ഡൽഹി ഗ്യാസ് ചേംബറായി മാറിയോ!! ഛത് പൂജയ്ക്ക് മുമ്പ് കാളിന്ദി കുഞ്ചിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ഛത് പൂജയ്ക്ക് മുമ്പ് ആശങ്ക സൃഷ്ടിച്ച് യമുനാ നദിയിൽ വിഷലിപ്തമായ നുരകൾ. മലിനീകരണ തോത് ഭയാനകമാം വിധം ഉയർന്ന നിലയിൽ തുടരുന്ന കാളിന്ദി കുഞ്ചിലാണ് അപകടകരമായ നുര അടിഞ്ഞുകൂടിയിരിക്കുന്നത്. ഇതിൻ്റെ ദൃശ്യങ്ങൾ ഇന്ന് വാർത്താ ഏജൻസിയായ എഎൻ ഐ പുറത്തുവിട്ടു. അന്തരീക്ഷ മലീനീകരണം ഉയർന്ന തോതിൽ തുടരുന്ന ഡൽഹിയെ ആശങ്കപ്പെടുത്തുന്നതാണ് പുറത്തു വന്ന ദൃശ്യങ്ങൾ. നവംബർ 6 മുതൽ 8 വരെയാണ് ഛത് പൂജ ആഘോഷങ്ങൾ. വിശ്വാസികൾ ഈ ദിവസങ്ങളിൽ പുണ്യനദികളിൽ മുങ്ങിക്കുളിക്കുകയും ഉപവസിക്കുകയും ചെയ്യുന്നതാണ് ആഘോഷത്തിൻ്റെ ഭാഗമായിട്ടുള്ള ചടങ്ങുകൾ.
പ്രശ്നത്തെ ലഘൂകരിക്കാൻ അധികൃതർ പ്രശ്നം ലഘൂകരിക്കാൻ കെമിക്കൽ ഡിഫോമറുകൾ ഉപയോഗിക്കുന്നതായും ആരോപണമുണ്ട്. ഡൽഹി ജൽ ബോർഡിൻ്റെ (ഡിജെബി) ടീമുകൾ ഓഖ്‌ല ബാരേജിന് ചുറ്റും ആൻ്റി-ഫോമിംഗ് ലായനികൾ തളിക്കാൻ തുടങ്ങിയെന്നായിരുന്നു റിപ്പോർട്ടുകൾ. ഇത് ഡിജെബി അധികൃതർ സ്ഥിരീകരിച്ചിരുന്നു. ഏകദേശം 12-15 ടൺ നേർപ്പിച്ച ആൻ്റി-ഫോമിംഗ് ലായനി പ്രയോഗിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായിട്ടാണ് റിപ്പോർട്ടുകൾ.
യമുന നദിയിലെ മലിനീകരണത്തിന് ആം ആദ്മി പാർട്ടി (എഎപി) ഉത്തരവാദികളാണെന്ന് ആരോപിച്ച് ബിജെപി നേതാവ് ഷെഹ്‌സാദ് പൂനവല്ല രംഗത്തെത്തി. അരവിന്ദ് കെജ്‌രിവാളും എഎപിയും നടത്തിയ അഴിമതിയുടെ നേരിട്ടുള്ള ഫലമാണ് ഈ നുര. ഡൽഹിയെ ഗ്യാസ് ചേംബറാക്കി മാറ്റിയതിന് ഉത്തരവാദി കെജ്‌രിവാളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ALSO READ: ഡൽഹി ലോകത്തിലെ ഏറ്റവും മലിനമായ നഗരം; കാരണമായത് ദീപാവലി ആഘോഷങ്ങൾ; 10 നഗരങ്ങളുടെ പട്ടിക
ഓരോ ശൈത്യകാലത്തും യമുനയിൽ വെളുത്ത നുര പ്രത്യക്ഷപ്പെടുന്നത് ആവർത്തിച്ചുള്ള പ്രശ്നമാണ്. നദിയിലെ ജലത്തിൽ ഉയർന്ന അളവിലുള്ള വിഷാംശത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. വ്യാവസായിക മലിനീകരണമാണ് ഇത്തരമൊരു അവസ്ഥയിലേക്ക് യമുനയെ എത്തിച്ചത്.
അതേസമയം ദീപാവലിക്ക് തൊട്ടുപിന്നാലെ ആഗോള അന്തരീക്ഷ മലിനീകരണ റാങ്കിംഗിൽ ഡൽഹി ഒന്നാമതെത്തിയതായി സ്വിസ് സ്ഥാപനമായ ഐക്യൂഎയർ (IQAir) വെളിപ്പെടുത്തിയിരുന്നു. പടക്കം പൊട്ടിക്കുന്നതിന് നിരോധനവും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടും ആളുകൾ കരിമരുന്ന് ഉപയോഗിച്ച് നടത്തിയ ആഘോഷങ്ങളാണ് അതിന് കാരണമായത്. രാജ്യതലസ്ഥാനത്തെ വായുവിൻ്റെ ഗുണനിലവാരം അപകടകരമായ നിലയിലേക്ക് ഉയർന്നതായിട്ടായിരുന്നു സ്വിസ് സ്ഥാപനത്തിൻ്റെ റിപ്പോർട്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here