സിപിഎമ്മില്‍ ചേര്‍ന്ന കാപ്പ കേസ് പ്രതി ഡിവൈഎഫ്ഐ പ്രവർത്തകന്റെ തല അടിച്ചു പൊട്ടിച്ചു; ശരൺ ചന്ദ്രനെതിരെ പോലീസ് കേസ്

പത്തനംതിട്ടയില്‍ സിപിഎമ്മില്‍ ചേര്‍ന്ന കാപ്പ കേസ് പ്രതി ഡിവൈഎഫ്ഐ പ്രവർത്തകന്റെ തല അടിച്ചു പൊട്ടിച്ചു. മുണ്ടുകോട്ടയ്ക്കലിലാണ് സംഭവം. മലയാലപ്പുഴ സ്വദേശി ഇഡ്ഡലി എന്ന് വിളിക്കപ്പെടുന്ന ശരൺ ചന്ദ്രനാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ രാജേഷിന്‍റെ തല ബിയർ ബോട്ടിൽ കൊണ്ട് അടിച്ച് തകര്‍ത്തത്.

ഓഗസ്റ്റ് 29ന് ഒരു വിവാഹ സൽക്കാര ചടങ്ങിനിടെയായിരുന്നു ആക്രമണം. തലയ്ക്കും മുഖത്തും പരുക്കേറ്റ രാജേഷ് ചികിത്സ തേടി. ഭീഷണിയെ തുടര്‍ന്ന് പോലീസിനു മൊഴി നല്‍കിയില്ല. പൊലീസ് എത്തിയപ്പോള്‍ വാഹനത്തിൽ നിന്നും വീണതെന്നാണ് പറഞ്ഞത്. പിന്നീടാണ് പത്തനംതിട്ട പോലീസിൽ പരാതി നല്കിയത്. ശരൺ ചന്ദ്രനെ പ്രതിയാക്കി പോലീസ് കേസെടുത്തെങ്കിലും ദുർബല വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ശരൺ ചന്ദ്രന്‍. ബിജെപിയില്‍ നിന്നുമാണ് ശരണ്‍ അടക്കമുള്ള കാപ്പ പ്രതികള്‍ സിപിഎമ്മില്‍ ചേര്‍ന്നത്. കാപ്പ കേസ് പ്രതികളെ സ്വാഗതം ചെയ്യാന്‍ ജൂലായ് അഞ്ചിന് സിപിഎം സംഘടിപ്പിച്ച ചടങ്ങില്‍ മന്ത്രി വീണ ജോര്‍ജ് എത്തിയത് വിവാദമായിരുന്നു. ശരണിനെ സിപിഎമ്മിലേക്ക് മാലയിട്ട് സ്വീകരിച്ചത് പത്തനംതിട്ട ജില്ലാ സെക്രട്ടറി
കെ.പി ഉദയഭാനുവാണ്. ഇത് സിപിഎമ്മിനുള്ളില്‍ തന്നെ എതിര്‍പ്പിനു കാരണമായിരുന്നു.

കഴിഞ്ഞ വര്‍ഷമാണ്‌ ശരണ്‍ ചന്ദ്രന്റെ പേരില്‍ കാപ്പ ചുമത്തിയത്. എന്നാല്‍ നാടുകടത്തിയിരുന്നില്ല. പത്തനംതിട്ട സ്റ്റേഷനിലെ കേസില്‍ പ്രതിയായതോടെയാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ജൂണ്‍ 23നാണ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. സിപിഎം ഇവര്‍ക്ക് രാഷ്ട്രീയ സംരക്ഷണം ഒരുക്കിയത് കൊണ്ടാണ് കാപ്പ കേസ് പ്രതികള്‍ ഉള്‍പ്പെടെയുള്ള സംഘം സിപിഎമ്മില്‍ ചേര്‍ന്നത് എന്ന ആരോപണം ശക്തമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top