‘മോദി ശിവലിംഗത്തിന് മുകളിലെ തേൾ’ പരാമർശത്തിൽ വീണ്ടും തരൂർ സുപ്രീം കോടതിയില്‍; പരിഗണിക്കാമെന്ന് ഉറപ്പ്

അപകീർത്തി കേസിൽ ഹാജരാകണമെന്ന വിചാരണക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തേളിനോട് ഉപമിച്ച പരാമർശത്തിനെതിരെ നൽകിയ കേസിലാണ് നാളെ ഹാജരാകാൻ സമൻസ് അയച്ചത്. തരൂരിൻ്റെ ഹർജി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് നാളെ മറ്റൊരു ബെഞ്ച് പരിഗണിക്കുമെന്ന് തരൂരിൻ്റെ അഭിഭാഷകന് ഉറപ്പു നൽകി. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചായിരിക്കും കേസ് പരിഗണിക്കുന്നത്.

നരേന്ദ്ര മോദി ശിവലിംഗത്തിൽ ഇരിക്കുന്ന തേളാണെന്ന പരാമർശത്തിനെതിരെ ബിജെപി നേതാവ് രാജീവ് ബബ്ബറാണ് മാനനഷ്ടക്കേസ് നൽകിയത്. 2018 നവംബറിൽ ബാംഗ്ലൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ആയിരുന്നു തരൂരിൻ്റെ വിവാദ പ്രസ്താവന.
‘ശിവലിംഗത്തിന് മുകളിലിരിക്കുന്ന തേളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ഒരിക്കൽ ഒരു ആർഎസ്എസ്. നേതാവ് പറഞ്ഞിരുന്നു. തേളായതു കൊണ്ട് കൈ ഉപയോഗിച്ച് എടുത്ത് മാറ്റാൻ കഴിയില്ല. അതേസമയം ശിവലിംഗത്തിന് മുകളിലായതിനാൽ ചെരുപ്പുകൊണ്ട് അടിക്കാനും കഴിയില്ല’ – ഇതായിരുന്നു തരൂരിന്റെ പ്രസ്താവന

ഓഗസ്റ്റ് 9ന് ഡൽഹി ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന കോൺഗ്രസ് നേതാവിൻ്റെ ഹർജി തള്ളിയിരുന്നു. ഇതിനെതിരെ കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. തരൂരിൻ്റെ പരാമർശം മോദിയെയും ബിജെപിയേയും ആർഎസ്എസിനെയും അപകീർത്തിപ്പെടുത്തുന്നതാണ് എന്നും ഹൈക്കോടതി വിലയിരുത്തിയിരുന്നു.
പദവിയിൽ ഇരിക്കുന്ന പ്രധാനമന്ത്രിക്കെതിരെയുള്ള പരാമർശം അദ്ദേഹത്തിനെ അപമാനിക്കുന്നതും നിന്ദ്യവുമാണ് എന്നായിരുന്നു ജസ്റ്റിസ് അനൂപ് കുമാർ മെൻഡിരട്ടയുടെ വിധി. അത് പാർട്ടിയുടെയും നേതാക്കളുടേയും പ്രവർത്തകരുടേയും പ്രതിച്ഛായയെ ബാധിക്കുന്നുവെന്നും വിധിയിൽ ചൂണ്ടിക്കാട്ടി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top