ജീവനെടുക്കുന്ന ഷവർമ; പിഴയ്ക്കുന്നതെവിടെ ?

തിരുവനന്തപുരം: മലയാളിയുടെ ഇഷ്ട ഭക്ഷണമായ ഷവർമ വീണ്ടും മനുഷ്യ ജീവന് വെല്ലുവിളിയാവുകയാണ്. സംസ്ഥാനത്ത് ഷവർമ കഴിച്ച് ഉണ്ടാകുന്ന ഭക്ഷ്യ വിഷബാധയും പിന്നീടുള്ള മരണവും തുടർക്കഥയാണ്. ഏറ്റവും ഒടുവിൽ ഇക്കഴിഞ്ഞ ഒക്ടോബർ 18നാണ് കോട്ടയം സ്വദേശിയായ 23 വയസുകാരൻ ഷവർമ കഴിച്ച് ഗുരുതരാവസ്ഥയിലായത്. കാക്കനാട് സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്ന യുവാവിന്റെ ആരോഗ്യ നില വഷളായി തുടരുകയാണ്.

സംസ്ഥാനത്തെ ആദ്യ ഷവർമ മരണം നടക്കുന്നത് 11 വർഷം മുൻപാണ്. 2012ൽ തിരുവനന്തപുരം സ്വദേശിയായ സച്ചിൻ റോയി എന്ന വിദ്യാർഥിയാണ് നഗരത്തിൽ ഒരു ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ചതിനെ തുടർന്ന് മരിച്ചത്. പത്ത് പേർക്ക് അന്ന് വിഷബാധ ഏറ്റിരുന്നു. പിന്നീടും നിരവധി ഭക്ഷ്യ വിഷബാധകൾ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ജനുവരിയിൽ കാസർകോട് മരിച്ച 16കാരിയാണ് അടുത്തതായി ഷവർമ മരണത്തിന് കീഴടങ്ങിയത്. 17 കുട്ടികൾക്കും അന്ന് ഭക്ഷ്യ വിഷബാധ ഏറ്റു.

ഷവർമക്ക് എവിടെയാണ് പിഴക്കുന്നത്. പ്രധാനകാരണം വേവിക്കാത്തതോ പഴയകിയതോ ആയ മാംസം ഉപയോഗിക്കുന്നതാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അന്വേഷണങ്ങൾ വ്യക്തമാക്കുന്നു. ബാക്ടീരിയ, വൈറസ് മുതലായ മൈക്രോബുകളുടെ സാന്നിധ്യമാണ് മരണത്തിന് ഇടയാക്കുന്നത്. ഷവർമ ഉപയോഗിക്കുന്നതിലൂടെ ഭക്ഷ്യ വിഷബാധ ഉണ്ടാകുന്നതിന് നാല് കാരണങ്ങളാനുള്ളതെന്നാണ് സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിൽ നിന്ന് വിരമിച്ച ഗവേഷകൻ ജി.ഗോപകുമാർ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

ചിക്കൻ, ബീഫ് എന്നിവ കൃത്യമായി ശീതികരിക്കാതിരുന്നാൽ ഷിഗെല്ല പോലുള്ള ബാക്ടരീയ വളരാൻ കാരണമാകും. വളരെ നേരം മാംസം പുറത്തു സൂക്ഷിച്ചാലും ബാക്ടീരിയ ഉണ്ടാകും. പിന്നീട് എത്ര ചൂടാക്കിയാലും ബാക്‌ടീരിയയുടെ സാന്നിധ്യം മാറില്ല. രണ്ടാമതായി ഭക്ഷണം പാകം ചെയുന്ന വ്യക്തിയുടെയും ഉപകരണങ്ങളുടെയും ശുചിത്വമാണ്. കൃത്യമായി വൃത്തിയാക്കാത്ത ഉപകരണങ്ങൾ മൈക്രോബുകൾക്ക് വളരാൻ സാഹചര്യം ഒരുക്കും. മൂന്നാമതായി മയോനൈസിൽ ഉപയോഗിക്കുന്ന പച്ച മുട്ടയാണ്. കേടായ മുട്ട ഉപയോഗിക്കുന്നതും മുട്ടയുടെ പുറംതോടിൽ കാണുന്ന ബാക്‌ടീരിയയെയും ശ്രദ്ധിക്കണം. മാത്രമല്ല കേരളത്തിലെ ഇപ്പോഴത്തെ കാലാവസ്ഥയിൽ കുബ്ബൂസ്, പച്ചക്കറികൾ എന്നിവ ഉൾപ്പെടെ ഷവർമ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളിൽ ഈർപ്പം മൂലം ഫംഗസ് വളരാനും സാധ്യതയുണ്ട്. ഇതാണ് നാലാമത്തെ കാരണമായി ഗോപകുമാർ ചൂണ്ടിക്കാട്ടുന്നത്.

അത്യാഹിതങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് സർക്കാരിന്റെ ഭാഗത്തു നിന്ന് നടപടികൾ കർശനമാക്കുന്നത്. തുടർനടപടികളുമായി മുന്നോട്ട് പോകുന്നില്ല. ഇത് വലിയൊരു പ്രതിസന്ധിയാണ്. കൃത്യമായ ബോധവത്കരണം ജനങ്ങൾക്കിടയിൽ ഉണ്ടാക്കണം. വിശ്വാസ യോഗ്യമായ വൃത്തിയുള്ള സ്ഥലങ്ങളിൽ നിന്ന് മാത്രം ഭക്ഷണം വാങ്ങാൻ ശ്രദ്ധിക്കണം. ഓൺലൈനിൽ വാങ്ങുന്ന ഭക്ഷണവും പരിചയമുള്ള കടകളിൽ നിന്ന് വാങ്ങണം. ഇത്തരത്തിൽ മാത്രമേ അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കു. ഷവർമ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മാംസം സൂക്ഷിക്കേണ്ട താപനില, വേവിക്കേണ്ട സമയം തുടങ്ങി എല്ലാത്തിനും കൃത്യമായ മാനദണ്ഡങ്ങൾ ആരോഗ്യ വകുപ്പ് നിർദേശിക്കുന്നുണ്ടെങ്കിലും ഇവ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നില്ല എന്ന് തുടർച്ചയായുള്ള അപകടങ്ങളിൽ നിന്ന് വ്യക്തമാണ്. പതിവ് അന്വേഷണങ്ങളും റെയ്ഡുകളും മാധ്യമ വാർത്തകളും വരുന്നതൊഴിച്ചാൽ ഗുണപരമായ മാറ്റങ്ങളൊന്നും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top