തരൂരിനെ ഒഴിവാക്കി മഹല്ല് കൂട്ടായ്മ; ലീഗ് വേദിയിൽ ഹമാസിനെ തീവ്രവാദികളെന്ന് വിളിച്ചതിന് വിലക്ക്

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ മഹല്ലുകളുടെ പലസ്‌തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്ന് ശശി തരൂരിനെ ഒഴിവാക്കി. തിരുവനന്തപുരം കോര്‍പറേഷനിലെ നൂറ് വാര്‍ഡുകളിലായി പ്രവര്‍ത്തിക്കുന്ന 32 മുസ്ലിം മഹല്ല് ജമാഅത്തുകളുടെ സംയുക്ത കൂട്ടായ്മയായ മഹല്ല് എംമ്പവര്‍മെന്റ് മിഷന്‍ സംഘടിപ്പിക്കുന്ന പലസ്‌തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്നാണ് ശശി തരൂരിനെ ഒഴിവാക്കിയത്. ഒക്ടോബര്‍ 30ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ വൈകുന്നേരം നാല് മണിക്ക് നടക്കുന്ന പരിപാടി ഉദ്ഘാടനം നിര്‍വഹിക്കേണ്ടിയിരുന്നത് ശശി തരൂരായിരുന്നു.

ക‍ഴിഞ്ഞദിവസം കോഴിക്കോട് കടപ്പുറത്ത് നടന്ന മുസ്ലിം ലീഗ് പരിപാടിയില്‍ പലസ്തീൻ സായുധ സംഘടനയായ ഹമാസിനെ തീവ്രവാദികൾ എന്ന് വിശേഷിപ്പിച്ച ശശി തരൂരിനെ സംയുക്ത മഹല്ലുകളുടെ പരിപാടിയില്‍ നിന്ന് സംഘാടകര്‍ പൂര്‍ണമായി ഒഴിവാക്കുകയായിരുന്നു. ഒക്ടോബർ ഏഴിന് ഭീകരവാദികൾ ഇസ്രയേലിൽ ആക്രമണം നടത്തി 1400 പേരെ കൊലപ്പെടുത്തിയെന്നായിരുന്നു തരൂർ പ്രസംഗിച്ചത്.

തരൂർ നടത്തിയ പരാമർശത്തിനെതിരെ വേദിയിൽ ഉണ്ടായിരുന്ന എം.കെ. മുനീർ അടക്കമുള്ള നേതാക്കൾ തരൂരിനെതിരെ രംഗത്തെത്തിയിരുന്നു. പ്രതിരോധവും ആക്രമണവും രണ്ടാണെന്ന് മനസിലാക്കണമെന്നായിരുന്നു മുനീർ തരൂരിന് നൽകിയ മറുപടി. പലസ്തീന്റേത് സ്വാതന്ത്ര്യ സമരവും ഇസ്രായേലിന്റേത് അധിനിവേശവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസ്താവന വിവാദമായതോടെ എസ്കെഎസ്എസ്എഫ് ഉം മറ്റു പല നേതാക്കളും തരൂരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്.

അതേ സമയം, പരാമർശം വിവാദമായതോടെ വിശദീകരണവുമായി ശശി തരൂരും രംഗത്തെത്തി. താന്‍ എപ്പോഴും പലസ്തീനൊപ്പമാണ്. പ്രസംഗത്തിലെ വാചകം എടുത്ത് അനാവശ്യം പറയുന്നവരോട് ഒന്നും പറയാനില്ല എന്നുമാണ് തരൂര്‍ പ്രതികരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top