പിണറായി സർക്കാരിനെ പുകഴ്ത്തി കാറ്റുപോയ തരൂർ!! ‘ടൈംസ് ഓഫ് ഇന്ത്യ’യെ ചാരി ചുവടുമാറ്റം; പാർട്ടിയിൽ ഒറ്റപ്പെട്ടെന്ന തിരിച്ചറിവും

പിണറായി സർക്കാരിൻ്റെ സ്റ്റാർട്ടപ്പ് നയത്തെ പുകഴ്ത്തി ലേഖനവും വാദപ്രതിവാദങ്ങളും നടത്തിയ കോൺഗ്രസ് നേതാവ് ശശി തരൂരിന് വസ്തുതയെല്ലാം മനസിലായത് ഞായറാഴ്ചത്തെ ടൈംസ് ഓഫ് ഇന്ത്യ പത്രം കണ്ടപ്പോൾ എന്നാണ് ഭാഷ്യം. സർക്കാരിനെ പുകഴ്ത്താൻ തരൂർ ആശ്രയിച്ച, വ്യവസായ വകുപ്പിൻ്റെ കണക്കുകളെയെല്ലാം പൊളിച്ചടുക്കും വിധമുള്ള വിവരങ്ങളാണ് ടൈംസ് റിപ്പോർട്ടർ കെ പി സായ്കിരൺ ഇന്നലെ പുറത്തുവിട്ടത്. ഇനിയും തിരുത്താൻ വൈകിയാൽ കൈപൊള്ളുമെന്ന് തിരിച്ചറിഞ്ഞ തരൂർ ഉടൻ തന്നെ തൻ്റെ മാറിയ നിലപാട്, പത്രത്തിൻ്റെ സ്ക്രീൻ ഷോട്ടുകളടക്കം എക്സിൽ പോസ്റ്റുചെയ്ത് മാലോകരെയെല്ലാം അറിയിക്കുകയായിരുന്നു.

കേരളത്തിൻ്റെ സ്റ്റാർട്ടപ്പ് സംരംഭങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യപ്പെട്ടത് പോലെയല്ല എന്ന വിവരം ഞെട്ടിക്കുന്നുവെന്നാണ് തരൂർ ഇന്നലെ എക്‌സിൽ കുറിച്ചത്. സംരംഭങ്ങൾ വെറും കടലാസിൽ മാത്രമാകരുത് എന്നും അദ്ദേഹം തുറന്നെഴുതി. സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ എണ്ണത്തിൽ വലിയ കുതിച്ചുചാട്ടം സർക്കാർ അവകാശപ്പെടുമ്പോൾ, കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ 42,000 സ്റ്റാർട്ടപ് പൂട്ടിയിട്ടുണ്ട് എന്നായിരുന്നു വാർത്ത. ഇത് പുറത്തുവന്നതോടെയാണ് പറഞ്ഞതെല്ലാം വിഴുങ്ങേണ്ട ഗതികേടിൽ ശശി തരൂർ എത്തിയത്.

Also Read: നിലപാടിലുറച്ച് ശശി തരൂർ; ‘കേന്ദ്രം നന്നായി ചെയ്താൽ പിന്തുണക്കും, ലേഖനം എഴുതിയത് വസ്തുതകളുടെ അടിസ്ഥാനത്തിൽ’

കേരളത്തിൻ്റെ വ്യവസായ വികസനത്തെ പുകഴ്തിക്കൊണ്ടുള്ള ശശി തരൂരിൻ്റെ ലേഖനം ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ വന്ന ഘട്ടത്തിൽ തന്നെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കണക്കുകൾ സഹിതം തരൂരിൻ്റെ വാദങ്ങളെ ഖണ്ഡിച്ചിരുന്നു. ഇടതുപക്ഷം തരൂരിൻ്റെ നിലപാടിനെ പാടിപ്പുകഴ്ത്താൻ ഇറങ്ങിയതോടെ അദ്ദേഹം തൻ്റെ വാദങ്ങളിൽ പുതിയ ന്യായങ്ങൾ നിരത്താൻ തുടങ്ങി. ഈ നിലപാടുകളെ പക്ഷെ കോൺഗ്രസിലെ തരൂർ അനുകൂലികൾ പോലും പിന്തുണച്ചില്ല. ഡൽഹിയിൽ വിളിച്ചുവരുത്തി ഹൈക്കമാൻഡ് വ്യക്തമായ സന്ദേശം നൽകുക കൂടി ചെയ്തതോടെ തർക്കത്തിൽ നിന്ന് തലയൂരാൻ പറ്റിയൊരു അവസരത്തിനായി കാത്തു.

Also Read: യാസർ അരാഫത്തിനെ പലതവണ നേരിട്ട് കണ്ടിട്ടുണ്ട്, പലസ്തീനെപ്പറ്റി തന്നെ പഠിപ്പിക്കാൻ ആരും വരേണ്ടാ: ശശി തരൂർ

ഇതിനിടയിലാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് വരുന്നത്. പൂട്ടിപ്പോയ സംരംഭങ്ങളുടെ കണക്കുകൾ സഹിതം വാർത്ത കൂടി വന്നതോടെ ഇത് തന്നെ അസവരം എന്ന് കണക്കൂകൂട്ടി തരൂർ ഇറങ്ങുകയായിരുന്നു. പാർട്ടിക്കുള്ളിൽ കൂടുതൽ ഒറ്റപ്പെടുന്ന അവസ്ഥയാകും മുന്നേ ഈ കച്ചിത്തുരുമ്പിൽ പിടിച്ച് തിരികെ കയറാൻ വിശ്വപൗരൻ തീരുമാനിച്ചു എന്നുവേണം ഏറ്റവും പുതിയ നിലപാട് കാണുമ്പോൾ മനസിലാക്കാൻ. എക്സ്പ്രസ് പോലെയൊരു ഇംഗ്ലീഷ് പത്രത്തിലൂടെ കുടം തുറന്നുവിട്ട വിവാദത്തെ മറ്റൊരു ഇംഗ്ലീഷ് പത്രത്തെ ചാരി കുടത്തിലടയ്ക്കാൻ കഴിഞ്ഞു എന്നതാണ് സ്ഥിതി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top