ദേവഭൂമി സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി മുസ്ലിം പളളിയിലേക്ക് ഹിന്ദു സംഘടനകൾ; ഷിംലയിൽ സംഘര്‍ഷം

ഹിമാചൽ പ്രദേശിൽ മുസ്ലിം പള്ളിയിലേക്ക് ഹിന്ദു സംഘടനകൾ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. ഷിംലയിലെ സഞ്ജൗലി പള്ളിയിൽ അനധികൃതമായി കെട്ടിടങ്ങൾ നിർമ്മിച്ചതിൽ പ്രതിഷേധിച്ചാണ് ഒരു വിഭാഗം മാർച്ച് നടത്തിയത്. ഇത് പോലീസ് തടഞ്ഞതോടെ ആൾക്കൂട്ടം അക്രമാസക്തരായി. ദേവഭൂമി (ഹിമാചൽ പ്രദേശ്) സംരക്ഷിക്കുക എന്നാവശ്യപ്പെട്ട് ഭാരത് മാതാ കീ ജയ് വിളിച്ചാണ് പ്രതിഷേധക്കാർ എത്തിയത്.
ബാരിക്കേഡുകൾ പ്രതിഷേധക്കാർ മറിച്ചിട്ട് മുന്നോട്ട് കടക്കാൻ ശ്രമിച്ചതോടെ പോലീസ് ലാത്തിയും ജലപീരങ്കിയും പ്രയോഗിക്കുകയായിരുന്നു. ചില ഹിന്ദു സംഘടനകൾ പള്ളി അടച്ചുപൂട്ടാൻ ഇന്നലെ ആഹ്വാനം ചെയ്തിരുന്നു. മസ്ജിദ് നിർമ്മാണവുമായി ബന്ധപ്പെട്ട സംഘർഷം രൂക്ഷമായതിനെ തുടർന്ന് ചൊവ്വാഴ്ച പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു.
സംസ്ഥാനത്ത് ഒരിക്കലും വർഗീയ കലാപങ്ങൾ ഉണ്ടായിട്ടില്ല. ഹിമാചൽ ദേവഭൂമി എന്നാണ് അറിയപ്പെടുന്നത്. നിലവിൽ സാഹചര്യം സാധാരണമാണ്, ദൈനംദിന പൊതുജീവിതം സുഗമമായി നടക്കുന്നു. പ്രതിഷേധം ജനങ്ങളുടെ അവകാശമാണ്. അത് നിയമപരമായി വേണമെന്ന് നിരോധനാജ്ഞ പുറപ്പെടുവിച്ചതിന് ശേഷം വിദ്യാഭ്യാസ മന്ത്രി രോഹിത് താക്കൂർ പ്രതികരിച്ചിരുന്നു.
സമാധാനപരമായി പ്രതിഷേധിക്കാൻ അവകാശമുണ്ടെങ്കിലും സമാധാനപരമായും പൊതുമുതൽ നശിപ്പിക്കാതെയും ആവണമെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞിരുന്നു. നിയമം ലംഘിക്കാനും സംസ്ഥാനത്തിൻ്റെ സമാധാനാന്തരീക്ഷം തകർക്കാനും ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സഞ്ജൗലി മസ്ജിദിൽ അനധികൃത നിർമ്മാണം നടന്നുവെന്ന ആരോപണം മുനിസിപ്പൽ കോടതിയുടെ പരിഗണനയിലാണ്. നിയമം അതിൻ്റെ വഴിക്ക് പോകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here