ശശി തരൂര്‍ ഇടഞ്ഞു തന്നെ!! മുഖ്യമന്ത്രി സ്ഥാനം കിട്ടണം, ഇല്ലെങ്കില്‍ വേറെ വഴി തേടുമെന്ന് ഭീഷണി

പാര്‍ട്ടി നേതൃത്വത്തിന്റെ കണ്ണൂരുട്ടലിനും വിശ്വപൗരനെ വിരട്ടാനായില്ല. ഒന്നിന് മുന്നിലും മെരുങ്ങാന്‍ താന്‍ ഒരുക്കമല്ലെന്ന് വ്യക്തമാക്കുകയാണ് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍. തന്റെ മുന്നില്‍ ഒരുപാട് വഴികളുണ്ടെന്ന് പറയുന്നതിലൂടെ പാര്‍ട്ടിക്ക് പുറത്തേക്ക് പോകാന്‍ മടിക്കില്ലെന്ന സൂചനയും ‘ദ ഇന്ത്യന്‍ എക്‌സ്പ്രസ്’ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്.
2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടണമെന്ന മട്ടിലാണ് അഭിമുഖത്തിലുടനീളം തരൂര്‍ സംസാരിക്കുന്നത്. സംസ്ഥാനത്തെ കോണ്‍ഗ്രസിന് നല്ല നേതാക്കളില്ല. പാര്‍ട്ടി വോട്ടുകള്‍ക്കപ്പുറത്ത് വോട്ട് സമാഹരിക്കാന്‍ തനിക്ക് കഴിയുമെന്നതിന്റെ തെളിവാണ് തിരുവനന്തപുരത്തെ നാല് വിജയമെന്നും അദ്ദേഹം അവകാശപ്പെടുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന് തന്നെ ആവശ്യമില്ലെങ്കില്‍ തന്റെ മുമ്പില്‍ ഒട്ടേറെ വഴികളുണ്ട്. യോജിക്കാനും വിയോജിക്കാനും സ്വതന്ത്രമായി നില്‍ക്കാനും തനിക്ക് കഴിയും. അതിനര്‍ത്ഥം പാര്‍ട്ടി മാറുമെന്നല്ലെന്നും തരൂര്‍ പറയുന്നുണ്ട്.
കേരളത്തില്‍ കോണ്‍ഗ്രസ് അതിന്റെ അടിത്തറ വികസിപ്പിച്ചില്ലെങ്കില്‍ മൂന്നാം തവണയും പ്രതിപക്ഷത്ത് ഇരിക്കേണ്ടിവരുമെന്ന് ശശി തരൂര്‍ ഭീഷണി സ്വരത്തിലാണ് വ്യക്തമാക്കുന്നത്. വോട്ട് ബാങ്കിന് പുറത്തേക്ക് കോണ്‍ഗ്രസിന് സ്വധീനമില്ല എന്നതിന്റെ തെളിവാണ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തുടരെത്തുടരെ സംഭവിച്ച പരാജയങ്ങള്‍. ഇത് മനസിലാക്കാന്‍ നേതാക്കള്‍ തയാറാകുന്നില്ലെന്നും തരൂര്‍ വിമര്‍ശിക്കുന്നു.
ദേശീയതലത്തില്‍ കോണ്‍ഗ്രസിന് ലഭിക്കുന്നത് 19 ശതമാനം വോട്ടാണ്. ഈ വിഹിതം 26 മുതല്‍ 27 വരെ ആക്കിയില്ലെങ്കില്‍ കേന്ദ്രഭരണം അസാധ്യമാവും. ബാക്കി വോട്ടുകള്‍ ഘടകകക്ഷികള്‍ കൂടി സമാഹരിച്ചാലേ കേന്ദ്രഭരണം പിടിക്കാനാവു. ഇതിനുള്ള ശ്രമങ്ങളാണ് ഉണ്ടാകേണ്ടത്. സംസ്ഥാനത്തെ സ്ഥിതിയും ഒട്ടും ആശാവഹമല്ല. പല ഘടകകക്ഷി നേതാക്കളും ഇക്കാര്യം തന്നോട് സൂചിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ നേതാക്കള്‍ ഇത് മനസിലാക്കി പ്രവര്‍ത്തിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് വീണ്ടും പ്രതിപക്ഷത്ത് ഇരിക്കുമെന്ന മുന്നറിയിപ്പും തരൂര്‍ നല്‍കുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here