നെഞ്ചിൻകൂട് തകർത്തു, വൃഷണങ്ങളിൽ ഷോക്കേൽപിച്ചു; കന്നഡ സൂപ്പർസ്റ്റാർ ദർശനെതിരായ കുറ്റപത്രത്തിൽ നടുക്കുന്ന വിവരങ്ങൾ

ആരാധകനായ രേണുകാസ്വാമിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ കന്നഡ സൂപ്പർസ്റ്റാർ ദർശൻ അടക്കമുള്ള പ്രതികൾക്കെതിരെ കർണാടക പോലീസ് കുറ്റപത്രം സമർപ്പിച്ചു. അതിക്രൂര കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് കുറ്റപത്രത്തിലുള്ളത്. ദർശന്റെയും സംഘത്തിന്റെയും മർദനത്തിൽ രേണുകാസ്വാമിയുടെ നെഞ്ചിലെ എല്ലുകൾ തകർന്നു. ശരീരത്തിലുടനീളം 39 മുറിവുകൾ ഉണ്ടായിരുന്നു. തലയിലും ആഴത്തിലുള്ള മുറിവുണ്ടായിരുന്നതായി കുറ്റപത്രത്തിലുണ്ട്.

രേണുകാസ്വാമിയുടെ സ്വകാര്യഭാഗങ്ങളിൽ ഷോക്ക് ഏൽപ്പിക്കാൻ മെഗ്ഗർ മെഷീൻ എന്ന വൈദ്യുത ഉപകരണം സംഘം ഉപയോഗിച്ചു. രേണുകാസ്വാമിയുടെ വൃഷണത്തിൽ മുറിവേൽപ്പിക്കാനാണ് ദർശനും സംഘവും മെഗർ ഉപകരണം ഉപയോഗിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ക്രൂര കൊലപാതകത്തിനുശേഷം ദർശനും മറ്റു പ്രതികളും സ്വാധീനവും പണവും ഉപയോഗിച്ച് മൃതദേഹം സംസ്കരിക്കാനും തെളിവ് നശിപ്പിക്കാനും ശ്രമിച്ചതായും കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ മറ്റു വ്യക്തികൾക്ക് പണം നൽകിയതായും കുറ്റപത്രത്തിൽ പറയുന്നുണ്ട്.

ജൂൺ എട്ടിനാണ് ദർശന്റെ ആരാധകനും ഫാർമസി ജീവനക്കാരനുമായ ചിത്രദുർഗ സ്വദേശി രേണുകാസ്വാമിയെ അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. ദർശന്റെ നിർദേശപ്രകാരം കൊലയാളി സംഘം രേണുകാസ്വാമിയെ തട്ടിക്കൊണ്ടുപോയി ബെംഗളൂരു പട്ടണഗരെയിലെ പാര്‍ക്കിങ് കേന്ദ്രത്തിലെത്തിച്ച് മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട്, മൃതദേഹം കാമാക്ഷിപാളയിലെ മലിനജല കനാലിൽ തള്ളി.

ദര്‍ശനും പവിത്ര ഗൗഡയും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്ത് രേണുകാസ്വാമി പവിത്രയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ സന്ദേശം അയച്ചതായിരുന്നു കൊലപാതകത്തിനുള്ള കാരണം. കേസിൽ ദ​ർ​ശ​ന്‍റെ സു​ഹൃ​ത്തും ന​ടി​യു​മാ​യ പ​വി​ത്ര ഗൗ​ഡ അ​ട​ക്കം 17 പ്ര​തി​കളാണുള്ളത്. ഇവരെല്ലാം ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡിയിലാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top