ഷാരോണ്‍ വധക്കേസ് വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റില്ല; ഹര്‍ജി തള്ളി സുപ്രീംകോടതി

ഡല്‍ഹി: ഷാരോണ്‍ വധക്കേസിലെ വിചാരണ തമിഴ്നാട് കോടതിയിലേക്ക് മാറ്റണമെന്ന ഗ്രീഷ്മയടക്കമുള്ള പ്രതികളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. കുറ്റകൃത്യം നടന്നത് തമിഴ്നാട്ടിലാണെന്ന് പോലീസ് പറയുന്നതിനാല്‍ വിചാരണ നെയ്യാറ്റിൻകരയിൽ നിന്ന് നാഗർകോവിലിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് തള്ളിയത്.
കുറ്റപത്രം സ്വീകരിച്ചതിനെതിരെ വിചാരണ കോടതിയെ വീണ്ടും സമീപിക്കാൻ ഹൈക്കോടതി നേരത്തെ നിർദ്ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തിൽ ട്രാൻസ്ഫർ ഹർജിയിൽ ഇടപെടുന്നത് ശരിയല്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്.
നിലവില്‍ നെയ്യാറ്റിൻകരയിലാണ് വിചാരണ നടപടികള്‍ നടക്കുന്നത്. ഇത് കന്യാകുമാരിലെ ജെഎംഎഫ് സി കോടതിയിലേക്ക് മാറ്റണമെന്നായിരുന്നു ആവശ്യം.
പ്രതികളുടെ വീട് കന്യാകുമാരി ജില്ലയിലെ പൂമ്പള്ളിക്കോണത്താണ്. സംഭവം നടന്നത് തമിഴ്നാട്ടിലായതിനാൽ വിചാരണയും അവിടെ നടത്തണമെന്നാണ് ഹർജിയിലെ ആവശ്യം. പ്രതികള്‍ക്കായി ഹർജി സമര്‍പ്പിച്ചത് അഭിഭാഷകനായ ശ്രീറാം പാറക്കാട്ടാണ്.
കാമുകനെ കഷായത്തിൽ വിഷം കൊടുത്ത് കൊന്ന ഗ്രീഷ്മ കഴിഞ്ഞ ദിവസമാണ് ജയിൽ മോചിതയായത്. പോലീസ് കസ്റ്റഡിയിൽ കഴിയവെ ആത്മഹത്യാശ്രമം നടത്തിയതിനും ഗ്രീഷ്മക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പ്രണയബന്ധം തുടരവേ മറ്റൊരു ആലോചന വന്നതാണ് ഗ്രീഷ്മ ഷാരോണിനെ ഇല്ലാതാക്കാന്‍ കാരണം. ഒഴിവാക്കാൻ ഗ്രീഷ്മ പലതവണ ശ്രമിച്ചെങ്കിലും ഷാരോൺ പിന്മാറാൻ തയ്യാറായിരുന്നില്ല. ഇതോടെയാണ് കൊലപ്പെടുത്താൻ ആസൂത്രണം നടത്തിയതെന്നാണ് പൊലീസിന്റെ കുറ്റപത്രം.
2022 ഒക്ടോബർ 14-നാണ് ഷാരോണിനെ തമിഴ്‌നാട്ടിലെ പളുക്കലിലുള്ള വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ കഷായത്തിൽ കീടനാശിനി കലർത്തി നൽകിയത്. കടുത്ത ഛർദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഷാരോൺ വൃക്കയുൾപ്പെടെയുള്ള ആന്തരികാവയവങ്ങൾ ദ്രവിച്ച് 25നാണ് മരിക്കുന്നത്. ഷാരോണിന്റെ മരണമൊഴിയിൽ പോലും കാമുകി ഗ്രീഷ്മയെ സംശയിച്ചിരുന്നില്ല. പാറശ്ശാല പൊലീസ് സ്വാഭാവിക മരണമെന്ന നിഗമനത്തിലെത്തിയ കേസിൽ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ കാമുകനു വിഷം കൊടുത്തു കൊന്നതാണെന്ന് ഗ്രീഷ്മ സമ്മതിക്കുകയായിരുന്നു.
മറ്റൊരാളെ വിവാഹം കഴിക്കുന്നതിന് വേണ്ടി കാമുകനായ ഷാരോണിനെ ഒഴിവാക്കാനായിരുന്നു ഗ്രീഷ്മ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. ഷാരോണിനെ കൊലപ്പെടുത്തിയ ഗ്രീഷ്മയെ രക്ഷിക്കാൻ അമ്മയും അമ്മാവനും ശ്രമിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇവരെയും പ്രതി ചേർത്തത്. കൊലപാതകം, തെളിവു നശിപ്പിക്കൽ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here