ഷാരോണ്‍ വധക്കേസില്‍ പ്രതിഭാഗത്തിന് തിരിച്ചടി; ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അധികാരമുണ്ടെന്ന് കോടതി

കൊച്ചി: ഷാരോണ്‍ വധക്കേസില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഫയല്‍ ചെയ്ത അന്തിമ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗ്രീഷ്മയടക്കമുള്ള പ്രതികൾ സമർപ്പിച്ച ഹർജിയിൽ തിരിച്ചടി. ക്രിമിനല്‍ നിയമത്തിലെ സെക്ഷന്‍ 173 പ്രകാരം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് അധികാരമുണ്ടെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി.

കുറ്റകൃത്യം അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവന്‍, പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനല്ലാത്തതിനാല്‍, CrPC 173 വകുപ്പ് പ്രകാരം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാകുമോ എന്നതായിരുന്നു കോടതിയുടെ മുന്നിലുള്ള കേസ്.

സെന്‍സേഷണല്‍ സ്വഭാവമുള്ള കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ സഹായിക്കുന്ന പ്രത്യേക അന്വേഷണ വിഭാഗമാണ് ജില്ലാ ക്രൈം ബ്രാഞ്ച് എന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് നിരീക്ഷിച്ചു. സ്റ്റേറ്റ് ഓഫ് ബിഹാര്‍ vs ലാലു സിംഗ് (2014) വിധി പരാമര്‍ശിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.

പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനേക്കാള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായതിനാല്‍ അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ തിരുവനന്തപുരം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടും അനുയോജ്യനാണെന്ന് കോടതി പറഞ്ഞു.

പ്രണയബന്ധത്തില്‍ നിന്ന് പുറത്തുകടക്കനായി 2022 ഒക്ടോബര്‍ 14ന് ഗ്രീഷ്മ, ഷാരോണ്‍ രാജിനെ വിഷം കൊടുത്തു കൊന്നെന്നാണ് കേസ്. കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതിനും തെളിവ് നശിപ്പിച്ചതിനും ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും കൂട്ടുപ്രതികളായി നിരത്തിയിട്ടുണ്ട്. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, വിഷം കൊടുക്കല്‍, തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കല്‍, തെറ്റായ വിവരങ്ങള്‍ നല്‍കി അന്വേഷണം വഴിതിരിപ്പിക്കാന്‍ ശ്രമിക്കല്‍ എന്നിങ്ങനെയാണ് പ്രതികള്‍ക്കെതിരെ ചാര്‍ത്തിയിരിക്കുന്ന കുറ്റകൃത്യങ്ങള്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top