ബിജെപിയില്‍ ചേരാന്‍ ചര്‍ച്ച നടത്തിയത് ഇ.പി.ജയരാജനെന്ന് ശോഭാ സുരേന്ദ്രന്‍; നിഷേധിച്ച് ഇ.പി; പ്രകാശ് ജാവഡേക്കറെ ജയരാജൻ കണ്ടത് സ്ഥിരീകരിച്ച് ദല്ലാൾ നന്ദകുമാർ

ആലപ്പുഴ: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ രംഗത്ത്. ജയരാജന്‍ ബിജെപിയിലേക്ക് വരുന്നതില്‍ 90 ശതമാനം ചർച്ചകളും പൂർത്തിയായിരുന്നു. ജയരാജൻ ഭയപ്പെട്ട് പിന്മാറിയതാണെന്ന് ശോഭ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയ സിപിഎം നേതാവ് ഇ.പി.ജയരാജനാണെന്ന് കെ.സുധാകരൻ ആരോപിക്കുകയും ആരോപണം ഇപി തള്ളുകയും ചെയ്തതിന് പിന്നാലെയാണ് ആരോപണം സ്ഥിരീകരിച്ചുള്ള ശോഭയുടെ രംഗപ്രവേശം. ഇ.പി. ജയരാജന്‍റെ മകൻ അയച്ച വാട്സാപ്പ് സന്ദേശമുണ്ടെന്നും ശോഭ സുരേന്ദ്രൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

“ചില്ലറ ഭീഷണി ആയിരിക്കില്ല ജയരാജന് നേരെ വന്നത്. സ്വന്തം പ്രസ്ഥാനത്തിനകത്ത് പ്രവർത്തിക്കുന്നവർക്ക് എതിരെ പോലും ക്വട്ടേഷൻ കൊടുക്കാൻ മടിക്കാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. പിണറായിയെയും ആ സംഘടനയെയും ഭയപ്പെട്ടതുകൊണ്ടാണ് ജയരാജൻ ഒളിച്ചോടിയത്. ഇപിയുടെ മകന്റെ നമ്പറിലൂടെയാണ് തന്നെ ആദ്യം ബന്ധപ്പെട്ടത്. നോട്ട് മൈ നമ്പർ എന്ന് മകൻ വാട്ട്സ് ആപ്പിലൂടെ മെസേജ് അയച്ചു. ഇപിയുമായുള്ള ഡല്‍ഹി ചർച്ചക്ക് തനിക്ക് ടിക്കറ്റ് അയച്ചു തന്നത് നന്ദകുമാറാണ്.” – ശോഭ പറഞ്ഞു.

ഇപിയും ഭാര്യയും ജീവിച്ചിരിക്കണം എന്ന് തനിക്ക് ആഗ്രഹം ഉണ്ടെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. കൊച്ചി -കോയമ്പത്തൂർ, കോയമ്പത്തൂർ -ഡല്‍ഹി ടിക്കറ്റ് ആണ് നന്ദകുമാര്‍ നല്കിയതെന്ന് പറഞ്ഞ ശോഭ വാട്സാപ്പിൽ അയച്ച ടിക്കറ്റും ഹാജരാക്കി.

ഇ.പി.ജയരാജന്‍ ബിജെപിയിലേക്ക് പോകാന്‍ ശ്രമം നടത്തി എന്ന കെ.സുധാകരന്റെ ആരോപണം വന്നപ്പോള്‍ തന്നെ രൂക്ഷവിമര്‍ശനവുമായി ഇ.പി. രംഗത്തെത്തിയിരുന്നു. ബിജെപിയിലേക്കും ആർഎസ്എസിലേക്കും പോകേണ്ട ആവശ്യം തനിക്കില്ല. സുധാകരൻ സാധാരണ കഴിക്കുന്ന മരുന്ന് ഇന്നലെ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്. ഇന്ന് രാവിലെ അതിന്‍റെ തകരാറ് പ്രകടിപ്പിച്ചുകൊണ്ടാണ് ഞാൻ ബിജെപിയിലേക്ക് പോകുന്നു എന്ന് പറഞ്ഞത്. ഞാൻ അവർക്കെതിരെ പൊരുതി വന്നവനാണ്. എന്നെ കൊല്ലാൻ നിരവധി തവണ ആർഎസ്എസുകാർ ബോംബെറിഞ്ഞതാണ്.” – ഇ.പി. പറഞ്ഞു.

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനുമായി ബിജെപി നേതാവ് പ്രകാശ് ജാവഡേക്കർ കൂടിക്കാഴ്ച നടത്തിയിരുന്നെന്ന് ദല്ലാള്‍ നന്ദകുമാറും ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു. “ബിജെപി അഖിലേന്ത്യാ നേതാവിനെ കേരളത്തിലെ മുതിര്‍ന്നൊരു സിപിഎം നേതാവ് കണ്ടിരുന്നുവെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞത് ഇ.പി.ജയരാജനെ കുറിച്ചാണ്. തൃശൂരില്‍ സുരേഷ് ഗോപിയെ ജയിപ്പിക്കുകയാണെങ്കില്‍ എസ്എന്‍സി ലാവ്‌ലിന്‍ കേസും, വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട കേസും ഒഴിവാക്കിത്തരാമെന്ന് ജാവഡേക്കർ പറഞ്ഞു. പക്ഷെ ഇ.പി. ഈ ഓഫറുകള്‍ നിരസിച്ചു. എം.വി.ഗോവിന്ദന്റെ ജാഥ തൃശൂരിലെത്തിയപ്പോഴും ജാവഡേക്കർ തൃശൂര്‍ രാമനിലയത്തിലെത്തി ഇപിയെ കാണാന്‍ ശ്രമം നടത്തിയിരുന്നു. പക്ഷെ നടന്നിട്ടില്ല. അതിനെക്കുറിച്ചാണ് ശോഭ സുരേന്ദ്രന്‍ പറഞ്ഞത്. ജാവഡേക്കർ കാണാന്‍ വരുന്ന കാര്യം ഇ.പി.ജയരാജന് അറിയില്ലായിരുന്നു.” – നന്ദകുമാര്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top