അന്ന് പ്രധാനമന്ത്രി, ഇന്ന് രാഷ്ട്രീയ അഭയാർത്ഥി; സ്ത്രീകൾ നിയന്ത്രിച്ച ബംഗ്ലാ രാഷ്ട്രീയത്തിലെ എകാധിപതിയുടെ പതനം
1990കൾ മുതലിങ്ങോട്ട് മൂന്നു പതിറ്റാണ്ടോളമായി ബംഗ്ലാദേശ് എന്ന രാജ്യത്തെ നിയന്ത്രിച്ചിരുന്നത് രണ്ട് വനിതകളാണ്. രാഷ്ട്രപിതാവ് മുജീബുർ റഹ്മാൻ്റെ മകൾ ഷെയ്ഖ് ഹസീനയും മുൻ പ്രസിഡൻ്റ് സിയ ഉൾറഹ്മാൻ്റെ വിധവ ബീഗം ഖാലിദ സിയയുമാണ് ഇക്കാലയളിവിൽ ബംഗ്ലാ രാഷ്ട്രീയത്തിൻ്റെ ജാതകം നിശ്ചയിച്ചത്. തൊണ്ണൂറുകളില്‍ പട്ടാളത്തിൻ്റെ കിരാത ഭരണങ്ങൾക്കെതിരെ നടത്തിയ ജനകീയ പ്രക്ഷോഭങ്ങൾ ഇരുവർക്കും ജനാധിപത്യത്തിൻ്റെ മുഖമാണ് സമ്മാനിച്ചത്.
1982 മുതൽ 1990 വരെ ബംഗ്ലാദേശിൻ്റെ കരസേനാ മേധാവി ലഫ്റ്റനൻ്റ് ജനറൽ ഹുസൈൻ മുഹമ്മദ് ഇർഷാദിൻ്റെ ഭരണത്തിനെതിരെയുള്ള പോരാട്ടത്തിൽ സജീവമായിക്കൊണ്ടാണ് ഇരുവരും രാഷ്ട്രീയത്തിൽ രംഗപ്രവേശം ചെയ്യുന്നത്. 1990കളിലെ സ്വേച്ഛാധിപത്യ വിരുദ്ധ പ്രസ്ഥാനം എന്നറിയപ്പെട്ടിരുന്ന ജനാധിപത്യ പ്രക്ഷോഭം ഇർഷാദിൻ്റെ ഭരണത്തിന് അന്ത്യംകുറിച്ചു. നൂറോളം പേർ രക്തസാക്ഷികളായ ഈ പോരാട്ടത്തിൽ ഹസീനയും സിയയും ഒരുമിച്ചുനിന്നു.
1991ൽ നടന്ന തിരഞ്ഞെടുപ്പിൽ ബ്ലംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബി.എന്‍.പി) ഭൂരിപക്ഷം നേടുകയും ബീഗം ഖാലിദ സിയ രാജ്യത്തിൻ്റെ ആദ്യ വനിത പ്രധാനമന്ത്രിയാവുകയും ചെയ്തു. തുടർന്ന് സിയയും അവാമി ലീഗിൻ്റെ നേതാവായ ഹസീനയും പിന്നീടുള്ള വർഷങ്ങളിൽ രാഷ്ട്രീയ എതിരാളികളായി മാറി. 1996ൽ നടന്ന തിരഞ്ഞെടുപ്പിൽ ഹസീന അധികാരം പിടിക്കുകയും ചെയ്തു. പിന്നീട് ബംഗ്ലാദേശിൻ്റെ രാഷ്ട്രീയചിത്രം ഈ രണ്ട് വനിതകളിലുമായി ചുരുങ്ങി.
2001ൽ ഖാലിദ സിയ ബംഗ്ലാദേശിൻ്റെ പ്രധാനമന്ത്രിയായി വീണ്ടും അധികാരത്തിലെത്തി. 2006ൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പട്ടാളം വീണ്ടും ഭരണം പിടിച്ചു. പിന്നീട് 2008 ഡിസംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ സിയയുടെ രാഷ്ട്രീയ എതിരാളി ഷെയ്ഖ് ഹസീന ബംഗ്ലാദേശിൻ്റെ പ്രധാനമന്ത്രിയായി. 2014ലും 2019ലും 2024ലും നടന്ന തിരഞ്ഞെടുപ്പിൽ ഷെയ്ഖ് ഹസീന അധികാരം നിലനിർത്തി. ലോകത്ത് ഏറ്റവും കൂടുതൽ കാലം തുടർച്ചയായി അധികാരത്തിൽ തുടർന്ന വനിതാ ഭരണാധികാരി എന്ന നേട്ടം ഇക്കാലയളവ് കൊണ്ട് ഹസീന സ്വന്തമാക്കി.
2009ന് ശേഷമാണ് ഹസീനയുടെ ജനാധിപത്യ മുഖം ഏകാധിപത്യത്തിലേക്ക് വഴിമാറുന്നത്. 2019ലെ തിരഞ്ഞെടുപ്പ് അടുത്തതോടെ കൂടുതൽ ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങൾ ബംഗ്ലാദേശിൽ അരങ്ങേറി. തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ പോലും അനുവദിക്കാതെ ഖാലിദ സിയയെ അഴിമതി ആരോപിച്ച് ജയിലിലടച്ചു. സിയക്ക് പിന്തുണ നൽകിയിരുന്ന പ്രതിപക്ഷ പാർട്ടികളുടെ നിരവധി നേതാക്കളെ തൂക്കിലേറ്റുകയും തടവിലാക്കുകയും ചെയ്തു. ഇതിനിടയിൽ രാജ്യത്ത് ഭരണവിരുദ്ധ വികാരം ശക്തമായി. തൊഴിലില്ലായ്മക്കെതിരെ യുവാക്കൾ ആരംഭിച്ച പ്രക്ഷോഭം പട്ടാളത്തെ ഉപയോഗിച്ച് ഹസീന അടിച്ചമർത്തി.
2024 ജനുവരിയിൽ നടന്ന തിരഞ്ഞെടുപ്പിൽ ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിലെത്തി. എന്നാൽ രാജ്യത്ത് ഉയർന്ന വിദ്യാർത്ഥി പ്രക്ഷോഭം ഹസീനയെ മാസങ്ങൾക്കകം അധികാരം ഇട്ടെറിഞ്ഞ് പലായനം ചെയ്യേണ്ട അവസ്ഥയിലെത്തിച്ചു. 1972ലെ രാഷ്ട്ര വിമോചനത്തിൽ പങ്കെടുത്തവരുടെ കുടുംബങ്ങൾക്ക് 30 ശതമാനം സംവരണം നൽകാൻ എടുത്ത തീരുമാനമാണ് രാജ്യമെമ്പാടും ബാധിച്ച കലാപത്തിലേക്ക് നയിച്ചത്. ഇക്കഴിഞ്ഞ ജൂലൈയിൽ ആരംഭിച്ച പ്രക്ഷോഭത്തിൽ മൂന്നുറോളം പേരും 13 പോലീസുകാരും കൊല്ലപ്പെട്ടു. കലാപം അടിച്ചമർത്താൻ അധികാരത്തിൻ്റെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് എല്ലാ ശ്രമങ്ങളും ഹസീന നടത്തി. ഒടുവിൽ പട്ടാളം കയ്യൊഴിഞ്ഞതോടെയാണ് ഷെയ്ഖ് ഹസീനക്ക് രാജ്യം വിട്ട് ഇന്ത്യയിൽ രാഷ്ട്രീയ അഭയം തേടേണ്ടി വന്നത്.
ഹസീന രാജ്യം വിട്ടതിന് പിന്നാലെ അവർ ജയിലടച്ച മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയയെ പട്ടാളം മോചിപ്പിച്ചു. പാകിസ്താൻ പട്ടാളത്തിൻ്റെ തടവറകളിൽ നിന്നും ബംഗ്ലാ ജനതയെ മോചിപ്പിച്ച ബംഗബന്ധു മുജീബുർ റഹ്മാൻ്റെ മകൾ, മറ്റൊരു തടങ്കൽ പാളയമായി രാജ്യത്തെ മാറ്റാൻ ശ്രമിച്ചിടത്താണ് പിഴച്ചത്. വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ പ്രതിഷേധമായി കണ്ട് അവരുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം കേട്ടിരുന്നെങ്കിൽ ഷെയ്ഖ് ഹസീനക്ക് അധികാരവും രാജ്യവും വിട്ട് ഓടേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നില്ല. ബംഗ്ലാദേശിൻ്റെ ഉരുക്കു വനിതയെന്ന് അന്തർദേശീയ മാധ്യമങ്ങളും ബംഗ്ലാ മാധ്യമങ്ങളും വിശേഷിപ്പിച്ച ഷെയ്ഖ് ഹസീന, ഇനി എന്തെന്നറിയാതെ രാഷ്ട്രീയ അഭയാർത്ഥിയായി ഇന്ത്യയിൽ തുടരുകയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here