‘ഹിന്ദു ഭരണത്തിൽ മുസ്ലീങ്ങൾക്ക് ജീവിക്കാൻ കഴിയില്ല’; ലീഗ് നേതാവ് സീതി സാഹിബിൻ്റെ പ്രസംഗം ഉദ്ധരിച്ച് പി ജയരാജൻ; ഞെട്ടിക്കും വെളിപ്പെടുത്തൽ
സ്വാതന്ത്ര്യ സമരകാലത്ത് കേരളത്തിലെ മുസ്ലീം ലീഗ് നേതാക്കൾ സ്വസമുദായത്തെ തെറ്റിദ്ധരിപ്പിക്കും വിധത്തിലുള്ള പ്രചരണങ്ങൾ വ്യാപകമായി നടത്തിയിരുന്നതായി സിപിഎം നേതാവ് പി ജയരാജൻ്റെ പുസ്തകത്തിൽ ആരോപണം. ഇതിന് തെളിവായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്ന ഉദാഹരണം രാഷ്ട്രിയ കേരളത്തെ ഞെട്ടിക്കുന്നതാണ്. ആദ്യകാല മുസ്ലീം ലീഗ് നേതാവും കേരള നിയമസഭാ സ്പീക്കറുമായിരുന്നു കെ.എം സീതി സാഹിബിൻ്റെ വർഗീയച്ചുവയുള്ള പ്രസംഗമാണ് പുസ്തകത്തിൽ ഉദ്ധരിക്കുന്നത്. മുതിർന്ന സിപിഎം നേതാവ് പാലൊളി മുഹമ്മദ് കുട്ടിയെ ഉദ്ധരിച്ചു കൊണ്ടാണ് ജയരാജൻ ഇത് എഴുതിയിരിക്കുന്നത്. ഇന്നലെ കോഴിക്കോട്ട് നടന്ന പുസ്തകപ്രകാശന ചടങ്ങിൽ പാലോളി ഇത് ശരിവയ്ക്കുകയും ചെയ്തു.
ഇന്ത്യാ വിഭജനകാലത്ത് കേരളത്തിലെ മുസ്ലീം ലീഗ് നേതാവായ സീതി സാഹിബ് നടത്തിയ അത്യന്തം വിദ്വേഷം നിറഞ്ഞതും പ്രതിലോമകരവുമായ പ്രസംഗം പാലൊളി ഓർത്തെടുത്തു പറയുന്നതിങ്ങനെയാണ് – “സ്വാതന്ത്ര്യം കിട്ടുന്ന പക്ഷം ഇന്ത്യ ഭരിക്കുക ഹിന്ദുക്കളാണ്. ഹിന്ദുക്കളുടെ ഭരണത്തിൻ കീഴിൽ മുസ്ലീങ്ങൾക്കൊരിലും ജീവിക്കാൻ കഴിയില്ല”. ഹിന്ദുക്കൾ മുണ്ട് വലത്തോട്ടുടുക്കും, മുസ്ലീങ്ങൾ ഇടത്തോട്ടുടുക്കും. ഹിന്ദുക്കൾക്ക് ചാണകം പുണ്യമാണ്. മുസ്ലീങ്ങൾക്ക് അത് നജസ്സാണ് (നിരോധിക്കപ്പെട്ടതാണ്). ഈ രണ്ട് വിഭാഗം എങ്ങനെയാണ് ഒരു രാജ്യത്ത് ഒന്നിച്ച് ജീവിക്കുക.’ ഇത്തരം പ്രചരണം നടത്തിയവരാണ് ലീഗുകാരെന്നാണ് ജയരാജൻ പുസ്തകത്തിൽ വിമർശിക്കുന്നത്.
ഇന്നലെ കോഴിക്കോട് വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കിയ ‘കേരളം: മുസ്ലീം രാഷ്ടീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകത്തിൽ മുസ്ലീം ലീഗിൻ്റെ ഇരട്ടത്താപ്പുകളെ തുറന്നു കാണിക്കുന്നുണ്ട്. മുസ്ലീം നവോത്ഥാന നായകൻ എന്നാണ് സീതി സാഹിബ് അറിയപ്പെട്ടിരുന്നത്. വിദ്യാഭ്യാസമില്ലാത്ത കറകളഞ്ഞ മതവിശ്വാസികളായ മുസ്ലീം ജനങ്ങളിൽ ബഹുഭൂരിപക്ഷവും ലീഗിനൊപ്പം നിൽക്കാൻ കാരണം ഇത്തരം പ്രചരണങ്ങളായിരുന്നു എന്നാണ് ജയരാജൻ്റെ നിഗമനം. മതവികാരം ഇളക്കിവിടുന്ന രാഷ്ട്രീയമാണ് ലീഗ് എക്കാലവും പയറ്റുന്നത് എന്നാണ് ജയരാജൻ കുറ്റപ്പെടുത്തുന്നത്.
അബ്ദുൽ നാസർ മദനിക്ക് തീവ്രവാദബന്ധം ഉണ്ടെന്ന പുസ്തകത്തിലെ പരാമർശങ്ങൾ പ്രകാശനത്തിന് മുൻപ് തന്നെ വിവാദമായിരുന്നു. പുസ്തകം പ്രകാശനം ചെയ്യുന്ന മുഖ്യമന്ത്രി ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന കൌതുകം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ കോഴിക്കോട്ട് പിണറായി വിജയൻ നടത്തുന്ന പരാമർശം കേൾക്കാൻ രാഷ്ട്രിയ കേരളം ആകാംക്ഷയോടെ കാത്തിരുന്നു. അതിനിടെയാണ് പുസ്തകത്തിൽ മറ്റൊരു ഭാഗത്ത് പരാമർശ വിധേയമായ ജമാ അത്തെ ഇസ്ലാമിയുടെ വിഷയം ഏറ്റുപിടിച്ച് മുഖ്യമന്ത്രി കത്തിക്കയറിയത്. ഇതിനൊപ്പം മുഖ്യമന്ത്രി നടത്തിയ ലീഗ് വിമർശനത്തിന് പ്രതികരണവുമായി ഇ ടി മുഹമ്മദ് ബഷീർ അടക്കം നേതാക്കൾ രംഗത്ത് എത്തിയിട്ടുണ്ട്. സീതി സാഹിബിനെ പ്രതിരോധിക്കാനും ഇനി ലീഗ് രംഗത്തിറങ്ങേണ്ടി വരും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here