റെയ്ഡില്‍ 200 കോടിയുടെ അനധികൃത സ്വത്തുക്കള്‍; ഹൈദരാബാദ് മെട്രോപൊളിറ്റൻ ഡവലപ്മെന്റ് അതോറിറ്റി മുൻ ഡയറക്ടര്‍ അറസ്റ്റില്‍
ഹൈദരാബാദ്: തെലങ്കാന അഴിമതി വിരുദ്ധ ബ്യൂറോ നടത്തിയ ഏറ്റവും വലിയ റെയ്ഡാണ് ഹൈദരാബാദ് മെട്രോപൊളിറ്റൻ ഡവലപ്മെന്റ് അതോറിറ്റി മുൻ ഡയറക്ടര്‍ ശിവ ബാലകൃഷ്ണയുടെ വീട്ടില്‍ നടന്നത്. അദ്ദേഹത്തിന്റെ വീട്ടിലും ഓഫീസിലും നടത്തിയ റെയ്ഡില്‍ 200 കോടിയോളം രൂപയുടെ അനധികൃത സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. 500 കോടിയോളം സമ്പാദിച്ചതായാണ് പുറത്ത് വരുന്ന വിവരം. എസിബി അറസ്റ്റ് ചെയ്ത ശിവ ബാലകൃഷ്ണയെ ബഞ്ചാര ഹിൽസ് പോലീസ് സ്‌റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും.
നിരവധി റിയൽ എസ്റ്റേറ്റ് കമ്പനികൾക്ക് പെർമിറ്റ് അനുവദിച്ച് ബാലകൃഷ്ണ കോടികൾ സമ്പാദിച്ചെന്നാണ് പ്രാഥമിക കണ്ടെത്തൽ. എസിബിയുടെ 18 സംഘങ്ങള്‍ ഒരേ സമയമാണ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ 40 ലക്ഷം രൂപ, അഞ്ച് കോടിയുടെ സ്വർണം, 70 ഏക്കർ ഭൂമി, വീടുകള്‍, സംബന്ധിച്ച രേഖകൾ, 60 വിലകൂടിയ വാച്ചുകൾ, 100 മൊബൈൽ ഫോണുകൾ, നാല് കാറുകൾ, പത്ത് ലാപ്‌ടോപ്പുകൾ എന്നിവയാണ് കണ്ടെത്തിയത്. നോട്ടെണ്ണല്‍ യന്ത്രങ്ങളും പിടിച്ചെടുത്തു.
ബാലകൃഷ്ണയുടെ വീട്ടിലെ തിരച്ചില്‍ അവസാനിപ്പിച്ചെങ്കിലും മറ്റ് നാലിടങ്ങളിലെ തിരച്ചില്‍ തുടരുകയാണ്. ഇയാളുടെ ബാങ്ക് ലോക്കറുകൾ തുറക്കുകയും ബന്ധുക്കളുടെ വീടുകളിൽ പരിശോധന നടത്തുകയും ചെയ്താൽ കൂടുതൽ സ്വത്തുക്കൾ കണ്ടെത്താനാണ് സാധ്യതയെന്നാണ് നിഗമനം. ബാലകൃഷ്ണയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുമെന്ന് എസിബി അറിയിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരത്തെ കണക്കനുസരിച്ച് കണ്ടെത്തിയ ആസ്തികളുടെ മൂല്യം 100 കോടി കവിഞ്ഞിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here