ഷാരൂക്ക് ഖാന്‍റെ സുരക്ഷ കൂട്ടി; ജീവന് ഭീഷണിയെന്ന് മഹാരാഷ്ട്രാ സര്‍ക്കാര്‍
മുംബൈ: ഷാരൂക്ക് ഖാന് സുരക്ഷ ശക്തമാക്കാന്‍ ഉത്തരവിട്ട് മഹാരാഷ്ട്ര സർക്കാർ. താരത്തിന്‍റെ പരാതിയെത്തുടര്‍ന്നാണ് സുരക്ഷാ നിലവാരം Y+ കാറ്റഗറിയിലേക്ക് ഉയർത്താൻ തീരുമാനിച്ചത്. ഷാരൂഖ് ഖാന്റെ സമീപകാല ചിത്രങ്ങളായ ‘പഠാൻ’, ‘ജവാൻ’ എന്നിവയുടെ വിജയത്തിന് ശേഷം താരത്തിന് വധഭീഷണി ഉണ്ടെന്ന് രേഖാമൂലം നൽകിയ പരാതിയെത്തുടർന്നാണിത്. ഈ സിനിമകള്‍ക്ക് ശേഷം താരത്തിനു ജീവന് ഭീഷണി വർധിച്ചുവെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ.
സുരക്ഷയുടെ ഭാഗമായി മഹാരാഷ്ട്ര പോലീസിന്റെ സ്പെഷ്യൽ പ്രൊട്ടക്ഷൻ ടീമിലുള്ള ആറ് സായുധ പൊലീസ് കമാന്റോകളും നാല് പോലീസുകാരും ഒരു ട്രാഫിക് ക്ലിയറന്‍സ് വാഹനവും ഉള്‍പ്പടെ 11 സുരക്ഷാ ഉദ്യോഗസ്ഥരും ഷാരൂഖിനൊപ്പം ഉണ്ടാകും. താരത്തിന്‍റെ മുംബൈയിലെ വസതിയായ മന്നത്തും സുരക്ഷ ഏര്‍പ്പെടത്തും.
രാജ്യത്തിനകത്ത് എല്ലാ സ്ഥലത്തും കമാന്റോകളുടെ സുരക്ഷാവലയത്തിലായിരിക്കും ഷാരൂഖിന്റെ യാത്ര. MP-5 യന്ത്രത്തോക്കുകൾ, AK-47 ആക്രമണ റൈഫിളുകൾ, ഗ്ലോക്ക് പിസ്റ്റളുകൾ എന്നിവയാണ് കമാന്റോകളുടെ ആയുധം. സുരക്ഷയ്ക്കുള്ള പണം ഷാരൂഖ് സംസ്ഥാന സര്‍ക്കാറിനു നല്‍കും.
ഉയർന്ന ഭീഷണി നേരിടുന്ന ആളുകൾക്ക് വൈ- പ്ലസ് സുരക്ഷ അനുവദിച്ചിരിക്കുന്നു. ഇന്ത്യയിൽ, സ്വകാര്യ സുരക്ഷയ്ക്ക് ആയുധങ്ങൾ അനുവദിനീയമല്ല, അതിനാലാണ് പോലീസ് സുരക്ഷ നൽകേണ്ടത്. വിഐപി സെക്യൂരിറ്റി വിഭാഗത്തിലെ സ്പെഷ്യൽ ഐജിപി ദിലീപ് സാവന്താണ് ഷാരൂഖ് ഖാന് സുരക്ഷാ ഭീഷണിയുള്ളതായി അറിയിച്ചത്. ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെ ഭീഷണിയെത്തുടർന്ന് ബോളിവുഡ് നടൻ സൽമാൻ ഖാനും വൈ – പ്ലസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
ബോളിവുഡിൽ മാത്രം രണ്ട് വമ്പൻ ഹിറ്റുകളാണ് ഷാരൂഖ് ഈ വർഷം ഒരുക്കിയത്. ജവാൻ ഇന്ത്യയിൽ മാത്രം 618.83 കോടി രൂപയാണ് നേടിയത്. ആഗോളതലത്തിൽ ജവാൻ നേടിയതാകട്ടെ 1,103 കോടിയും. ഈ വർഷം തുടക്കത്തില്‍ പുറത്തിറങ്ങിയ പഠാൻ ഇന്ത്യയിൽ 543.05 കോടിയും ആഗോളതലത്തിൽ 1,050.3 കോടി രൂപയും കളക്ഷൻ നേടി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here