ഷെയ്ഖ് ഹസീന എങ്ങോട്ട് പോകും; ഒരു പിടിയുമില്ലാതെ ഇന്ത്യയും ബ്രിട്ടനും

ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്‌ഖ്‌ ഹസീനയുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. രാഷ്ട്രീയ അഭയവുമായി ബന്ധപ്പെട്ട് ഒരു വ്യക്തതയുമില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം നല്‍കുന്ന സൂചന. ഹസീനയ്ക്ക് രാഷ്ട്രീയ അഭയം നല്‍കുന്ന കാര്യത്തില്‍ ബ്രിട്ടനും അനുകൂല സമീപനം സ്വീകരിച്ചിട്ടില്ല.

ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ കീഴിലേക്ക് മാറുകയാണ്. സ്ഥിതിഗതികള്‍ ഇന്ത്യ സസൂക്ഷ്മം വീക്ഷിക്കുകയാണ്. ബം​ഗ്ലാദേശിലെ ജനങ്ങളുടെ താത്പര്യങ്ങൾക്ക് പ്രാധാന്യം നല്‍കുന്ന നിലപാടാണ് വിദേശകാര്യ മന്ത്രാലയത്തിന്റെത്. ന്യൂനപക്ഷങ്ങളുടെ സ്ഥിതി സംബന്ധിച്ചുള്ള കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.

ബം​ഗ്ലാദേശിലെ സംഭവവികാസങ്ങളെക്കുറിച്ച് വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ യുകെ വിദേശകാര്യ സെക്രട്ടറിയുമായി സംസാരിച്ചിട്ടുണ്ട്. എന്നാൽ, ഹസീനയുടെ അടുത്ത നടപടിയെക്കുറിച്ച് ഇരുരാജ്യങ്ങള്‍ക്കും അറിവില്ല. തത്ക്കാലത്തേക്ക് മാത്രമാണ് ഹസീന ഇന്ത്യയിലേക്ക് വരാനുള്ള അനുമതി തേടിയതെന്നാണ് ജയ്ശങ്കർ പാർലമെന്റിൽ വ്യക്തമാക്കിയത്.

തിങ്കളാഴ്ച വൈകുന്നേരമാണ് ബംഗ്ലാദേശില്‍ നിന്നും രക്ഷപ്പെട്ട് ഹസീന ഗാസിയാബാദിലെ ഹിന്‍ഡന്‍ വ്യോമതാവളത്തില്‍ പറന്നിറങ്ങിയത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഹസീനയെ കാണുകയും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top