രാഹുല്‍ ഗാന്ധിയുടെ നാവ് മുറിച്ചാല്‍ 11ലക്ഷം; വിവാദ പ്രസ്താവനയുമായി ശിവസേന നേതാവ്
രാഹുല്‍ ഗാന്ധിയുടെ നാവ് മുറിക്കുന്നയാള്‍ക്ക് സമ്മാനം പ്രഖ്യാപിച്ച് ശിവസേന എംഎല്‍എ സഞ്ജയ് ഗെയ്ക്ക്‌വാദ്. 11 ലക്ഷം രൂപയാണ് സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ സംവരണവിരുദ്ധ പരാമര്‍ശങ്ങളുടെ പേരിലാണ് ഈ വിവാദ പ്രസ്താവന. മഹാരാഷ്ട്ര വിദര്‍ഭയിലെ ബുല്‍ധാന മണ്ഡലത്തില്‍ നിന്നുള്ള ശിവസേന ഷിന്‍ഡെ വിഭാഗം എംഎല്‍എയാണ് സഞ്ജയ് ഗെയ്ക്ക്‌വാദ്.
സംവരണം റദ്ദാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. രാജ്യത്തെ 400 വര്‍ഷം പിന്നിലേക്ക് എത്തിക്കാനാണ് നീക്കം. മഹാരാഷ്ട്രയില്‍ സംവരണത്തെ കുറിച്ച് സംസാരിക്കുന്ന രാഹുല്‍ ഗാന്ധി തന്നെയാണ് സംവരണം അവസാനിപ്പിക്കണം എന്നും പറയുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. അതിനാലാണ് രാഹുല്‍ ഗാന്ധിയുടെ നാവ് മുറിക്കാന്‍ ആഹ്വാനം ചെയ്യുന്നതെന്നും സഞ്ജയ് ഗെയ്ക്ക്‌വാദ് വ്യക്തമാക്കി.
വിവാദ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. സഞ്ജയ് ഗെയ്ക്ക്‌വാദിന്റെ പ്രസ്തവന അപലപനീയമാണ്. ഇതിനെതിരെ കേസെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ബിജെപിയും ഗെയ്ക്ക്‌വാദിന്റെ പ്രസ്തവനയെ തള്ളിപ്പറഞ്ഞു.
ഇതിനുമുമ്പും വിവാദങ്ങളില്‍ ഉള്‍പ്പെട്ടുള്ള എംഎല്‍എയാണ് ഗെയ്ക്ക്‌വാദ്. എംഎല്‍എയുടെ കാര്‍ പോലീസുകാരനെ കൊണ്ട് കഴുകിച്ചത് വിവാദമായിരുന്നു. കഴിഞ്ഞ മാസമാണ് ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചത്. എന്നാല്‍ ഛര്‍ദിച്ചതിനാല്‍ പോലീസുകാരന്‍ സ്വമേധായ കാര്‍ കഴുകയായിരുന്നു എന്നാണ് എംഎല്‍എ നല്‍കിയ വിശദീകരണം. കടുവയെ വേട്ടയാടിയതായുളള ഗെയ്ക്ക്‌വാദിന്റെ വെളിപ്പെടുത്തലും വിവാദമായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here