ഷാരോണ്‍ കൊലക്കേസ് വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണം; ഗ്രീഷ്മ സുപ്രീംകോടതിയിൽ
ന്യൂഡല്‍ഹി: ഷാരോണ്‍ വധക്കേസ് വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന ആവശ്യവുമായി പ്രതി ഗ്രീഷ്മ സുപ്രീംകോടതിയിൽ. വിചാരണ കന്യാകുമാരിലെ ജെഎംഎഫ് സി കോടതിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം. ഗ്രീഷ്മ, ഗ്രീഷ്മയുടെ അമ്മ, അമ്മാവൻ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സംഭവം നടന്നത് തമിഴ്നാട്ടിലായതിനാൽ വിചാരണയും അവിടെ നടത്തണമെന്നാണ് ഹർജിയിലെ ആവശ്യം.
കാമുകനെ കഷായത്തിൽ വിഷം കൊടുത്ത് കൊന്ന ഗ്രീഷ്മ കഴിഞ്ഞ ദിവസമാണ് ജയിൽ മോചിതയായത്. പോലീസ് കസ്റ്റഡിയിൽ കഴിയവെ ആത്മഹത്യാശ്രമം നടത്തിയതിനും ഗ്രീഷ്മക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പ്രണയബന്ധം തുടരവേ മറ്റൊരു ആലോചന വന്നതാണ് ഗ്രീഷ്മ ഷാരോണിനെ ഇല്ലാതാക്കാന്‍ കാരണം. ഒഴിവാക്കാൻ ഗ്രീഷ്മ പലതവണ ശ്രമിച്ചെങ്കിലും ഷാരോൺ പിന്മാറാൻ തയ്യാറായിരുന്നില്ല. ഇതോടെയാണ് കൊലപ്പെടുത്താൻ ആസൂത്രണം നടത്തിയതെന്നാണ് പൊലീസിന്റെ കുറ്റപത്രം
പാരസെറ്റമോള്‍ അമിത അളവില്‍ ജ്യൂസില്‍ കലര്‍ത്തി നല്‍കി കൊലയ്ക്ക് ശ്രമിച്ചെങ്കിലും അത് നടന്നില്ല. അതിനു ശേഷം ഷാരോണിനെ വീട്ടിലേക്ക് വരാന്‍ ക്ഷണിച്ച ശേഷം കഷായത്തില്‍ വിഷം ചേര്‍ത്ത് നല്‍കി. ഷാരോണിന്‍റെ മരണം വിവാദമായപ്പോള്‍ ഗ്രീഷ്മയും കുടുംബവും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു. ഇതോടെ അമ്മയും അമ്മാവനും കേസില്‍ പ്രതികളായി മാറി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here