സാനിയയുമായി പിരിഞ്ഞ ഷൊയ്ബ് മാലിക്ക് പാക് നടിയെ വിവാഹം ചെയ്തു; ഷൊയ്ബ്-സന വിവാഹ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ

മുന്‍ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുമായി വിവാഹബന്ധം പിരിഞ്ഞ പാകിസ്ഥാന്‍ ക്രിക്കറ്റര്‍ ഷൊയ്ബ് മാലിക് വീണ്ടും വിവാഹിതനായി. പാക് നടി സന ജാവേദിനെയാണ് ഷൊയ്ബ് വിവാഹം ചെയ്തത്. ഷൊയ്ബും സാനിയയും വേര്‍പിരിയുന്നുവെന്ന് അഭ്യൂഹങ്ങള്‍ നിലനില്‍ക്കുകയായിരുന്നു. എന്നാല്‍ ഇരുവരും ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. ഇതിനിടയിലാണ് ഷൊയ്ബ് വിവാഹഫോട്ടോകൾ പുറത്തുവിട്ടത്.

ഷൊയ്ബ് മാലികും സന ജാവേദും ഡേറ്റിങ്ങിലാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഫോട്ടോകൾ പുറത്തുവിട്ടതിനൊപ്പം സന ജാവേദ് ഇൻസ്റ്റഗ്രാമിൽ തന്റെ പേര് സന ഷൊയ്ബ് മാലിക്ക് എന്ന് മാറ്റിയിട്ടുണ്ട്. ഷൊയ്ബ് മാലിക്കിന്റെ മൂന്നാമത് വിവാഹവും സനയുടെ രണ്ടാമത് വിവാഹവുമാണ്.

ആദ്യ വിവാഹം വേര്‍പെടുത്തിയ ശേഷം 2010 ഏപ്രില്‍ 12നാണ് ഷൊയ്ബ് മാലിക്ക് സാനിയ മിര്‍സയെ വിവാഹം കഴിച്ചത്. മതാചാര പ്രകാരം ഇന്ത്യയിലും പാകിസ്ഥാനിലും വിവാഹ ചടങ്ങുകള്‍ നടന്നിരുന്നു. 2018ല്‍ ഇരുവര്‍ക്കും ആണ്‍കുഞ്ഞ് ജനിച്ചു. അതിന് ശേഷംഇരുവരും തമ്മിൽ അകന്നുകഴിയുകയാണെന്ന് സൂചനകള്‍ പുറത്തു വന്നിരുന്നു. ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ സാനിയ മിര്‍സയുമായുള്ള ബന്ധം സൂചിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഷൊയ്ബ് നീക്കം ചെയ്തതാണ് ശ്രദ്ധിക്കപ്പെട്ടത്. ‘സാനിയ മിര്‍സ എന്ന സൂപ്പര്‍ വനിതയുടെ ഭര്‍ത്താവ്’ എന്നായിരുന്നു മുൻപ് ഉണ്ടായിരുന്നത്. ഇതോടെയാണ് താരദമ്പതികളുടെ അകൽച്ച സംബന്ധിച്ച് അഭ്യൂഹം ശക്തമായത്. വേര്‍പിരിയലിന്റെ സൂചന നല്‍കുന്ന പോസ്റ്റ് സാനിയയും കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫോട്ടോകൾ ഷൊയ്ബ് പുറത്തുവിട്ടത്.

ഇന്ത്യയുടെ എക്കാലത്തേയും മികച്ച വനിതാ ടെന്നീസ് താരമാണ് സാനിയ മിര്‍സ. സിംഗിള്‍സില്‍ വലിയ നേട്ടങ്ങളിലെങ്കിലും ഡബിള്‍സിലും മിക്‌സഡ് ഡബിള്‍സിലുമായി ആറ് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ സാനിയ സ്വന്തമാക്കി. മിക്‌സഡ് ഡബിള്‍സിലായിരുന്നു ആദ്യ ഗ്രാന്‍ഡ്സ്ലാം നേട്ടം. 2009ല്‍ മഹേഷ് ഭൂപതിക്കൊപ്പമായിരുന്നു ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയത്. 2012ല്‍ ഈ സഖ്യം ഫ്രഞ്ച് ഓപ്പണും നേടി. 2014ല്‍ ബ്രൂണോ സോറസുമായി ചേര്‍ന്ന് യുഎസ് ഓപ്പണ്‍ ഗ്രാന്റ്സ്ലാം കിരീടവും സാനിയ സ്വന്തമാക്കി. തുടര്‍ന്ന് ഡബിള്‍സില്‍ സജീവമായ സാനിയ മാര്‍ട്ടിന ഹിംഗിസുമായി ചേര്‍ന്ന് 2015ലെ യുഎസ് ഓപ്പണ്‍, വിംബിള്‍ഡണ്‍, 2016ലെ ഓസ്‌ട്രേലയന്‍ ഓപ്പണ്‍ കിരീടങ്ങളും സ്വന്തമാക്കി. 2023 ഫെബ്രുവരിയിലാണ് ടെന്നീസിനോട് വിടപറഞ്ഞത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top