ബിജെപി നേതാവിൻ്റെ ഭാര്യയുടെ പരാതിയിൽ ശിവസേന നേതാവിന് തടവുശിക്ഷ; മോദി ചീഫ് ജസ്റ്റിസിൻ്റെ വീട്ടിലെത്തുമ്പോള്‍ എങ്ങനെ നീതി കിട്ടുമെന്ന് പ്രതികരണം

ശിവസേന ഉദ്ധവ് താക്കറെ വിഭാഗം എംപി സഞ്ജയ് റാവത്തിന് മാനനഷ്ടകേസിൽ തടവുശിക്ഷ. 15 ദിവസത്തെ തടവും 25,000 രൂപ പിഴയുമാണ് മസ്ഗാവിലെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി വിധിച്ചത്. ബിജെപി എംപി കിരിത് സോമയ്യയുടെ ഭാര്യ മേധ സോമയ്യയാണ് പരാതി നൽകിയത്. ബിജെപി നേതാവും ഭാര്യയും 100 കോടി രൂപയുടെ ‘ശൗചാലയ തട്ടിപ്പ്’ നടത്തിയെന്ന റാവത്തിൻ്റെ ആരോപണത്തിലാണ് കേസെടുത്തിരുന്നത്.
കോടതികളെ ബഹുമാനിക്കുന്നു, അവർ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് സഞ്ജയ് റാവത്തിൻ്റെ പ്രതികരണം. ഗണേശോത്സവത്തിന് പ്രധാനമന്ത്രി സുപ്രീം കോടതി ചീഫ് ജസ്റ്റിസിൻ്റെ വീട്ടിൽ പോയി മോദകം കഴിക്കുന്ന ഒരു രാജ്യത്ത് നമുക്ക് എങ്ങനെ നീതി പ്രതീക്ഷിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. 2022 ഏപ്രില്‍ മാസത്തിലാണ് റാവത്ത് അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയത്. ശിവസേന മുഖപത്രമായ സാമ്‌നയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലായിരുന്നു മേധ സോമയ്യക്കെതിരെ ആരോപണം ഉന്നയിച്ചത്.
പാരിസ്ഥിതിക അനുമതികൾ വാങ്ങാതെ കണ്ടൽക്കാടുകൾ മുറിച്ച് അനധികൃതമായി ടോയ്ലറ്റുകൾ നിർമ്മിച്ചതായി ലേഖനത്തിൽ കുറ്റപ്പെടുത്തിയിരുന്നു. ഇതുവഴി മേധയുടെ നേതൃത്വത്തിലുള്ള എൻജിഒയായ യുവപ്രതിഷ്‌ഠൻ 100 കോടിയുടെ അഴിമതി നടത്തിയെന്നായിരുന്നു ആരോപണം. ലേഖനത്തിന് പുറമേ, റാവത്ത് ഇലക്ട്രോണിക് മാധ്യമങ്ങൾക്ക് അഭിമുഖം നൽകി ആരോപണങ്ങൾ ആവർത്തിച്ചെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി. അതിൻ്റെ വീഡിയോ ക്ലിപ്പുകൾ അവർ കോടതിയിൽ സമർപ്പിച്ചു.
ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് പോലുള്ള പ്രമുഖ സ്ഥാപനങ്ങളിൽ ഓർഗാനിക് കെമിസ്ട്രി പ്രൊഫസറായി ജോലി ചെയ്തിട്ടുള്ള മേധയുടെ പ്രതിച്ഛായ തകർക്കുകയായിരുന്നു റാവത്തിൻ്റെ ലക്ഷ്യം. അതിനുവേണ്ടിയാണ് ആരോപണങ്ങൾ പ്രമുഖ വാർത്താ ചാനലുകൾ വ്യാപകമായി സംപ്രേക്ഷണം ചെയ്തതെന്നുമായിരുന്നു പരാതി.
തനിക്കും കുടുംബാംഗങ്ങൾക്കുമെതിരെയുള്ള ആരോപണങ്ങൾ തെറ്റാണെന്ന് തെളിഞ്ഞതിലും സന്തോഷമുണ്ടെന്ന് മേധാ സോമയ്യ പറഞ്ഞു. തനിക്ക് നീതി ലഭിച്ചതിൽ സന്തോഷമുണ്ട് . കുടുംബത്തിലെ മറ്റേതൊരു സ്ത്രീയും ചെയ്യുന്നതുപോലെ നീതിക്ക് വേണ്ടിയാണ് രോടിയത്. ഒരു അദ്ധ്യാപകൻ എന്ന നിലയിലും ഒരു സാമൂഹിക പ്രവർത്തക എന്ന നിലയിലും കോടതി സമൂഹത്തിൽ തനിക്കുള്ള സ്ഥാനത്തെ കോടതി പരിഗണിച്ചെന്നും അവർ വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here