ഗ്രീഷ്മയ്ക്ക് വധശിക്ഷ; കോടതിക്കുള്ളില്‍ നിർവികാരയായി പ്രതി; ആശ്വാസമെന്ന് ഷാരോണ്‍ രാജിന്റെ കുടുംബം
പാറശാല ഷാരോണ്‍രാജ് വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. കാമുകനെ ഒഴിവാക്കാന്‍ കഷായത്തില്‍ കീടനാശിന് കലര്‍ത്തി നല്‍കി കൊലപ്പെടുത്തി എന്ന കേസിലാണ് വിധി വന്നിരിക്കുന്നത്. നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. രാവിലെ തന്നെ ഗ്രീഷ്മയടക്കമുളള പ്രതികളെ കോടതിയില്‍ എത്തിച്ചിരുന്നു. കോടതിക്കുള്ളില്‍ നിർവികാരയായി നിന്നാണ് ഗ്രീഷ്മ വിധി കേട്ടത്.
വിധിയില്‍ സന്തോഷമെന്ന് ഷാരോണ്‍ രാജിന്റെ കുടുംബം പ്രതികരിച്ചു. വിധി കേള്‍ക്കാനായി ഷാരോണ്‍ രാജിന്റെ കുടുംബം കോടതിയില്‍ എത്തിയിരുന്നു. ശിക്ഷാ വിധിയില്‍ പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും അന്തിമവാദം വിശദമായി കേട്ട ശേഷമാണ് ശിക്ഷ വിധിച്ചത്. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യമാണ് പ്രോസിക്യൂഷന്‍ മുന്നോട്ടു വച്ചിരിക്കുന്നത്. സ്‌നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കൊലപാതകം നടത്തിയത്.കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും അന്തിമവാദത്തില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു.
തുടര്‍ പഠനം പ്രായം തുടങ്ങിയവ പരിഗണിക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കിടപ്പറ ദൃശ്യം പകര്‍ത്തി ഷാരോണ്‍ ഭീഷണിപ്പെടുത്തി. ബന്ധത്തില്‍ നിന്നും പിന്‍മാറണമെന്ന് ആവശ്യപ്പെട്ടിട്ടും തയാറായില്ല. തുടങ്ങിയ കാര്യങ്ങളാണ് പ്രതിഭാഗം കോടതിയുടെ മുന്നില്‍ വച്ചത്. എന്നാൽ കോടതി ഇതൊന്നും പരിഗണിക്കാതെയാണ് പരമാവധി ശിക്ഷവിധിച്ചത്.
2022 ഒക്ടോബര്‍ 14 നാണ് ഷാരോണ്‍ രാജിനെ ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം നല്‍കിയത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25-നാണ് ഷാരോണ്‍രാജ് മരിച്ചത്. സൈനികനുമായി വിവാഹം ഉറപ്പിച്ചതോടെയാണ് ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ നീക്കം നടത്തിയത്.വിവാഹം ഉറപ്പിച്ചതിന് ശേഷം ഷാരോണിന്റെ വീട്ടില്‍വെച്ച് ഇരുവരും താലികെട്ടി. പിന്നീട് വെട്ടുകാട് പള്ളിയില്‍ വെച്ചും താലികെട്ടി. തൃപ്പരപ്പിലുള്ള ഹോട്ടലില്‍ മുറിയെടുത്ത് ഇരുവരും ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടതായും കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ തെളിവുകളുടെ അഭാവത്തില്‍ രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിട്ടിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here