രാഷ്ട്രീയ അഭയം തേടി ഇന്ത്യയിലേക്ക് എത്തുന്ന ആദ്യ നേതാവല്ല ഷെയ്ഖ് ഹസീന; ദെലൈലാമയടക്കം പട്ടികയിൽ പലരും

ധാക്കയിൽ തുടങ്ങി ബംഗ്ലാദേശിൽ ഉടനീളം വ്യാപിക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് ഇതുവരെ മരിച്ചത് മുന്നൂറോളം പേർ. ഇന്നലെ മാത്രം കൊല്ലപ്പെട്ടത് 97 പേർ. 13 പോലീസുകാരുടെയും ജീവനെടുത്ത് ഈ കലാപങ്ങളെ തുടർന്നാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ച് പലായനം ചെയ്യുന്നത്. ഇന്ന് വൈകിട്ടോടെ ഇവർ ഡൽഹിയിൽ എത്തിയിട്ടുണ്ട്. 1959ലെ ടിബറ്റൻ കലാപത്തെ തുടർന്ന് ദലൈലാമ ഉൾപ്പെടെ നിരവധി പേർക്ക് അഭയം നൽകിയതിൻ്റെ ദീർഘകാല ചരിത്രമാണ് ഇന്ത്യയ്ക്കുള്ളത്. ഇക്കൂട്ടത്തിൽ രാഷ്ട്രീയ നേതാക്കൾ മുതൽ സിവിലിയൻമാർ വരെ ഉൾപ്പെടും.

ചൈനയുടെ നിയന്ത്രണങ്ങൾക്ക് എതിരെ നടന്ന 1959ലെ ടിബറ്റൻ പ്രക്ഷോഭത്തെ തുടർന്ന് സംരക്ഷണം തേടിയെത്തിയ ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമക്ക് ഇന്ത്യ അഭയം നൽകിയിരുന്നു. 1962ലെ ഇന്ത്യ-ചൈന യുദ്ധത്തിലേക്ക് നയിച്ച കാരണങ്ങളിൽ ഒന്ന് ഇതാണെന്നാണ് കണക്കാക്കപ്പെടുന്നത്. 1959 മാർച്ച് 31നാണ് തൻ്റെ ഇരുപത്തിനാലാം വയസിൽ ടിബറ്റിൻ്റെ ആത്മീയ നേതാവായ ദലൈലാമ ഇന്ത്യയിൽ എത്തുന്നത്. ചൈനയുടെ ആക്രമണം ഭയന്ന് ഇന്ത്യയിലെത്തിയ അദ്ദേഹം തൻ്റെ എൺപത്തിയാറാം വയസിലും ഹിമാചൽ പ്രദേശിലെ ധർമശാലയിൽ തുടരുകയാണ്.

തസ്ലീമ നസ്രിൻ എന്ന ബംഗ്ലാദേശി എഴുത്തുകാരിക്ക് തൻ്റെ വിവാദ രചനകളുടെ പേരിൽ സ്വന്തം നാട്ടിൽ വധഭീഷണിയും പീഡനവും നേരിട്ടു. ഇതുകാരണം അവർ 1994ൽ ബംഗ്ലാദേശ് വിട്ടു. 2004 മുതൽ ഇന്ത്യ അവർക്ക് താൽക്കാലിക അഭയം നൽകുകയും സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്തു. സ്വീഡിഷ് പൗരത്വമുള്ള അവർ 30 വർഷമായി അമേരിക്കയിലും യൂറോപ്പിലും ഇന്ത്യയിലുമായാണ് കഴിഞ്ഞത്. 2004ൽ ഇന്ത്യയിൽ (കൊൽക്കത്ത) താമസിക്കാൻ അനുവാദം നൽകി. ഇത് ഇടയ്ക്കിടെ കേന്ദ്രസർക്കാർ പുതുക്കി നൽകിയിരുന്നെങ്കിലും 2008ൽ മുസ്ലിം സംഘടനകളുടെ ഭീഷണികളെ തുടർന്ന് വിദേശത്തേക്കു പോകേണ്ടി വന്നു. 2011ൽ ഇന്ത്യയിൽ തിരിച്ചെത്തിയ തസ്ലീമയ്ക്ക് ഡൽഹിയിലെ രഹസ്യ മേൽവിലാസത്തിലായിരുന്നു പിന്നീട് താമസ സൗകര്യം ഒരുക്കിയത്. 2014 എൻഡിഎ സർക്കാർ അധികാരത്തിൽ എത്തിയതിന് പിന്നാലെ താമസാനുമതി റദ്ദാക്കി. ഇതോടെ 2015ൽ അവർ അമേരിക്കയിലേക്ക് മാറി.

1992ൽ അഫ്ഗാൻ പ്രസിഡൻ്റായിരുന്ന മുഹമ്മദ് നജീബുള്ളയുടെ ഭാര്യക്കും മകൾക്കും ഇന്ത്യ അഭയം നൽകിയിരുന്നു. ഇന്ത്യയിലേക്ക് തിരിക്കുന്നതിന് തൊട്ടുമുമ്പ് നജീബുള്ളയെ താലിബാൻ സൈന്യം പിടികൂടി വിളക്കുകാലിൽ കൊന്ന് കെട്ടിത്തൂക്കുകയായിരുന്നു. താലിബാൻ പീഡിപ്പിക്കുന്നുവെന്ന് അവകാശപ്പെട്ട് അഹമ്മദ് ഖുറേഷി എന്ന അഫ്ഗാൻ പൗരൻ 2016ൽ ഇന്ത്യയിൽ അഭയം തേടിയിരുന്നു.

പദവി രാജിവച്ച് ഇന്ത്യയിൽ എത്തിയ ഷെയ്ഖ് ഹസീനക്ക് ഡൽഹിയിൽ സുരക്ഷിത ഭവനം ഒരുക്കുമെന്നും ഇല്ലെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യ രാഷ്ട്രീയ അഭയം നൽകിയില്ലെങ്കിൽ ലണ്ടനിലേക്ക് പോകാനാണ് ഷെയ്ഖ് ഹസീനയുടെ പദ്ധതി. ബ്രിട്ടനോട് അവര്‍ രാഷ്ട്രീയ അഭയത്തിന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട് എന്നാണ് വിവരം. ഹസീനയുടെ സഹോദരി രഹാനയ്ക്ക് ബ്രിട്ടീഷ് പൗരത്വമുണ്ട്. ഈ സാഹചര്യത്തിലാണ് ബ്രിട്ടനില്‍ അഭയം തേടാന്‍ ഷെയ്ഖ് ഹസീന തീരുമാനിച്ചത് എന്നാണ് സൂചന. അവര്‍ നാളെ ലണ്ടനിലേക്ക് മടങ്ങുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഷെയ്ഖ് ഹസീന ഡൽഹിയിൽ അഭയം തേടുന്നത് ഇതാദ്യമായല്ല.

1975 ഓഗസ്റ്റ് 15ന് ഷെയ്ഖ് ഹസീനയുടെ പിതാവും ബംഗ്ലാദേശിൻ്റെ സ്ഥാപകനുമായ മുജീബുർ റഹ്മാൻ പ്രസിഡൻ്റ് പദവിയിലിരിക്കേ കുടുംബത്തിലെ 18 അംഗങ്ങൾക്കൊപ്പം ക്രൂരമായി കൊല ചെയ്യപ്പെട്ടു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഹസീനയ്ക്ക് സഹായഹസ്തം നീട്ടി. തുടർന്ന് ഭർത്താവിനും കുട്ടികൾക്കും സഹോദരിക്കുമൊപ്പം ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടി. 1975 മുതൽ 1981 വരെ ആറ് വർഷക്കാലം ഡൽഹിയിലെ പണ്ടാര റോഡിൽ ഒരു രഹസ്യ മേൽവിലാസത്തിൽ താമസിച്ചു. 2022ൽ ഒരു അഭിമുഖത്തിൽ അവർ ഇക്കാര്യം അനുസ്മരിച്ചിട്ടുമുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top