ആദ്യം ശരീഅത്ത്, പിന്നെ ഭരണഘടന…. ജാർക്കണ്ഡ് മന്ത്രിയുടെ പരാമർശം വിവാദമാകുന്നു

നാട് ഭരിക്കുന്ന മന്ത്രിമാർക്ക് രാജ്യത്തിൻ്റെ ഭരണഘടനയോടുളള സമീപനം അറിയാൻ വേറെങ്ങും പോകേണ്ടിവരില്ല. ഭരണഘടന ജനത്തെ കൊള്ളയടിക്കാൻ ഉണ്ടാക്കി വച്ചിരിക്കുന്നത് ആണെന്നും ജനാധിപത്യം, മതേതരത്വം, കുന്തം, കുടചക്രം എന്നിങ്ങനെ ചിലതെല്ലാം അതിൽ എഴുതി ചേർത്തിരിക്കുക ആണെന്നും പൊതുവേദിയിൽ പ്രസംഗിച്ച് അതിൻ്റെ പേരിൽ ഒരു മന്ത്രി രാജിവച്ചിറങ്ങേണ്ടി വന്ന നാടാണ് കേരളം. പോയതിനേക്കാൾ വേഗത്തിൽ അയാൾ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തി എന്നതാണ് ഏറ്റവും പ്രധാനം.
ഇപ്പോഴിതാ ജാർക്കണ്ഡിൽ നിന്നുളള ഒരു മന്ത്രിയുടെ ഭരണഘടനയോടുള്ള സമീപനം അദ്ദേഹം തന്നെ തുറന്നു പറഞ്ഞതാണ് വിവാദമാകുന്നത്. ശരീഅത്ത് ആണ് തനിക്ക് മുഖ്യം, അതിന് ശേഷമേ ഭരണഘടന വരുന്നുള്ളൂ എന്നാണ് മന്ത്രി ഹഫീസുൾ ഹസൻ്റെ വെളിപ്പെടുത്തൽ. ജാർക്കണ്ഡ് മുക്തിമോർച്ച നേതാവായ അദ്ദേഹം സ്പോർട്സ് യുവജനകാര്യം, ന്യൂനപക്ഷക്ഷേമ വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത്. മുസ്ലിങ്ങൾ ഭരണഘടന കയ്യിൽ കൊണ്ടുനടക്കും, പക്ഷെ ഖുറാൻ ഹൃദയത്തിൽ സൂക്ഷിക്കും. താനും അതുപോലെയാണെന്ന് ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഹസൻ വിശദീകരിച്ചത്.
ഇതിനെതിരെ ബിജെപി രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തി. ഇത്തരക്കാർക്ക് പാക്കിസ്ഥാനിലേക്കും ബംഗ്ലാദേശിലേക്കുമുള്ള വാതിലുകൾ തുറന്നു കിടക്കുകയാണ് എന്നാണ് ബിജെപി വക്താവ് അജയ് സാഹ് പറഞ്ഞത്. ബാബ സാഹിബ് അംബേദ്കറുടെ ഭരണഘടന മാത്രമേ ഇന്ത്യക്ക് പിന്തുടരാൻ കഴിയൂവെന്നും അതുപ്രകാരം പ്രവർത്തിക്കാൻ കഴിയാത്തവർ ഭരണഘടനാ പദവികൾ ഉപേക്ഷിച്ച് രാജ്യം വിടണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഇത്തരം പ്രസ്താവനകൾക്ക് ജാർക്കണ്ഡ് മുക്തിമോർച്ച നേതൃത്വം മറുപടി പറയണമെന്നും ആവശ്യമുയർന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here