്പീരിയന്‍സ് ആണെന്നായിരുന്നു സംവിധായകനും തിരക്കഥാകൃത്തുമായ ശങ്കര്‍ രാമകൃഷ്ണന്‍ പ്രതികരിച്ചത്. മലയാളത്തില്‍ ഇത്തരം നല്ല സിനിമകള്‍ വരാനുള്ള തുടക്കമാണിതെന്നും അദ്ദേഹം പറഞ്ഞു. ഗോകുല്‍ സുരേഷ്, അനാര്‍ക്കലി മരിക്കാര്‍, ഗണേഷ് കുമാര്‍, അജു വര്‍ഗീസ് എന്നിവരുടെ പ്രകടനത്തെയും ശങ്കര്‍ രാമകൃഷ്ണന്‍ പ്രശംസിച്ചു. ഒരു നിര്‍മാതാവ് കൂടി വിചാരിക്കുമ്പോഴാണ് ഇങ്ങനെയൊരു ചിത്രം സാധ്യമാകുന്നത് എന്ന് പറഞ്ഞ ശങ്കര്‍ രാമകൃഷ്ണന്‍ ചിത്രത്തിന്റെ നിര്‍മാതാവ് അജിത് വിനായകയ്ക്കും കയ്യടിച്ചു.
ഗഗനചാരി ആഗോള തലത്തില്‍ വിവിധ ഫെസ്റ്റുകളില്‍ അംഗീകാരങ്ങള്‍ സ്വന്തമാക്കിയ ശേഷം കേരളത്തില്‍ നടന്ന കേരള പോപ് കോണിന്റെ ഭാഗമായും പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. വളരെ മികച്ച പ്രേക്ഷകപ്രതികരണമാണ് ചിത്രത്തിന് അവിടെവച്ചും ലഭിച്ചത്. ഇതെക്കൂടാതെ മികച്ച ചിത്രം, മികച്ച വിഷ്വല്‍ എഫക്ട്‌സ് എന്ന വിഭാഗങ്ങളില്‍ ന്യൂയോര്‍ക്ക് ഫിലിം അവാര്‍ഡ്സ്, ലോസ് ആഞ്ചലസ് ഫിലിം അവാര്‍ഡ്സ്, തെക്കന്‍ ഇറ്റലിയില്‍ വെച്ച് നടന്ന പ്രമാണ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളിലും അമേരിക്ക, യൂറോപ്പ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഫെസ്റ്റുകളിലും ഗഗനചാരി പ്രദര്‍ശിപ്പിച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here