ശോഭന മത്സരത്തിനില്ല; തലസ്ഥാനത്ത് ബിജെപി സ്ഥാനാർത്ഥി ആകുമെന്ന വാർത്തകൾ തള്ളി താരം; ‘ചർച്ച പോലും ഉണ്ടായിട്ടില്ല’
തിരുവന്തപുരം: തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി നടി ശോഭന മത്സരിക്കുമെന്ന അഭ്യൂഹം തള്ളി അവരുമായി അടുത്ത കേന്ദ്രങ്ങള്‍. തൃശൂരില്‍ നടന്ന ബിജെപിയുടെ വനിതാ സംഗമത്തില്‍ ശോഭന പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ശോഭന സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹം ചര്‍ച്ചയാക്കിയത്. എന്നാല്‍ ശുദ്ധ അസംബന്ധം എന്നാണ് ശോഭനയുമായി ബന്ധപ്പെട്ട വൃത്തങ്ങളുടെ പ്രതികരണം.
ആരും തന്നെ ബന്ധപ്പെട്ടിട്ടില്ല. ഈ വാര്‍ത്ത തെറ്റാണെന്ന് ശോഭന തന്നെ അടുപ്പക്കാരെ അറിയിച്ചിട്ടുണ്ട്. പ്രധാന ന്യൂസ് ചാനലാണ് ശോഭനയെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കുമെന്ന് വാര്‍ത്ത നല്‍കിയിരുന്നത്. നേരത്തെ ചാലക്കുടിയില്‍ ഇടതു സ്ഥാനാര്‍ത്ഥിയായി മഞ്ജു വാര്യര്‍ മത്സരിക്കുമെന്നും പ്രചരണമുണ്ടായിരുന്നു. ഇതിലെ വസ്തുതയും നേരത്തെ മാധ്യമ സിന്‍ഡിക്കേറ്റ് പുറത്തു കൊണ്ടു വന്നിരുന്നു. മഞ്ജുവിന്റെ വാര്‍ത്ത നിഷേധിക്കലും മാധ്യമ സിന്‍ഡിക്കേറ്റിലൂടെയാണ് പുറം ലോകത്ത് എത്തിയത്. ഇതിന് സമാനമാണ് തിരുവനന്തപുരത്തെ ശോഭനയുടെ മത്സര വാര്‍ത്തയും.
കേരള സര്‍ക്കാരിന് കീഴിലെ കേരളീയം പരിപാടിയുടെ അംബാസിഡറാണ് ശോഭന. അതിന് ശേഷമാണ് ബിജെപിയുടെ വേദിയില്‍ എത്തിയത്. മോദിയുടെ സ്ത്രീ ശാക്തീകരണ പദ്ധതികളെ പുകഴത്തുകയും ചെയ്തു. അതുകൊണ്ട് കൂടിയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി ശോഭന മത്സരിക്കുമെന്ന വാര്‍ത്ത വ്യാപക ചര്‍ച്ചയായത്. ബിജെപി തിരുവനന്തപുരത്ത് ഇനിയും സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചിട്ടില്ല. ശശി തരൂരാണ് കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംപി. സിപിഐയ്ക്കായി പന്ന്യന്‍ രവീന്ദ്രനും. കേന്ദ്ര മന്ത്രിമാര്‍ അടക്കം ബിജെപിയുടെ പരിഗണനാ പട്ടികയിലുണ്ട്. എന്നാല്‍ ചിത്രം വ്യക്തമല്ലെന്നതാണ് വസ്തുത.
കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിലും തിരുവനന്തപുരത്ത് ബിജെപിയായിരുന്നു രണ്ടാമത്. ഒ രാജഗോപാലാണ് ഇടത് മുന്നണി സ്ഥാനാർത്ഥിയെ മൂന്നാമതാക്കി ആദ്യമായി രണ്ടാമത് എത്തിയത്. 2019ൽ പിന്നീട് കുമ്മനം രാജശേഖരനും ഇത് നിലനിർത്തി. ഹാട്രിക് വിജയം നേടിയ തരൂര്‍ നാലാം അങ്കത്തിനാണ് തിരുവനന്തപുരത്ത് എത്തുന്നത്. തരൂരിന് ഇത്തവണയും മുന്‍തൂക്കമുണ്ടെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ പാര്‍ട്ടി പറഞ്ഞാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്ന് താന്‍ തന്നെ മത്സരിക്കുമെന്ന് ശശി തരൂര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബിജെപി നേതൃത്വം ശോഭനയുമായി സംസാരിച്ചുവെന്നാണ് പ്രമുഖ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തിരുവനന്തപുരത്തെ പരിപാടികളില്‍ നിറസാന്നിധ്യമാകുന്ന താരം കൂടിയാണ് ശോഭന. മാത്രമല്ല, അവരുടെ കുടുംബ വോട്ടുകളും തിരുവനന്തപുരത്തുണ്ട്. ബിജെപിയുമായി നടി സൗഹൃദം പുലര്‍ത്തുന്നു എന്ന തരത്തിലുള്ള വിവരങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. കൊച്ചിയില്‍ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിക്ക് ശോഭന എത്തിയിരുന്നു; ഇങ്ങനെയായിരുന്നു ചാനല്‍ റിപ്പോര്‍ട്ട്. ഇതാണ് ശോഭന നിഷേധിക്കുന്നത്.
സമീപകാലത്തായി സിനിമാ മേഖലയില്‍ നിന്ന് ചിലര്‍ ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. നടന്‍ ദേവന്‍, മേജര്‍ രവി, നിര്‍മാതാവ് സുരേഷ് കുമാര്‍ എന്നിവരെല്ലാം ഇതില്‍പ്പെടും. കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, രാജീവ് ചന്ദ്രശേഖര്‍, വി മുരളീധരന്‍ എന്നിവരുടെ പേരുകള്‍ തിരുവനന്തപുരം മണ്ഡലത്തില്‍ കേട്ടിരുന്നു. മുരളീധരന്‍ ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് മല്‍സരിക്കുകയെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here