പ്രായംതികയാത്ത അമ്മമാർ 12,939; ഞെട്ടിക്കുന്ന കണക്കുമായി സംസ്ഥാന സർക്കാർ; 15 വയസിൽ താഴെ ഏഴു പെൺകുട്ടികളും അമ്മമാരായി; ആരോഗ്യകേരളം തല കുനിക്കണം
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ പ്രസവങ്ങൾ മലയാളി സമൂഹത്തിന് കടുത്ത നാണക്കേടാവുന്ന കണക്കിലേക്ക്. 2022ൽ മാത്രം 15നും 19നുമിടയിൽ പ്രായമുള്ള പെൺകുട്ടികൾ 12,939 കുഞ്ഞുങ്ങൾക്ക് ജന്മം നല്കിയതായി ഞെട്ടിക്കുന്ന സർക്കാർ രേഖകൾ പുറത്തുവന്നു. മലപ്പുറം ജില്ലയിലാണ് ഇത്തരം പ്രസവങ്ങൾ ഏറെയും നടന്നിട്ടുള്ളത്. 2021ൽ ഇങ്ങനെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ 15,501 പ്രസവങ്ങൾ നടന്നതായാണ് കണക്ക്. എക്കാലത്തും കൊട്ടിഘോഷിക്കപ്പെട്ടിരുന്ന കേരളത്തിൻ്റെ ആരോഗ്യ നിലവാരത്തെ ഏറ്റവുമധികം പിന്നോട്ടടിക്കുന്ന പ്രവണതയുടെ സ്ഥിതിവിവരക്കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത് ഇക്കണോമിക് ആൻ്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പാണ്.
പ്രായപൂർത്തിയാവാത്ത അമ്മമാരുടെ ജാതി തിരിച്ചുള്ള കണക്കും സർക്കാർ പുറത്തുവിട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രസവങ്ങൾ ഏറ്റവും കൂടുതൽ നടന്നത് മുസ്ലീംവിഭാഗത്തിലാണ്. 7,412 കുഞ്ഞുങ്ങൾക്കാണ് പ്രായപൂർത്തിയാകാത്ത അമ്മമാർ ജന്മം നല്കിയത്. ഹിന്ദു, ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് യഥാക്രമം 4465, 417 കുഞ്ഞുങ്ങൾ ജനിച്ചിട്ടുണ്ട്. മറ്റ് മതവിഭാഗങ്ങളിൽ നിന്ന് 641 കുട്ടികളും ജനിച്ചിട്ടുണ്ട്. നാല് കുഞ്ഞുങ്ങളുടെ മതം രേഖപ്പെടുത്തിയിട്ടില്ല.
15 വയസിൽ താഴെയുള്ള ഏഴു പെൺകുട്ടികളിൽ അമ്മമാരായിട്ടുണ്ട് എന്ന അതീവ ഗുരുതരമായ കണക്കും മുഖ്യമന്ത്രിക്ക് കീഴിലുള്ള ഇക്കണോമിക് ആൻ്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് പുറത്തുവിട്ടതിലുണ്ട്. ഇവരിൽ അഞ്ചുപേർ ഹിന്ദു വിഭാഗത്തിൽ നിന്നാണ്. ഓരോന്ന് വീതം മുസ്ലീം, ക്രിസ്ത്യൻ വിഭാഗത്തിൽ പ്പെട്ടവരുമാണ്.
സ്ത്രീകളുടെ വിദ്യാഭ്യാസ നിലവാരവും ആരോഗ്യവും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഉന്നത നിലവാരം പുലർത്തുമ്പോഴാണ് അത്യന്തം സ്ഫോടനാത്മകമായ കണക്കുകൾ പുറത്തുവരുന്നത്. ഇങ്ങനെ പ്രസവിക്കുന്ന അമ്മമാരുടെ ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങി ദൈനംദിന ജീവിതത്തെയാകെ ഇത് ബാധിക്കൂമെന്നാണ് യുനിസെഫ് നൽകുന്ന മുന്നറിയിപ്പ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here