എന്‍സിപി-കോണ്‍ഗ്രസ് ലയനത്തിന് സാധ്യത; കേരളത്തിലെ ഘടകം എന്ത് ചെയ്യും? ജെഡിഎസ് മാതൃകയില്‍ ഒറ്റയ്ക്ക് നില്‍ക്കേണ്ടി വരും

തിരുവനന്തപുരം : പാര്‍ട്ടിയും ചിഹ്നവും നഷ്ടപ്പെട്ട ശരത് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) കോണ്‍ഗ്രസില്‍ ലയിക്കാനുളള നീക്കങ്ങള്‍ നടത്തുന്നതായാണ് മഹാരാഷ്ട്രയില്‍ നിന്നും പുറത്തു വരുന്ന വിവരങ്ങള്‍. ഇതിനു മുന്നോടിയായി പ്രമുഖ നേതാക്കളുമായി ശരത് പവാര്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. എന്‍സിപിയുടെ കൊടിപിടിച്ച് വളര്‍ന്നവരും വിജയിച്ചവരുമെല്ലാം അജിത്ത് പവാറിനൊപ്പം ബിജെപി പാളയത്തില്‍ ചേക്കേറിയതിന്റെ ആഘാതം മാറുന്നതിന് മുമ്പാണ് പാര്‍ട്ടിയും ചിഹ്നവും ശരത്പവാറിന് നഷ്ടമായത്. ഇതോടെ കോണ്‍ഗ്രസുമായുള്ള ലയനം എന്നതല്ലാതെ മറ്റൊരു വഴിയും നിലവില്‍ എന്‍സിപിക്ക് മുന്നിലില്ല. ശരത്പവാര്‍ എന്ന അതികായന്‍ മാത്രമാണ് നിലവില്‍ അവശേഷിക്കുന്നത്. പുതുതായി പ്രഖ്യാപിച്ച നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി ശരത്ചന്ദ്ര പവാര്‍ (എന്‍സിപി-എസ്) എന്ന പുതിയ പാര്‍ട്ടിയെ ഒറ്റയ്ക്ക് നിന്ന് പോരാടി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യം ആര് മനസിലാക്കിയില്ലെങ്കിലും ശരത് പവാര്‍ മനസിലാക്കുന്നുണ്ട്. പ്രായവും അനാരോഗ്യവുമാണ് പിന്നോട്ടടിക്കുന്ന പ്രധാന ഘടകങ്ങള്‍.

പ്രതിസന്ധി കേരളത്തില്‍

ദേശീയ ഘടകത്തിലെ ഓരോ മാറ്റവും പ്രതിസന്ധിയിലാക്കുന്നത് എന്‍സിപിയുടെ കേരള ഘടകത്തെയാണ്. നിലവില്‍ ഇടതു മുന്നണിയുടെ ഭാഗമായി മന്ത്രിസഭയില്‍ വരെ അംഗമായ കേരള എന്‍സിപിക്ക് പിളര്‍പ്പും ലയനവുമെല്ലാം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച ഔദ്യോഗിക എന്‍സിപിക്കൊപ്പം നിന്നാല്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയുടെ ഭാഗമാകണം. ശരത് പവാറിനൊപ്പം നിന്നാല്‍ കോണ്‍ഗ്രസില്‍ ലയിക്കണം. ഈ പ്രതിസന്ധി എങ്ങനെ തരണം ചെയ്യാം എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്. കോണ്‍ഗ്രസ് വിട്ട ശേഷം എന്‍സിപിയുടെ സംസ്ഥാന പ്രസിഡന്റായ പി.സി.ചാക്കോയെയും ഈ പ്രതിസന്ധി അലട്ടുന്നുണ്ട്. ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടില്ലെങ്കിലും സംസ്ഥാനത്തെ എന്‍സിപിയും ഇരു വിഭാഗങ്ങളായി ചേരി തിരിഞ്ഞിട്ടുണ്ട്. ഇതുകൂടാതെയാണ് ശരത് പവാറിനൊപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിക്കുമ്പോഴും മന്ത്രിസ്ഥാനത്തിനായി കുട്ടനാട് എംഎല്‍എ തോമസ് കെ.തോമസ് ഉയര്‍ത്തുന്ന സമ്മര്‍ദവും. ജെഡിഎസ് എന്‍ഡിഎയില്‍ ചേരുകയാണെന്ന് ദേശീയ അധ്യക്ഷന്‍ ദേവഗൗഡ പ്രഖ്യാപിച്ചപ്പോള്‍ സ്വതന്ത്രമായി നില്‍ക്കുകയാണെന്നാണ് സംസ്ഥാന നേതൃത്വം നിലപാടെടുത്തത്. അതേ മാതൃക തന്നെയാകും എന്‍സിപിയും സ്വീകരിക്കുക.

പവാറിന്റെ പ്ലാന്‍ ബി

സോണിയാ ഗാന്ധിയുടെ വിദേശ പൗരത്വത്തെ വിമര്‍ശിച്ചാണ് കോണ്‍ഗ്രസിലെ അതികായനായിരുന്ന ശരത്പവാര്‍ പാര്‍ട്ടി വിട്ടത്. പി.എ.സാങ്ങ്മ, താരിഖ് അന്‍വര്‍ തുടങ്ങിയ നേതാക്കള്‍ക്കൊപ്പമായിരുന്നു പുതിയ പാര്‍ട്ടിയുടെ രൂപീകരണം. കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചെങ്കിലും പൂര്‍ണ്ണമായും പവാര്‍ കോണ്‍ഗ്രസിനെ ശത്രുപക്ഷത്ത് നിര്‍ത്തിയില്ല. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പാര്‍ട്ടിക്ക് സ്വാധീനം ഉണ്ടായിരുന്നെങ്കിലും സ്വന്തം തട്ടകമായ മഹാരാഷ്ട്രയിൽ മാത്രമാണ് പവാർ ശ്രദ്ധ കേന്ദ്രീകരിച്ചത്. 10 വര്‍ഷം കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് മഹാരാഷ്ട്ര ഭരിച്ചു. കേന്ദ്രം ഭരിച്ച രണ്ട് യുപിഎ സര്‍ക്കാരുകളിലും പങ്കാളിയായി. ബിജെപി മഹാരാഷ്ട്രയില്‍ ശക്തമായതോടെ എന്‍സിപിയുടെ തളര്‍ച്ചയും തുടങ്ങി. പവാറിന്റെ അനാരോഗ്യത്തോടൊപ്പം അനന്തരവനായ അജിത്ത് പവാറും മകള്‍ സുപ്രിയ സുലേയും തമ്മില്‍ പാര്‍ട്ടിക്കുള്ളില്‍ അധികാര വടംവലിയും കൂടിയായപ്പോള്‍ തകര്‍ച്ചയുടെ ആക്കം കൂടി. എന്‍സിപിയില്‍ നിന്ന് ബിജെപി പാളയത്തിലേക്ക് പോകുമെന്ന് അജിത്ത് പവാര്‍ നിരവധി തവണ പ്രഖ്യാപിച്ചതാണ്. എന്നാല്‍ അന്നെല്ലാം ശരത് പവാര്‍ എന്ന രാഷ്ട്രീയ ചാണക്യന്‍ അതിനെ ഫലപ്രദമായി തടഞ്ഞു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഭൂരിപക്ഷം എംഎല്‍എമാരേയും ഒപ്പം കൂട്ടി അജിത്ത് പവാര്‍ ബിജെപി കൂടാരം കയറി. മഹാരാഷ്ട്ര നിയമസഭയിലൈ 81 എന്‍സിപി എംഎല്‍എമാരില്‍ 51 എംഎല്‍എമാരും ഇപ്പോള്‍ അജിത്ത് പവാറിനൊപ്പമാണ്. ഇതോടെയാണ് പാര്‍ട്ടിയും ഓദ്യോഗിക ചിഹ്നമായ ക്ലോക്കും ശരത് പവാറിന് നഷ്ടമായതും.

നിലവില്‍ ഇന്ത്യാ മുന്നണിക്കൊപ്പമാണ് ശരത് പവാര്‍.മഹാരാഷ്ട്രയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പവാറിനെ മുബൈയിലെ എന്‍സിപി ആസ്ഥാനത്ത് സന്ദര്‍ശിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ചര്‍ച്ചകള്‍ക്കായാണ് താന്‍ പവാറിനെ കണ്ടതെന്ന് ചെന്നിത്തല പറയുന്നുണ്ടെങ്കിലും ലയന കാര്യവും ചര്‍ച്ചയില്‍ ഉയര്‍ന്നുവെന്നാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ പറയുന്നത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ പോരാട്ടത്തിനൊപ്പം സ്വന്തം അസ്തിത്വം കൂടി വീണ്ടെടുക്കാനുള്ള ശ്രമമാണ് ജീവിത സായാഹ്നത്തിലെത്തിയ ഈ നേതാവ് നടത്തേണ്ടത്. ശരത് പവാറിലെ പോരാളി അത്രവേഗത്തില്‍ തോല്‍വി സമ്മതിക്കുന്നതല്ല. പലപ്പോഴും ഉടലെടുത്ത ഇത്തരം പ്രതിസന്ധികളെ തരണം ചെയ്താണ് പവാര്‍ മുന്നോട്ട് പോയത്. അതിനാല്‍ ഇവിടെയും വീഴാതെ മുന്നോട്ടു പോകാന്‍ പവാര്‍ എന്ത് വഴിതേടുമെന്ന ആക്ഷാംക്ഷയാണ് നിലനില്‍ക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top